ഗണേഷിന് വഴുതക്കാട്ടെ വീട്ടില്‍ തുടരാം; യാമിനിയെ ഇറക്കി വിടരുതെന്ന് കോടതി

തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാ൪ വഴുതക്കാട് ടാഗോ൪ നഗറിലെ വീട് കൈമാറുന്നതും വിൽക്കുന്നതും യാമിനിക്കെതിരെ അപകീ൪ത്തികരമായ പരാമ൪ശങ്ങൾ നടത്തുന്നതും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിലക്കി.
യാമിനിയെയും മക്കളെയും ഇവിടെനിന്ന് ഇറക്കിവിടരുതെന്നും ഉത്തരവിട്ടു.അതേസമയം, വീട്ടിൽ ഗണേഷ് പ്രവേശിക്കുന്നത് വിലക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ഗാ൪ഹികപീഡന സംരക്ഷണ നിയമപ്രകാരം ഗണേഷിനെതിരെ യാമിനി നൽകിയ ഹരജിയിലാണ് നടപടി.
ഗണേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചാണ് യാമിനി ഹരജി സമ൪പ്പിച്ചത്. വ്യാഴാഴ്ച രാവിലെ യാമിനി നേരിട്ടെത്തി സമ൪പ്പിച്ച ഹരജി ഉച്ചകഴിഞ്ഞ് പരിഗണിച്ചപ്പോൾ ഗണേഷിൻെറ അഭിഭാഷകൻ എതി൪ത്തു. ഹരജിയിലെ ആരോപണങ്ങൾക്കും ആവശ്യങ്ങൾക്കുമെതിരെ ത൪ക്കം ബോധിപ്പിക്കാൻ ഒരുദിവസ സമയം കോടതി അനുവദിച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഗണേഷിൻെറ മൊബൈൽ ഫോണിൽ കണ്ടെത്തിയ അന്യസ്ത്രീകളുടെ പേരും എസ്.എം.എസ് ഉളളടക്കവും ഹരജിയിലുണ്ട്.
ഇതിൽ ഒരു സ്ത്രീയുടെ പേരിൽ 2011ൽ ഗണേഷ് 40,000 രൂപ നിക്ഷേപിച്ചത് സംബന്ധിച്ച രേഖകൾ താൻ കണ്ടെത്തിയിരുന്നുവെന്ന് യാമിനി പറയുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഗണേഷ് തൃപ്തികരമായ മറുപടി നൽകിയില്ല. നാലുമാസം മുമ്പ് മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ വാങ്ങിയ ബില്ല് കണ്ടു. ഇത് ചോദ്യംചെയ്ത തന്നെ ഗണേഷ്  ആക്രമിച്ചു. പലപ്പോഴും ഗണേഷ് തന്നെ ബലമായി പീഡിപ്പിച്ചു. ഗണേഷിന് ബന്ധമുളള സ്ത്രീകളുടെ വീട്ടിൽ പോകുമ്പോൾ സംശയം തോന്നാതിരിക്കാൻ കുട്ടിയെകൂടി കൊണ്ടുപോകുമായിരുന്നു.
ഗണേഷിൻെറ പ്രവൃത്തികൾ ചോദ്യംചെയ്താൽ തന്നെ ആക്രമിക്കുകയാണ് പതിവെന്നും ഹരജിയിൽ ആരോപിക്കുന്നു.  ഫെബ്രുവരി 22ന് ഗണേഷ് തന്നെ ആക്രമിച്ചശേഷം മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി സമ൪പ്പിച്ചെങ്കിലും കൈപ്പറ്റാതെ ഒത്തുതീ൪പ്പിന് ശ്രമിച്ചെന്നും യാമിനി ആരോപിക്കുന്നു.

കൂടുതൽ ഗാ൪ഹികപീഡനത്തിൽനിന്ന് ഗണേഷിനെ നിയന്ത്രിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഗണേഷിൻെറ ഉടമസ്ഥതയിലുളള ചെന്നൈയിലെയും വഴുതക്കാട്ടെയും വസതി കൈമാറ്റം ചെയ്യുന്നതും വിൽക്കുന്നതും തടയണം.
 വഴുതക്കാട്ടെ വീട്ടിൽനിന്ന് തന്നെയും മക്കളെയും ഒഴിപ്പിക്കരുത്. ഗണേഷിൻെറ സ്വത്തുക്കളുടെ പകുതി അവകാശം നൽകണം. ഇതിൽ വഴുതക്കാട്ടെ വീടും 2.25 കോടിയും ഉൾപ്പെടും. തനിക്കെതിരെ പൊലീസിൽ അപകീ൪ത്തികരമായ പരാതി നൽകിയതിലും വിവാഹമോചന ഹരജിയിലെ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലുമുണ്ടായ മാനനഷ്ടത്തിന് 20 കോടി നഷ്ടപരിഹാരം അനുവദിക്കണം. തനിക്കും കുട്ടികൾക്കുമെതിരെ അപകീ൪ത്തികരമായ പരാമ൪ശങ്ങൾ നടത്തുന്നത് വിലക്കണമെന്നും ഹരജിയിൽ യാമിനി ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.