കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കൊടി സുനിയടക്കം ആറുപേരെ മുടക്കോഴി പെരിങ്ങാനം മലയിൽവെച്ച് അറസ്റ്റ് ചെയ്യുമ്പോൾ നാടൻ റിവോൾവറും ഉറയോടുകൂടിയ കഠാരയും രണ്ട് പ്രതികളിൽനിന്ന് കണ്ടെടുത്തതായി മൊഴി. കേസന്വേഷിച്ച പ്രത്യേക സംഘാംഗം കൊളവല്ലൂ൪ സ്റ്റേഷൻ സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ 138ാം സാക്ഷി സി. സുനിൽ കുമാറാണ് മാറാട് പ്രത്യേക അഡീ. സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടി മുമ്പാകെ മൊഴി നൽകിയത്.
2012 ജൂൺ 13ന് പുല൪ച്ചെയാണ് പൊലീസ് സംഘം ഇരിട്ടി പൊലീസ് സ്റ്റേഷൻ അതി൪ത്തിയിലുള്ള പെരിങ്ങാനം മലയിലെത്തിയതെന്ന് സ്പെഷൽ പ്രോസിക്യൂട്ട൪ അഡ്വ. പി. കുമാരൻ കുട്ടിയുടെ വിസ്താരത്തിൽ സുനിൽ കുമാ൪ മൊഴി നൽകി. രാത്രി 12 മണിയോടെ മാഹി ഗെസ്റ്റ് ഹൗസിൽനിന്ന് പുറപ്പെട്ട് പുല൪ച്ചെ 1.30ഓടെ മുഴക്കുന്നുള്ള സ൪വീസ് സഹ. ബാങ്ക് പരിസരത്തെത്തി. അവിടെവെച്ച് ഡിവൈ.എസ്.പി സ്ഥലം പരിചയമുള്ള പ്രതി ജിഗേഷിനെയും കൂട്ടി പുല൪ച്ചെ 3.30ഓടെ നാല് കിലോമീറ്ററോളം നടന്ന് പ്രതികൾ ഒളിച്ചുകഴിഞ്ഞ ഷെഡിലെത്തി. പൊലീസ് വളഞ്ഞ് ടോ൪ച്ചുമായി ഷെഡിൽ കയറിയപ്പോൾ അഞ്ചുപേ൪ ശബ്ദമുണ്ടാക്കുന്നത് കേട്ടു. തലശ്ശേരി ഡിവൈ.എസ്.പിയാണ് എന്ന് വിളിച്ച് പറഞ്ഞപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ പിടികൂടി ദേഹപരിശോധന നടത്തി. രണ്ടാം പ്രതി കി൪മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ഇവരെ ഒളിച്ച് താമസിക്കാൻ സഹായിച്ച 48ാം പ്രതി ശ്രീജിത്ത്, 49ാം പ്രതി സുധീഷ്, 50ാം പ്രതി പി. ജിഗേഷ് എന്നിവരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ആറ് പ്രതികളെയും സുനിൽ കുമാ൪ കോടതിയിൽ തിരിച്ചറിഞ്ഞു.
പ്രതികൾക്കൊപ്പം താമസിച്ച ശ്രീജിത്തിൻെറ കൈവശം നിന്നാണ് നാടൻ റിവോൾവ൪ കണ്ടെടുത്തത്. സുധീഷിൽ നിന്ന് കഠാരയും കണ്ടെടുത്തു. മുഴക്കുന്ന് സ൪വീസ് സഹ. ബാങ്ക് വാച്ച്മാനാണ് 50ാം പ്രതി ജിഗേഷ്. പ്രതികളെ തിരഞ്ഞുപോകുമ്പോൾ കനത്ത മഴയുണ്ടായിരുന്നുവെന്നും സുനിൽ കുമാ൪ മൊഴി നൽകി. പെരിങ്ങാനം മലയിൽ പോകുന്നതിന് മുമ്പുതന്നെ പിടികൂടിയ പ്രതികളെ അന്യായമായി തടങ്കലിൽ വെക്കുകയായിരുന്നുവെന്ന പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ളയുടെ വാദം സുനിൽ കുമാ൪ നിഷേധിച്ചു. പ്രത്യേക അന്വേഷണ സംഘം ഓഫിസിലിരുന്ന് തയാറാക്കിയ രേഖകളിൽ സുനിൽ കുമാറും മറ്റും ഒപ്പിടുകയായിരുന്നുവെന്ന വാദവും സാക്ഷി നിഷേധിച്ചു. പ്രതികൾ താമസിച്ചതായി പറയുന്ന ഷെഡിൽ മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് കാണിക്കുന്നതിന് തെളിവൊന്നും പൊലീസ് ശേഖരിച്ചില്ല. ഷെഡ് നിന്ന സ്ഥലം സ൪ക്കാ൪ ഭൂമിയായിരുന്നുവോയെന്നും ഇത് നിരന്തരം ഫോറസ്റ്റ് ഗാ൪ഡ് കാവലുള്ള സ്ഥലമായിരുന്നുവോ എന്നുമുള്ള ചോദ്യത്തിന് അറിയില്ലെന്ന് സുനിൽ കുമാ൪ മൊഴിനൽകി. കഠാര ആ൪ക്കും മാ൪ക്കറ്റിൽനിന്ന് കിട്ടുന്നയിനമല്ലേ എന്ന പ്രതിഭാഗം ചോദ്യത്തിന് ഗാ൪ഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നയിനം കഠാരയല്ല ഇതെന്നും സുനിൽ കുമാ൪ മൊഴിനൽകി. അറസ്റ്റ് ചെയ്ത വിവരം പ്രതികളുടെ ബന്ധുക്കളെ അറിയിച്ചിരുന്നുവെങ്കിലും ആരാണ് അറിയിച്ചതെന്നറിയില്ല. സംഭവസ്ഥലത്തുവെച്ച് തയാറാക്കിയതായി പറയുന്ന പ്രതികളുടെ അറസ്റ്റ് മെമ്മോയിൽ ഡിവൈ.എസ്.പിയുടെ പേരും സാക്ഷി സുനിൽ കുമാറിൻെറ പേരിൻെറ ഇനീഷ്യലും പലവിധം വന്നതിനെപ്പറ്റിയും പ്രതിഭാഗം ചോദ്യമുന്നയിച്ചു.
അഡ്വ. പി.വി. ഹരി, അഡ്വ. കെ. ഗോപാലകൃഷ്ണകുറുപ്പ്, അഡ്വ. അജിത് കുമാ൪, എന്നിവരും സാക്ഷി വിസ്താരം നടത്തി. ഇന്നലെ വിസ്തരിക്കേണ്ടിയിരുന്ന 236ാം സാക്ഷി ചോമ്പാല സി.ഐ ജെ.ഇ. ജയൻ, ചൊക്ളി സ്റ്റേഷൻ സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ എം.സി. ലീലാധരൻ എന്നിവരെ പ്രോസിക്യൂഷൻ ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.