ഇനിയവര്‍ തളരില്ല; വിളക്കായി ശിഹാബ് മുന്നിലുണ്ട്

കോഴിക്കോട്: വെള്ളിമാട്കുന്ന്  ചിൽഡ്രൻസ് ഗേൾസ് ഹോം ഓഡിറ്റോറിയത്തിൽ തിങ്ങിക്കൂടിയ 250 കുട്ടികളുടെ മുഖത്ത് പതിവിലേറെ  വെളിച്ചമുണ്ടായിരുന്നു. കണ്ണുകളിൽ പ്രതീക്ഷയും. കാരണം, അവരോട് സംസാരിക്കുന്നത് തങ്ങളെപ്പോലെ ജീവിതത്തിൻെറ ദുരന്തമുഖങ്ങൾ താണ്ടി വിജയതീരമണഞ്ഞ ഐ.എ.എസ് ഓഫിസറാണ്. മലപ്പുറം എടവണ്ണപ്പാറയിൽനിന്ന് വിശപ്പിൻെറയും അനാഥത്വത്തിൻെറയും വീഥികൾ താണ്ടി ഐ.എ.എസ് നേടി,  നാഗാലാൻഡ് ഭീമാപ്പൂ൪ ജില്ലയിൽ അസി. കലക്ടറായ  മുഹമ്മദലി ശിഹാബാണ് അതിഥി.
കോഴിക്കോട് ഗവ. സാമൂഹിക ക്ഷേമ കോംപ്ളക്സിലെ ഹോമുകളിൽനിന്ന് എസ്.എസ്.എൽ.സി , പ്ളസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മികച്ച മാ൪ക്ക് നേടിയവ൪ക്കുള്ള അവാ൪ഡ് ദാനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ശിഹാബിൻെറ കഥ കുട്ടികൾക്ക് വിസ്മയമായി.  ദരിദ്ര കുടുംബത്തിൽ ജനിച്ച്, ചെറുപ്പത്തിലേ  പിതാവിനെ നഷ്ടപ്പെട്ട്  അനാഥാലയത്തിൽ പന്ത്രണ്ട് വ൪ഷം വള൪ന്ന് ദൃഢനിശ്ചയത്താൽ ജീവിതലക്ഷ്യം നേടിയ കഥ. പതിനൊന്നാം വയസ്സിൽ മുക്കം മുസ്ലിം യതീംഖാനയിൽ മാതാവ് ചേ൪ക്കുമ്പോൾ ഒരു ഇരുമ്പു പെട്ടിയും ഉടുത്ത വസ്ത്രങ്ങളും മാത്രമായിരുന്നു തുണ.  എസ്.എസ്.എൽ.സിക്ക്  ഡിസ്റ്റിങ്ഷനോടെ പാസായതോടെയാണ് ശിഹാബ് നാടിൻെറ വിളക്കായത്.
വീട്ടിലെ പ്രാരബ്ധങ്ങൾ വള൪ന്നപ്പോൾ  കോളജിൽ പഠനം  നടന്നില്ല. വീടുപോറ്റാൻ  മലപ്പുറത്തെ അൺഎയ്ഡഡ് സ്കൂളിൽ അധ്യാപകനായി. ബിരുദം  പ്രൈവറ്റായി എഴുതി മികച്ച വിജയം നേടി. അക്കാലത്ത് 21 പി.എസ്. സി പരീക്ഷകൾ എഴുതി. 21 ലും യോഗ്യത നേടി.വാട്ട൪ അതോറിറ്റിയിൽ പ്യൂണും  പഞ്ചായത്ത് വകുപ്പിൽ എൽ.ഡി. ക്ള൪ക്കും സ്കൂൾ അധ്യാപകനുമായി. പിന്നീട് ഐ. എ.എസിൻെറ കൊടുമുടി കയറിയിട്ടും  പഠനം വിടുന്നില്ല. മദ്രാസ് യൂനിവേഴ്സിറ്റിയുടെ എം.എ ഹിസ്റ്ററി  വിദ്യാ൪ഥിയാണ്് ഇപ്പോഴും.
വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ ചിൽഡ്രൻസ് ഹോമിലെ 32 വിദ്യാ൪ഥികൾക്ക് മുഹമ്മദലി ശിഹാബ് അവാ൪ഡുകൾ വിതരണം ചെയ്തു.  കഴിഞ്ഞ ഐ.എ.എസ് പരീക്ഷയിൽ 24ാം റാങ്ക് നേടിയ എസ്. അശ്വതിയായിരുന്നു ചടങ്ങിലെ മറ്റൊരതിഥി. ജുവനൈൽഹോമിൽ പഠിച്ച് ഹെഡ്മാസ്റ്ററായി വിരമിച്ച തങ്കപ്പൻ മാസ്റ്ററായിരുന്നു അതിഥികൾക്ക് ഉപഹാരം നൽകിയത്.
എൻ.പി.സി. അബൂബക്ക൪ അധ്യക്ഷത വഹിച്ചു.  കോഴിക്കോട് സബ്ജഡ്ജ് ആ൪.എൽ. ബൈജു,  കെ. സുബ്രഹ്മണ്യൻ, സുഭദ്ര, മുരളീധരൻ, പി. വിശ്വനാഥൻ, എന്നിവ൪ സംസാരിച്ചു. വി.പുഷ്പ സ്വാഗതവും പി. സിദ്ദീഖ് നന്ദിയും പറഞ്ഞു. മുഹമ്മദലി ശിഹാബിനെക്കുറിച്ച് വിക്ടേഴ്സ് ചാനൽ തയാറാക്കിയ ഓ൪ഫനേജ് ടു ഐ. എ. എസ് ഡോക്യുമെൻററിയും പ്രദ൪ശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.