തിരുവനന്തപുരം: രൂക്ഷമായ പ്രതിസന്ധി നേരിടാൻ അധികവൈദ്യുതി നൽകണമെന്ന സംസ്ഥാന ആവശ്യം കേന്ദ്ര സ൪ക്കാ൪ തള്ളി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ഊ൪ജ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സംസ്ഥാനത്തിന് കത്തയച്ചു.
വൈദ്യുതി നിയന്ത്രണം മഴ ശക്തമാകുന്നതുവരെ നീട്ടണമെന്ന ബോ൪ഡിൻെറ ആവശ്യത്തിൽ റെഗുലേറ്ററി കമീഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ജൂൺ 30 വരെയെങ്കിലും നിയന്ത്രണം വേണമെന്നാണ് ബോ൪ഡ് നിലപാട്. കായംകുളം താപനിലയത്തിൽനിന്ന് കൂടിയ വിലയ്ക്ക് 380 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതുനിമിത്തം കെ.എസ്.ഇ.ബിക്ക് വലിയനഷ്ടം ഉണ്ടാകുന്നുവെന്നും ഇത് നികത്താൻ എൻ.ടി.പി.സിയുടെ മറ്റ് നിലയങ്ങളിൽനിന്ന് 200 മെഗാവാട്ടെങ്കിലും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണമെന്നുമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. കായംകുളം വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ഒപ്പുവെച്ച കരാ൪ എൻ.ടി.പി.സിയുടെ താൽപര്യം സംരക്ഷിക്കാൻ മാത്രമാണെന്ന ആരോപണവുമുണ്ടായിരുന്നു.
സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിൽ പരിഹരിക്കാൻ സംസ്ഥാന റെഗുലേറ്ററി കമീഷനെ സമീപിക്കണമെന്നാണ് കേന്ദ്ര സഹമന്ത്രി സൂചിപ്പിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഊ൪ജപ്രതിസന്ധി ഏറ്റവുംകുറവ് കേരളത്തിലാണെന്ന വാദവും സിന്ധ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. കേരളത്തിലെ ഊ൪ജക്ഷാമ തോത് 4.1 ശതമാനമാണ്. പീക്ക് സമയങ്ങളിലെ ഊ൪ജക്ഷാമം കേരളത്തിൽ 8.8 ശതമാനമാണെങ്കിൽ ആന്ധ്രയിൽ അത് 19.2 ശതമാനവും ക൪ണാടകത്തിൽ 13.5 ശതമാനവും തമിഴ്നാട്ടിൽ 12.3 ശതമാനവുമാണ്. എന്നാൽ, കേരളത്തിൻെറ ഊ൪ജക്ഷാമ കണക്കിൽ കുറവുവന്നത് 20 ശതമാനം നിയന്ത്രണവും ഒന്നര മണിക്കൂ൪ ലോഡ് ഷെഡിങ്ങും ഏ൪പ്പെടുത്തിയശേഷമണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.