കണ്ണൂ൪: മോഷണം നടന്നാൽ പരാതിയുണ്ടാകരുതെന്ന് അധ്യാപകനായ മനോജിനും മരുമകനായ അമലിനും നി൪ബന്ധമുണ്ട്. നാലഞ്ചുവ൪ഷമായി തങ്ങൾ നടത്തിയ നിരവധി മോഷണങ്ങളിൽ ഒന്നിനുപോലും പൊലീസിൽ പരാതി ലഭിച്ചിരുന്നില്ല. കാരണം മോഷണത്തിന് ഇരയായവ൪ പോലും അത് അറിഞ്ഞിരുന്നില്ല എന്നതായിരുന്നു വസ്തുത. മനോജിനെയും അമലിനെയും ഒടുവിൽ നാട്ടുകാ൪ പിടികൂടിയപ്പോഴാണ് കള്ളി വെളിച്ചത്താകുന്നത്. മാവിലാക്കാവിൽ നിന്ന് വിഗ്രഹത്തിലെ താലി മോഷ്ടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടപ്പോഴാണ് പണിപാളിയത്. പട്ടാപ്പകൽ ക്ഷേത്രത്തിൽ കയറുക, അവിടെ ഒരു പുഷ്പാഞ്ജലിയോമറ്റോ കഴിപ്പിക്കുക, പിന്നാലെ മോഷണവും. ഇവരെ പിടികൂടിയ എടക്കാട് പൊലീസ് ഇതിനെ വിളിക്കുന്നത് ഒരു ‘ഓപൺ കള്ളൻ സ്റ്റൈൽ’ എന്നാണ്.
വയനാട് പടിഞ്ഞാറെത്തറ ചെന്നലോട് പൂളക്കണ്ടിയിലെ പി.കെ. മനോജും (38) ഇയാളുടെ സഹോദരിയുടെ മകൻ കൽപറ്റ കോട്ടത്തറ കൃഷ്ണപുരത്തെ അമലും (19)ആണ് മാവിലാക്കാവിൽ പട്ടാപ്പകൽ മോഷണത്തിനിടയിൽ ഏതാനും ദിവസം മുമ്പ് എടക്കാട് പൊലീസിൻെറ പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ‘മാന്യമായ’ മോഷണ പരമ്പരയുടെ കഥ പുറത്തായത്. മനോജ് വയനാട്ടിലെ അൺ എയ്ഡഡ് സ്കൂളിൽ അധ്യാപകനാണ്. ശമ്പളം ജീവിക്കാൻ തികയും. അടിച്ചുപൊളിക്കാൻ വേറെ പണം കണ്ടെത്താനുള്ള മാ൪ഗമാണ് മോഷണം. അത്യാവശ്യം ധൂ൪ത്തിനുള്ള കാശിനു മാത്രം മോഷണം ശീലിച്ചു. മോഷണത്തിൽ രഹസ്യസ്വഭാവം നിലനി൪ത്തുന്നതിനാണ് മരുമകനായ അമലിനെ തന്നെ കൂടെ ചേ൪ത്തത്.
ക്ഷേത്രങ്ങളിൽ മാത്രമാണ് മോഷണം. അതും വിശ്വാസികൾക്ക് എത്തിപ്പെടാൻ പറ്റുന്ന വിഗ്രഹങ്ങൾ ഉള്ള സ്ഥലങ്ങളിൽ. ദൈവത്തിന് നിവേദിക്കുന്ന ചെറുതാലി, ചെറിയ ഓട്ടുവിളക്ക്, തുടങ്ങിയവ നഷ്ടപ്പെട്ടാൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പൊലീസിലൊന്നും പോയി പരാതി നൽകി സമയം കളയില്ലെന്ന് അറിയാവുന്നതിനാലാണ് ഈ രീതിയിലുള്ള മോഷണം നടത്തുന്നത്. മോഷ്ടിക്കാനിറങ്ങിയാൽ നി൪ദിഷ്ട ക്ഷേത്രത്തിൽ ഒരു പുഷ്പാഞ്ജലി കഴിപ്പിക്കും. അതിനിടയിൽ വിഗ്രഹത്തിൽ നിവേദിച്ചിരിക്കുന്ന വെള്ളി, സ്വ൪ണം, ഓട് എന്നീ സാധനങ്ങൾ അടിച്ചുമാറ്റും.
മനോജ് പരിസരം വീക്ഷിക്കുമ്പോൾ അമൽ മോഷണം നടത്തും. അരപവൻ, ഒരു പവൻ വരുന്ന സ്വ൪ണ താലികൾ, വെള്ളിയാഭരണങ്ങൾ എന്നിവ മാത്രമേ മോഷ്ടിക്കുകയുള്ളൂ. പഞ്ചലോഹ വിഗ്രഹങ്ങളുള്ള ക്ഷേത്രങ്ങളിൽപെട്ടാലും മോഷ്ടിക്കില്ല. മോഷണം പകൽമാത്രം എന്ന പ്രത്യേകതയുമുണ്ട്.
വയനാട് കണിച്ചാറിൽ വിഗ്രഹത്തിൻെറ താലി മോഷ്ടിച്ചുവെങ്കിലും ആരും അറിഞ്ഞില്ല. പത്ത് ക്ഷേത്രങ്ങളിൽ താലി മോഷണം നടത്തിയതായി മനോജും അമലും എടക്കാട് പൊലീസിനോട് പറഞ്ഞു. പൊലീസ് ഈ ക്ഷേത്രങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും അവിടെ മോഷണം നടന്നതായി ആരും പരാതി നൽകിയിട്ടില്ല. കണ്ണൂ൪ ജില്ലയിലെ കുന്നുഞ്ചാൽ മുത്തപ്പൻ ക്ഷേത്രം, പിണറായി രാമപുരം ശിവക്ഷേത്രം, കണിച്ചാ൪ സുബ്രഹ്മണ്യക്ഷേത്രം, വയനാട് മീനങ്ങാടിയിലെ മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം, അഞ്ചുകുന്ന് ജൈനക്ഷേത്രം, പൊങ്ങിണി പരദേവതാ ഭദ്രകാളി പുമ്മിലമ്മ ക്ഷേത്രം, വരദൂ൪ അനന്തനാഥ ക്ഷേത്രം, വെണ്ണിയോട് ജൈനക്ഷേത്രം എന്നിവിടങ്ങളിൽ തങ്ങൾ മോഷണം നടത്തിയെന്ന് ഇവ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.