മനുഷ്യാവകാശ പ്രതിബദ്ധതയോ രാഷ്ട്രീയ മുതലെടുപ്പോ?

ഇരുപത്താറു വ൪ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവിൽ 2009 മേയിനു മുമ്പുള്ള അഞ്ചു മാസങ്ങളിൽ ശ്രീലങ്കൻ സ൪ക്കാ൪ സേന എൽ.ടി.ടി.ഇയെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതി അന്തിമവിജയത്തിലെത്തിക്കാനുള്ള വ്യഗ്രതയിൽ 40,000 സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത സംഭവം ഐക്യരാഷ്ട്രസഭ യഥാസമയം പുറത്തുവിട്ടിരുന്നതാണ്. തമിഴ്പുലി നായകൻ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെടുകയും അയാളുടെ വിമോചനപ്പട നിശ്ശേഷം കഥാവശേഷമാവുകയും ചെയ്ത ശേഷവും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ശ്രീലങ്കയിലെ ഉത്തരമേഖലയിൽനിന്ന് റിപ്പോ൪ട്ട് ചെയ്യപ്പെട്ടത്. ഇത് രാഷ്ട്രാന്തരീയതലത്തിൽ വൻ പ്രതിഷേധത്തിന് തീകൊളുത്തിയപ്പോഴാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും അതിനനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതും. പക്ഷേ, പ്രമേയം മാനിക്കാൻ ശ്രീലങ്കയിലെ മഹിന്ദ രാജപക്സെ സ൪ക്കാ൪ തയാറാവാത്തതിനെ തുട൪ന്നാണ് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ വിഷയം വീണ്ടും പരിഗണിക്കാനായി സമ്മേളിച്ചിരിക്കുന്നത്. 2009ലെ കൂട്ടക്കൊലയെയും, പിന്നെയും തുട൪ന്ന അത്യാചാരങ്ങളെയും കുറിച്ച് അന്വേഷിക്കാൻ ശ്രീലങ്കയോട് ആവശ്യപ്പെടുന്ന അമേരിക്കയുടെ പ്രമേയമാണ് കൗൺസിൽ പരിഗണിക്കുന്നത്. ഈയാഴ്ച പ്രമേയം വോട്ടിനിടുമ്പോൾ ഇന്ത്യ എന്തു നിലപാട് സ്വീകരിക്കണമെന്നതിനെച്ചൊല്ലി കഴിഞ്ഞ കുറെ ദിവസങ്ങളായി തമിഴ്നാട്ടിൽ നടക്കുന്ന വിവാദവും പ്രതിഷേധവും മൂ൪ധന്യത്തിൽ എത്തിനിൽക്കെ യു.പി.എ സ൪ക്കാറിനെത്തന്നെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഡി.എം.കെ പിന്തുണ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. പുറത്തുനിന്നുപോലും സ൪ക്കാറിനെ പിന്തുണക്കുന്ന പ്രശ്നമില്ലെന്ന് അറിയിച്ച ഡി.എം.കെ സുപ്രീമോ കരുണാനിധി പക്ഷേ, അമേരിക്കൻ പ്രമേയത്തിന്മേൽ ക൪ക്കശ ഭേദഗതിക്ക് ഇന്ത്യ തയാറായാൽ നിലപാട് പുന$പരിശോധിക്കാമെന്നും പറയുന്നു.
ശ്രീലങ്കയിൽ തമിഴ്പുലികളുടെ വിഘടനവാദത്തെയും സ്വതന്ത്ര തമിഴ് ഈഴം സ്ഥാപിക്കാനുള്ള അവരുടെ പോരാട്ടത്തെയും പിന്തുണക്കാതിരുന്നവ൪പോലും ലങ്കൻ സേന നടത്തിയ സിവിലിയൻ കൂട്ടക്കൊലയെയോ പിന്നീട് തുട൪ന്ന അത്യാചാരങ്ങളെയോ അനുകൂലിക്കുന്നില്ല. അതുപോലെ, ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷത്തിന് തുല്യപൗരാവകാശങ്ങൾ ഉറപ്പുവരുത്തുമെന്നും താറുമാറായ അവരുടെ ആവാസമേഖല പുന൪നി൪മിക്കുമെന്നും പുനരധിവാസ പ്രവ൪ത്തനങ്ങൾ എത്രയുംവേഗം പൂ൪ത്തിയാക്കുമെന്നും രാജപക്സെ സ൪ക്കാ൪ നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തതിലും അന്താരാഷ്ട്ര സമൂഹത്തിനും ഇന്ത്യൻ ജനതക്കും പ്രതിഷേധവും ഉത്കണ്ഠയുമുണ്ട്. ഈ പശ്ചാത്തലത്തിൽ യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രശ്നം ഗൗരവമായി ച൪ച്ചചെയ്യേണ്ടതും വാക്കുപാലിക്കാൻ ശ്രീലങ്കൻ സ൪ക്കാറിനോട് ആവശ്യപ്പെടേണ്ടതുംതന്നെയാണ്. തദ്വിഷയകമായി ശക്തമായ പ്രമേയംതന്നെ ഏകകണ്ഠമായി പാസാക്കപ്പെടുകയും വേണം.
എന്നാൽ, ഇതിൻെറ പേരിൽ തമിഴ്നാട്ടിൽ പൊട്ടിപ്പുറപ്പെട്ട വൻ പ്രക്ഷോഭവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതമായി അടച്ചിടുന്നതിൽ കലാശിച്ച വിദ്യാ൪ഥി സമരവും ഒടുവിൽ ഡി.എം.കെ ഉയ൪ത്തിയ ഭീഷണിയും ശുദ്ധമനുഷ്യാവകാശ താൽപര്യമോ ശ്രീലങ്കൻ തമിഴ് വംശജരോടുള്ള ഐക്യദാ൪ഢ്യമോ ആണെന്ന് സമ്മതിക്കാൻ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല. തമിഴ് ജനതയുടെ വികാരം പരമാവധി തീപ്പിടിപ്പിച്ച് 2014ലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള തന്ത്രമാണ് കോലാഹലങ്ങൾക്കു പിന്നിൽ പ്രത്യക്ഷത്തിൽതന്നെ തെളിഞ്ഞുകാണുന്നത്. നേരത്തേയും ഈ വികാരങ്ങൾ അണപൊട്ടിയൊഴുകിയപ്പോൾ 1987ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി ശ്രീലങ്കൻ പ്രസിഡൻറ് ജയവ൪ധനെയുമായി സമാധാന പുന$സ്ഥാപന കരാറിൽ ഒപ്പിട്ടതും തുട൪ന്ന് ഇന്ത്യൻ സമാധാനപാലനസേന ലങ്കയിലെത്തിയതും വിസ്മരിക്കാൻ സമയമായിട്ടില്ല. 1990ൽ ദൗത്യം പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ സേന തിരിച്ചുപോരുകയായിരുന്നു. എന്നാൽ, 1991ൽ എൽ.ടി.ടി.ഇയുടെ ഗൂഢപദ്ധതിയിലൂടെ രാജീവ്ഗാന്ധി ക്രൂരമായി വധിക്കപ്പെട്ടതാണ് ഇതിന് രാജ്യം കൊടുക്കേണ്ടിവന്ന വില. വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിൻെറ കാഹളധ്വനി മുഴങ്ങവെ, വേലുപ്പിള്ള പ്രഭാകരൻെറ 12കാരനായ മകൻ ലങ്കൻ സൈന്യത്തിൻെറ ക്രൂരഹത്യക്ക് വിധേയനായ ചരിത്രനിമിഷം അനാവരണം ചെയ്യപ്പെട്ടപ്പോഴുള്ള വൈകാരികാന്തരീക്ഷത്തിൽ, അതിഭീമമായ അഴിമതിയാരോപണങ്ങളിൽ മുങ്ങി പ്രതിച്ഛായ തീ൪ത്തും തക൪ന്ന ഡി.എം.കെ അതിജീവനതന്ത്രം പയറ്റാൻ തീവ്രയത്നം നടത്തുന്നതാണ് നാമിപ്പോൾ കാണുന്നത്. ശ്രീലങ്കൻ തമിഴരുടെ ഉന്മൂലനം നടന്നിട്ടുണ്ടെന്നും രാജപക്സെ സ൪ക്കാ൪ വാഗ്ദാനം പാലിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന പ്രമേയം ഇന്ത്യൻ പാ൪ലമെൻറ് പാസാക്കണമെന്നാണ് ഡി.എം.കെ ഇപ്പോൾ ആവശ്യപ്പെടുന്നത്. അതേസമയം, കേന്ദ്ര മന്ത്രിമാരുടെ രാജിയോ ഡി.എം.കെ പിന്തുണ പിൻവലിക്കുന്ന തീരുമാനമോ രാഷ്ട്രപതിയെ പാ൪ട്ടി ഇതുവരെ അറിയിച്ചിട്ടില്ലെന്ന വസ്തുത, കരുണാനിധിയുടെ മനസ്സിലിരിപ്പ് പരമാവധി വിലപേശലും രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കലുമാണെന്ന ധാരണയെ ശക്തിപ്പെടുത്തുന്നു. സ്വാഭാവികമായും മുഖ്യപ്രതിയോഗി ജയലളിതയും വെറുതെ ഇരിക്കുന്നില്ല. ഇന്ത്യ ശക്തവും ചരിത്രപരവും ധീരവുമായ നിലപാടെടുക്കണമെന്നും യു.എൻ മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിൽ അമേരിക്കൻ പ്രമേയത്തെ പിന്താങ്ങുക മാത്രമല്ല ശക്തമായ ഭേദഗതികൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പുരട്ച്ചി തലൈവിയും രംഗത്തുണ്ട്. പക്ഷേ, തൽക്കാലത്തെ രാഷ്ട്രീയ പ്രതിസന്ധി എങ്ങനെയും അതിജീവിക്കാൻ തന്ത്രം മെനയുന്ന യു.പി.എ നേതൃത്വത്തിന് പോകാവുന്നതിന് സാരമായ പരിമിതികളുണ്ട്. ഒരയൽരാജ്യത്തിൻെറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിലെ ലക്ഷ്മണരേഖ, സിംഹള ബുദ്ധിസ്റ്റ് ഭൂരിപക്ഷത്തെ അതൃപ്തിപ്പെടുത്താനാവാത്ത ശ്രീലങ്കൻ സ൪ക്കാ൪ വിപത്സന്ധിയിൽ ചൈനയുടെയും പാകിസ്താൻെറയും സഹായം തേടാനുള്ള സാധ്യത എന്നീ കാര്യങ്ങളൊക്കെ കണക്കിലെടുത്തേ മൻമോഹൻ സിങ് സ൪ക്കാറിന് തീരുമാനമെടുക്കാനാവൂ. വിവേകം വികാരങ്ങൾക്ക് വഴിമാറുന്നത് ഗുരുതര ഭവിഷ്യത്തുകൾക്കിടവരുത്തും എന്നതിന് മുൻ ശ്രീലങ്കൻ അനുഭവങ്ങൾതന്നെ മതിയായ തെളിവ് നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT