തുറവൂര്‍ ഇരട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം

ആലപ്പുഴ: തുറവൂരിൽ എസ്.എസ്.എൽ.സി വിദ്യാ൪ഥിനിയെയും  വസ്ത്ര വ്യാപാരിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുത്തിയതോട് ഇല്ലിക്കൽ ഷാജിക്ക് (32) ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വ൪ഷം കൂടി  തടവനുഭവിക്കണം.
തുറവൂരിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ ഷാജി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ജഡ്ജി കെ. മുഹമ്മദ് യൂസുഫാണ് ശിക്ഷ വിധിച്ചത്.
2009 മേയ് 27ന് തുറവൂ൪ ചാവടിയിലാണ്കേസിനാസ്പദമായ സംഭവം .  കുത്തിയതോട് പഞ്ചായത്ത് 10ാം വാ൪ഡ് ചാലപ്പറമ്പിൽ പരേതനായ  അഷ്റഫിൻെറ മകൾ സുറുമി (15), അയൽവാസിയും വസ്ത്രവ്യാപാരിയുമായ 13ാം വാ൪ഡ് നദീറാ മൻസിലിൽ എൻ.എസ്. ഇസ്മായിൽ ഹാജി (63) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
രാവിലെ 9.15ന് ട്യൂഷൻ കഴിഞ്ഞ് കൂട്ടുകാരികളുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നാലെയെത്തിയ ഷാജി സുറുമിയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇസ്മായിൽ ഹാജിക്ക് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ സുറുമി തൽക്ഷണം മരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇസ്മായിൽ ഹാജി മരിച്ചത്.മനോരോഗിയാണെന്ന പ്രതിഭാഗത്തിൻെറ വാദം തള്ളിയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിധി പറയുന്നത് കേൾക്കാൻ സുറുമിയുടെ മാതാവ് സീനത്തും അനുജൻ അൻസിലും ഇസ്മായിൽ ഹാജിയുടെ ഭാര്യ നബീസയും മക്കളും മരുമക്കളും കോടതിയിൽ എത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഹൈകോടതി നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ട൪ അഡ്വ.എ. മുഹമ്മദ്, അഡ്വ.എ.എം. അഷ്റഫ് എന്നിവ൪ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.