ബംഗളൂരു: ബംഗളൂരുവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യുടെ എ.ടി.എം മെഷീൻ മോഷ്ടിക്കപ്പെട്ടു. എ.ടി.എമ്മിൽ നിന്ന് പണം മോഷ്ടിക്കുന്നത് തുട൪ക്കഥയായ നാട്ടിലാണ് യന്ത്രം തന്നെ മോഷ്ടിക്കപ്പെട്ടത്. ബംഗളൂരിന്റെ വടക്ക് കിഴക്കൻ പ്രാന്തപ്രദേശത്തുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മാണ് ആറ് പേരടങ്ങുന്ന സംഘം മോഷ്ടിച്ചത്. രാത്രി പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് ബാങ്കിന് മുന്നിലുള്ള എ.ടി.എമ്മിലെ യന്ത്രം മോഷ്ടിക്കപ്പെട്ടതായി ആദ്യം കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണ൪ ടി.ആ൪ സുരേഷ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഏകദേശം 10-15 ലക്ഷം രൂപ വരെ എ.ടി.എമ്മിലുണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്ക് ബ്രാഞ്ച് മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 500കി.ഗ്രാം ഭാരമുള്ള എ.ടി.എം വേണ്ടത്ര ഉറപ്പില്ലാതെയാണ് നിലത്ത് ഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എ.ടി.എം കൗണ്ടറിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ വയറുകൾ മുറിച്ച് മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്. എ.ടി.എമ്മിനടുത്ത് സുരക്ഷാ ഉദ്യോഗസ്ഥ൪ ഉണ്ടായിരുന്നില്ല.
ബാങ്ക് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. എ.ടി.എം മെഷീന്റെ സുരക്ഷക്ക് വേണ്ട നടപടികളൊന്നും ബാങ്ക് എടുത്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. സി.സി.ടി.വിയുടെ വയറ് മുറിച്ച് മാറ്റുന്നതിന് മുമ്പ് പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് സംഘത്തിൽ ആറു പേരുണ്ടായിരുന്നുവെന്നും മറ്റുമുള്ള വിവരങ്ങൾ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.