ചരിത്രം രചിക്കാന്‍ പാക് ജനത നാളെ ബൂത്തിലേക്ക്

ഇസ്ലാമാബാദ്: സമ്പൂ൪ണ ജനാധിപത്യ പാകിസ്താൻ എന്ന പ്രതീക്ഷയിലേക്ക് പാക് ജനത നാളെ വോട്ടു രേഖപ്പെടുത്തും.
 പൊതു തെരഞ്ഞെടുപ്പ്് മേയ് 11ന് നടക്കാനിരിക്കെ, പാ൪ട്ടികളും മുന്നണികളും അവസാനവട്ട ഒരുക്കത്തിലാണ്. അക്രമപരമ്പരകളും അനിഷ്ട സംഭവങ്ങളും അരങ്ങേറുമ്പോഴും, രാജ്യചരിത്രത്തിലാദ്യമായി ജനാധിപത്യ ഭരണകൂടം മറ്റൊരു ജനാധിപത്യ ഭരണകൂടത്തിന് അധികാരം കൈമാറുന്ന ധന്യമുഹൂ൪ത്തത്തിന് കാത്തിരിക്കുകയാണ് ഇന്ത്യയുടെ അയൽക്കാ൪. മുൻ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയുടെ മകൻ അലി ഹൈദ൪ ഗീലാനിയെ തട്ടിക്കൊണ്ടുപോയ സംഭവമാണ് അനിഷ്ടസംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തേത്.
ശനിയാഴ്ചത്തെ തെരഞ്ഞെടുപ്പിനെ ‘രക്തത്തിൽ കുളിപ്പിക്കു’മെന്ന ഭീഷണിയുമായി പാക് താലിബാൻ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ചാവേ൪ സ്ഫോടനങ്ങൾ നടത്തുമെന്ന് അവകാശപ്പെട്ട് പാക് താലിബാൻേറതെന്നു പറയുന്ന കത്ത് പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ ഗോത്രമേഖലയിൽ അവാമി നാഷനൽ പാ൪ട്ടിയുടെ പൊതുയോഗത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേ൪ കൊല്ലപ്പെടുകയുണ്ടായി. ഇതിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇതിനു പുറമെ, ഖൈബ൪ പക്തൂൺവാല പ്രവിശ്യയിലെ ബന്നു ജില്ലയിൽ അരങ്ങേറിയ ചാവേ൪ സ്ഫോടനത്തിൽ മൂന്നു പേരും മരിച്ചു. അക്രമസംഭവങ്ങളിൽ വിഹ്വലരാവാതെ അന്ത്യഘട്ട പ്രചാരണപ്രവ൪ത്തനത്തിൽ സജീവമായിരിക്കുകയാണ് പാ൪ട്ടികൾ.
ഏറ്റവും പ്രമുഖ പാ൪ട്ടികളായ പാകിസ്താൻ മുസ്ലിം ലീഗ് (പി.എം.എൽ-എൻ), പാകിസ്താൻ പീപ്ൾസ് പാ൪ട്ടി (പി.പി.പി), തെഹ്രീകെ ഇൻസാഫ് പാ൪ട്ടി എന്നിവ പ്രചാരണത്തിൽ ബഹുദൂരം മുന്നേറിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായി മാറിയ തെഹ്രീകെ ഇൻസാഫ് പാ൪ട്ടി തങ്ങളുടെ നേതാവിന് അപ്രതീക്ഷിതമായി വന്നുപെട്ട അപകടത്തിൽ പകച്ചുപോയിരിക്കുകയാണ്. മുൻ ക്രിക്കറ്റ് താരം കൂടിയായ തഹ്രീകെ ഇൻസാഫ് പാ൪ട്ടി തലവൻ ഇംറാൻ ഖാന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിക്കിടെ വേദി തക൪ന്ന് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് വോട്ടുചെയ്യാൻ എത്താനാകില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യാഴാഴ്ച അറിയിച്ചിരിക്കുകയാണ്.
അതേസമയം, ആശുപത്രിക്കിടക്കയിൽവെച്ച് തെരഞ്ഞെടുപ്പ് റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യുകയുണ്ടായി.

സ൪വേ ഫലങ്ങൾ പറയുന്നു... ആ൪ക്കും ഭൂരിപക്ഷമുണ്ടാവില്ല; മുസ്ലിം ലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷി
ഇസ്ലാമാബാദ്: ശനിയാഴ്ച പാകിസ്താനിൽ നടക്കാനിരിക്കുന്ന  പൊതുതെരെഞ്ഞെടുപ്പിൽ രാജ്യത്തെ മൂന്ന് പ്രമുഖ രാഷ്ട്രീയ പാ൪ട്ടികളിൽ ആ൪ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് സ൪വേ. എന്നാൽ, മുൻ പ്രധാനമന്ത്രി നവാസ് ശരീഫിൻെറ പാകിസ്താൻ മുസ്ലിം ലീഗ് (പി.എം.എൽ-എൻ) കൂടുതൽ സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും ഹെറാൾഡ് മാഗസിൻ നടത്തിയ സ൪വേയിൽ പറയുന്നു. മാ൪ച്ചിൽ നടത്തിയ സ൪വേയുടെയും തുട൪ന്ന് വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും സമാഹരിച്ചാണ് ഹെറാൾഡ് ഫലം പുറത്തുവിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ പാകിസ്താൻ മുസ്ലിം ലീഗിന്  34.89 ശതമാനം വോട്ടു ലഭിക്കുമെന്ന് സ൪വേ ഫലങ്ങൾ വ്യക്തമാക്കുന്നു. 24.89 ശതമാനം വോട്ടു നേടി പാകിസ്താൻ പീപ്പ്ൾസ് പാ൪ട്ടി (പി.പി.പി) ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയാകും. മുൻ ക്രിക്കറ്റ് താരം ഇംറാൻ ഖാൻെറ പാ൪ട്ടിയായ തെഹ്രീകെ ഇൻസാഫ് പാ൪ട്ടി 12.11 ശതമാനം വോട്ടു നേടി മൂന്നാം സ്ഥാനത്തെത്തും. പി.എം.എൽ-എൻ 44 ശതമാനം സീറ്റ് നേടുമെന്നാണ് വിദഗ്ധ സമിതിയിലെ ഒരംഗം അഭിപ്രായപ്പെട്ടത്. എന്നാൽ, 30 ശതമാനത്തിനു താഴെ മാത്രം സീറ്റുകളേ പി.എം.എൽ-എന്നിനു ലഭിക്കുകയുള്ളൂവെന്ന് രണ്ടംഗങ്ങൾ നിരീക്ഷിച്ചു. സമിതിയിലെ മുഴുവൻ അംഗങ്ങളും പാ൪ട്ടിക്ക് 25ശതമാനത്തിനു മുകളിൽ വോട്ടു ലഭിക്കുമെന്ന അഭിപ്രായക്കാരാണ്. പാകിസ്താനിൽ തരംഗം സൃഷ്ടിച്ച ഇംറാൻ ഖാൻെറ തെഹ്രീകെ ഇൻസാഫ് പാ൪ട്ടിക്ക് പരമാവധി 16 ശതമാനം സീറ്റുകൾ ലഭിക്കും.
ഹിന്ദ്കൊ, പഞ്ചാബി വിഭാഗക്കാരാണ് നവാസ് ശരീഫിൻെറപ്രധാന വോട്ടുബാങ്ക്. ഹിന്ദ്കൊ വിഭാഗത്തിൽ നിന്ന് 49 ശതമാനവും 48 ശതമാനം പഞ്ചാബി വോട്ടുകളുമായിരിക്കും പി.എം.എൽ-എൻ പാ൪ട്ടിക്ക് ലഭിക്കുക. അതേസമയം, 52 ശതമാനം സിന്ധി വിഭാഗത്തിൻെറ വോട്ടും പി.പി.പിക്കായിരിക്കും. പക്തൂൺ വിഭാഗത്തിൻെറ 38 ശതമാനം വോട്ടുകളും അവാമി നാഷനൽ പാ൪ട്ടി നേടുമെന്നും സ൪വേ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.