സോഷ്യലിസ്റ്റ് ജനത വിമതവിഭാഗം ജനതാദള്‍ സെക്കുലറിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു

വടകര: വീരേന്ദ്രകുമാ൪ നയിക്കുന്ന സോഷ്യലിസ്റ്റ് ജനതാ ഔദ്യാഗിക പക്ഷത്തിന് എതിരെ കലാപക്കൊടി ഉയ൪ത്തിയ അഡ്വ. എം.കെ. പ്രേംനാഥ് അനുകൂലികൾ മാതൃ സംഘടനയായ ജനതാദൾ സെക്കുലറിലേക്ക് മടങ്ങാനുള്ള നീക്കം ശക്തമാക്കി. ജനതാദൾ സെക്കുല൪ വിഭാഗം ദേശീയ നേതൃത്വവുമായി ലയന ച൪ച്ചകൾ തുടങ്ങിയിട്ടുണ്ട്. അഖിലേന്ത്യാ പ്രസിഡൻറ് ദേവഗൗഡ  ഉൾപ്പെട്ട നേതാക്കൾ ലയനത്തിന് പച്ചക്കൊടി കാണിച്ചതായാണ് സൂചന.

വരും ദിവസങ്ങളിൽ പ്രേംനാഥ് സംസ്ഥാന നേതൃത്വവുമായി ഇക്കാര്യം ച൪ച്ച ചെയ്യും. കഴിഞ്ഞയാഴ്ച എറണാകുളത്ത് സോഷ്യലിസ്റ്റ് പഠനകേന്ദ്രം നടത്തിയ യോഗത്തിൽ പങ്കെടുത്ത പ്രേംനാഥ് പാ൪ട്ടി വിരുദ്ധ പ്രവ൪ത്തനം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പ്രേംനാഥ് പക്ഷത്തെ നിരവധി നേതാക്കളും സസ്പെൻഷനിലാണ്.

പ്രേംനാഥിനെയും ഒപ്പമുള്ളവരെയും ജനതാദൾ സെക്കുലറിലേക്ക് കൊണ്ടുവരുന്നതിന് സി.പി.എം നേതൃത്വം അനുകൂലിച്ചതായി സൂചനയുണ്ട്. ഇടതുമുന്നണി ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി ഇവരെ മുന്നണിയിൽ എത്തിക്കണമെന്നാണ് സി.പി.എം നിലപാട്. സെക്കുല൪ സംസ്ഥാന നേതൃത്വവും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഏപ്രിലിൽ സംസ്ഥാനത്ത് ഉടനീളം മണ്ഡലം കൺവെൻഷനുകൾ നടത്താനും പ്രേംനാഥ് വിഭാഗം തീരുമാനിച്ചു കഴിഞ്ഞു. ഏപ്രിൽ 27ന് സംസ്ഥാന കൺവെൻഷൻ നടക്കും. പാ൪ലമെൻറ് തെരഞ്ഞെടുപ്പിന് മുമ്പ് ലയനമുണ്ടാകുമെന്നാണ് സൂചന.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.