വടശേരിക്കര: വിവാദപാറമടകൾക്കുചുറ്റും താമസിക്കുന്നവരിൽ കാൻസറുൾപ്പെടെ രോഗങ്ങൾ വ്യാപിക്കുന്നതായുള്ള പരാതിയെത്തുട൪ന്ന് അന്വേഷണത്തിന് കലക്ട൪ ഉത്തരവിട്ടു.
നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളുടെ അതി൪ത്തിപ്രദേശമായ ചെമ്പന്മുടിയിലെ അനധികൃതപാറമടകൾ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം മാരകആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നതായാണ് പാറമടകൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന ജനകീയസമരസമിതിയുടെയും നാട്ടുകാരുടെയും ആരോപണം. ഇതേതുട൪ന്നാണ് പ്രദേശത്തെ ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ചും കാൻസ൪രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വ൪ധനയെക്കുറിച്ച് പഠിക്കാനും ജില്ലാ മെഡിക്കൽ ഓഫിസറും തഹസിൽദാറും ഉൾപ്പെടുന്ന പ്രത്യേകസംഘത്തെ കലക്ട൪ നിയോഗിച്ചിട്ടുള്ളത്.
പാറമടകളുടെ പരിസരപ്രദേശമായ വെച്ചൂച്ചിറ, കൂത്താട്ടുകുളം, വാഹമുക്ക്, മടന്തമൺ, കടുമീൻചിറ പ്രദേശങ്ങളിൽ ആസ്ത്മാരോഗികളുടെ വൻവ൪ധന ഉണ്ടായതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
പാറമടയുടെ സമീപത്ത് താമസിക്കുന്ന കുടുംബത്തിൽപ്പെട്ടതും വെച്ചൂച്ചിറ സി.എം.എസ് എൽ.പി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാ൪ഥിനിയുമായ നിമ്മി തോമസ് കാൻസ൪ ബാധിച്ച് അടുത്തിടെ മരണപ്പെട്ടിരുന്നു. അടുത്ത പ്രദേശങ്ങളിലുള്ള അഞ്ച് കുട്ടികളിൽക്കൂടി കാൻസ൪ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പാറമടയുടെയും ക്രഷ൪യൂനിറ്റുകളുടെയും പ്രവ൪ത്തനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക വ്യതിയാനവും ആരോഗ്യപ്രശ്നങ്ങളുമാണ് രോഗബാധക്ക് കാരണമെന്ന് നാട്ടുകാ൪ വിശ്വസിക്കുന്നു.
പ്രദേശത്തെ കുടിവെള്ളസ്രോതസ്സുകൾ മലിനപ്പെടുന്നതുവഴി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും നിരവധിയാണ്. ഇടിമിന്നൽമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും ജീവഹാനിയും വ൪ധിക്കാൻ കാരണവും ക്രഷ൪ യൂനിറ്റിൽനിന്ന് അനിയന്ത്രിതമായി ഉയരുന്ന പൊടിപടലങ്ങൾ മൂലമാണെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.