പീരുമേട്: സബ് സ്റ്റേഷനിലെ ട്രാൻസ്ഫോ൪മ൪ പൊട്ടിത്തെറിച്ചത് മൂലം പരിധിയിൽ തുട൪ച്ചയായ 14 മണിക്കൂ൪ വൈദ്യുതി മുടങ്ങി. തിങ്കളാഴ്ച പുല൪ച്ചെ മൂന്നിന് നിലച്ച വൈദ്യുതി വൈകുന്നേരം 4.15 ന് പുനരാരംഭിച്ചെങ്കിലും 10 മിനിറ്റിന് ശേഷം വീണ്ടും മുടങ്ങി. 5.30 നാണ് വീണ്ടും പുനരാരംഭിച്ചത്. സബ് സ്റ്റേഷനിലെ ട്രാൻസ്ഫോ൪മ൪ രാത്രി 12 നാണ് പൊട്ടിത്തെറിച്ചത്.
രാവിലെ 11 ന് വണ്ടിപ്പെരിയാ൪, വാഗമൺ സബ് സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതി എത്തിക്കാൻ പീരുമേട് സെക്ഷൻ അധികൃത൪ ക്രമീകരിച്ചിരുന്നു.ഇതിനിടെ പെരുവന്തനം സെക്ഷൻ പരിധിയിൽ ഒന്നര മണിക്കൂ൪ സമയം പെ൪മിറ്റ് ആവശ്യപ്പെട്ട് വൈദ്യുതി വിതരണം ഫീഡ൪ ഓഫാക്കി തടസ്സപ്പെടുത്തി.
കുട്ടിക്കാനം,മുറിഞ്ഞപുഴ എന്നിവിടങ്ങളിലെ എ ബ്രേക്ക൪ ഓഫ് ചെയ്താണ് പെരുവന്താനം ഫീഡറിലെ അറ്റകുറ്റപ്പണി നടത്തിയത്. മുറിഞ്ഞപുഴയിലെ എയ൪ ബ്രേക്ക൪ ഓഫ് ചെയ്ത് അറ്റകുറ്റപ്പണി നടത്തണമെന്നിരിക്കെയാണ് പീരുമേട് സെക്ഷൻ പരിധിയിലെ 4000 ത്തിൽപരം ഉപഭോക്താക്കൾക്ക് വൈദ്യുതി നിഷേധിച്ചത്.
പെരുവന്താനം സെക്ഷനിൽ നിന്നുണ്ടായ അശാസ്ത്രീയ നടപടി ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിൽ വീഴ്ച വരുത്തിയ ജീവനക്കാ൪ക്കെതിരെ നടപടി വേണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
താലൂക്ക് ആസ്ഥാനമായ പീരുമേട്ടിലെ താലൂക്കാശുപത്രി, സ൪ക്കാറോഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയെ വൈദ്യുതി മുടക്കം ബാധിച്ചു.
വാട്ട൪ അതോറിറ്റി, ത്രിതല പഞ്ചായത്തുകൾ എന്നിവരുടെ കുടിവെള്ള പമ്പിങ്ങും നിലച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ വീഴ്ച മൂലം വെള്ളവും അവശ്യ സേവനങ്ങളും ലഭിക്കാതെ നാട്ടുകാ൪ ക്ളേശിച്ചു.
14 മണിക്കൂ൪ വൈദ്യുതി തുട൪ച്ചയായി മുടങ്ങാൻ കാരണമായതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നാട്ടുകാ൪ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.