തൃശൂ൪: ഒരാണ്ടത്തെ കാത്തിരിപ്പ് അറുതിയിലേക്കടുക്കുന്നു. ശക്തൻെറ തട്ടകം പൂരാരവത്തിലേക്ക്. പൂരങ്ങളുടെ പൂരമായ തൃശൂ൪ പൂരത്തിൻെറ വരവ് വിളംബരം ചെയ്ത് ദേശക്ഷേത്രങ്ങളിൽ കൊടികളുയ൪ന്നു. ആകാശസീമകളിൽ പ്രതിധ്വനിച്ച അതിൻെറ ആവേശം തട്ടകങ്ങളുടെ സിരകളിൽ മത്സരച്ചൂടിൻെറ പുത്തൻ രോമാഞ്ചമായി പട൪ന്ന് കയറി. ഇന്നേക്ക് ആറാംപക്കം തൃശൂ൪ പൂരം വ൪ണഘോഷങ്ങളുടെ വിസ്മയക്കാഴ്ച!ചക്രവാളങ്ങളെ വ൪ണപ്രഭയിൽ കുളിപ്പിക്കുന്ന സാമ്പിൾ വെടിക്കെട്ട് 19ന്.
പൂരത്തിൻെറ പ്രധാന പങ്കാളികളായ പാറമേക്കാവിലും തിരുവമ്പാടിയിലും ഒപ്പം ഘടകപൂര ദേശങ്ങളിലും തിങ്കളാഴ്ച്ച കൊടിയേറ്റ് ഘോഷമായി. തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറ്റിയത്. രാവിലെ 11.30നും 12നുമിടയിൽ ദേശക്കാരുടെ ആ൪പ്പുവിളികളുടെ അകമ്പടിയോടെ കൊടിക്കൂറയുയ൪ന്നു. ചടങ്ങുകൾക്ക് ശേഷം മേൽശാന്തി മൂത്തേടത്ത് സുകുമാരൻ നമ്പൂതിരി കൊടിയേറ്റിന് അനുമതി നൽകി. താഴത്ത്പുരക്കൽ സുന്ദരൻ ചെത്തിയുഴിഞ്ഞ കവുങ്ങിൽ ദേശക്കാ൪ കൊടിക്കൂറ ഏറ്റുവാങ്ങി കെട്ടിയുയ൪ത്തി.
തുട൪ന്ന് പുറത്തേക്കെഴുന്നള്ളിപ്പ്. തിരുവമ്പാടി ശിവസുന്ദ൪ തിടമ്പേറ്റി. മേളത്തിന് ചോറ്റാനിക്കര ഭാസ്കരക്കുറുപ്പ് പ്രമാണിയായി. വൈകീട്ട് 3.15 ഓടെ മിനി വെടിക്കെട്ടുമുണ്ടായി. പിന്നീട് നായ്ക്കനാലിലും നടുവിലാലിലും കൊടിയേറ്റി.
ഉച്ചക്ക് 12നും 12. 30 നുമിടയിലാണ് പാറമേക്കാവിൽ കൊടിയേറിയത്. ചടങ്ങുകൾക്ക് തന്ത്രിമാരായ പുലിയന്നൂ൪ അനുജൻ നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവ൪ കാ൪മികത്വം വഹിച്ചു. ദേശത്താശാൻ എ.എസ്. കുറുപ്പാൾ കൊടിയേറ്റിന് അനുവാദം നൽകി. ചെമ്പിൽ നീലകണ്ഠനാശാരി തയാറാക്കിയ കൊടിമരത്തിൽ ആ൪പ്പുവിളികളോടെ തട്ടകക്കാ൪ കൊടിയേറ്റി.
അനന്തരം അഞ്ച് ആന നിരന്ന എഴുന്നള്ളിപ്പ്. പെരുവനം കുട്ടൻ മാരാരായിരുന്നു പ്രമാണി. പാറമേക്കാവ് ദേവീദാസൻ തിടമ്പേറ്റി. പാറമേക്കാവ് രാജേന്ദ്രൻ, കാശിനാഥൻ, നാരായണൻ, നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ എന്നിവ കൂട്ടാനകൾ. എഴുന്നള്ളിപ്പിനുശേഷം മിനി വെടിക്കെട്ട് നടന്നു. തൃശൂ൪ പൂരത്തിൽ പങ്കെടുക്കുന്ന ചെറു പൂരങ്ങളുടെ തട്ടകങ്ങളിലും തിങ്കളാഴ്ച കൊടിയേറ്റ് നടന്നു.
പൂരത്തിൻെറ ആക൪ഷണമായ സാമ്പിൾ വെടിക്കെട്ട് 19ന് വൈകീട്ട് ഏഴോടെ നടക്കും. ഇത്തവണ തിരുവമ്പാടിക്കാരാണ് ആദ്യം തീ കൊളുത്തുക. ചമയ പ്രദ൪ശനവും അന്നുതുടങ്ങും. 20നാണ് പാറമേക്കാവിൻെറ ചമയ പ്രദ൪ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.