മലപ്പുറം: നി൪ദിഷ്ട തിരുനാവായ - ഗുരുവായൂ൪ റെയിൽപാത സംബന്ധിച്ച് മന്ത്രിസഭാതീരുമാനത്തിനുശേഷം തുട൪നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആര്യാടൻ മുഹമ്മദ്. പാത നി൪മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേ൪ന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നി൪മാണവുമായി മുന്നോട്ടുപോകാൻ മന്ത്രിസഭ തീരുമാനിച്ചാൽ പ്രാഥമിക സ൪വേ ഉടൻ നടത്തും. അതിനുശേഷം എല്ലാവരുമായും ച൪ച്ചനടത്തും. പാത വേണ്ടെന്നുവെക്കുന്നത് തീരാനഷ്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ 12 കിലോമീറ്റ൪ നീളത്തിൽ ഭൂമി ഏറ്റെടുക്കുമ്പോൾ 134ഉം മലപ്പുറത്ത് 24 കിലോമീറ്റ൪ ഭൂമി ഏറ്റെടുക്കുമ്പോൾ 84ഉം വീടുകളാണ് നഷ്ടപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ ബജറ്റിൽ നീക്കിവെക്കുന്ന തുക പാഴാകുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി പറഞ്ഞു.
പൊന്നാനിയിൽ 2000 കോടിരൂപ മുതൽ മുടക്കിൽ കാ൪ഗോ പോ൪ട്ട് യാഥാ൪ഥ്യമാകുന്നതിനാൽ റെയിൽ വികസനം അനിവാര്യമാണെന്ന് പി. ശ്രീരാമകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കോൾ നിലത്തെ വെള്ളം ഒഴിഞ്ഞുപോകാൻ പ്രത്യേക സംവിധാനമൊരുക്കുമെന്ന് റെയിൽവേ അഡ്മിനിസ്ട്രേറ്റീവ് ചീഫ് ഡാനി തോമസ് പറഞ്ഞു. മുഴുവനായി പാലം നി൪മിക്കുക അപ്രായോഗികമാണ്. ഒരു കിലോമീറ്റ൪ നീളത്തിൽ പാലം നി൪മിക്കാൻ 25 കോടി രൂപ ചെലവുവരും. അതേസമയം, പതിവുരീതിയിലെ നി൪മാണത്തിന് 11 കോടി രൂപ മതിയെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
പൊന്നാനി കോൾ നിലം സംരക്ഷിക്കുക, പാടങ്ങൾ നികത്തിയുള്ള റെയിൽ വികസനമരുത്, നി൪ദിഷ്ട പാത തീരദേശ മേഖലയിലേക്ക് മാറ്റുക, തിരുനാവായയിലെ താമരകൃഷി നശിപ്പിക്കരുത്, കുറ്റിപ്പുറം - ഗുരുവായൂ൪ പാതയുമായി മുന്നോട്ടുപോകണം, താനൂരിൽ നിന്ന് ടിപ്പുസുൽത്താൻ റോഡ് വഴി പാത നി൪മിക്കണം, കോൾപാടം നികത്തുന്നത് വരൾച്ച രൂക്ഷമാക്കുമെന്നതിനാൽ പാത ഉപേക്ഷിക്കണം, പരിസ്ഥിതി ആഘാതത്തെക്കുറച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കണം, മാ൪ക്കറ്റ് വിലയേക്കാൾ ഉയ൪ന്ന വില ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകണം തുടങ്ങിയ നി൪ദേശങ്ങൾ യോഗത്തിലുയ൪ന്നു. ജില്ലാ കലക്ട൪ എം.സി. മോഹൻദാസ് സ്വാഗതം പറഞ്ഞു. സുഭാഷ് കുമാ൪, ഹാരിസ് മുഹമ്മദ്, ഹമീദ്, മുഹമ്മദ് ജംഷീ൪, അനസ്, ജനചന്ദ്രൻ മാസ്റ്റ൪, ഉണ്ണികൃഷ്ണൻ തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.