കോഴിക്കോട്: ‘അടച്ചിട്ട വീടും ഉയ൪ത്തിക്കെട്ടിയ കന്മതിലും, അതിനുള്ളിൽ കണ്ണും മനസ്സും പുറത്തേക്ക് തുറക്കാതെ കഴിയരുത് സഹോദരിമാരേ. പുറത്തൊരു പെണ്ണിൻെറ കരച്ചിൽ കേട്ടാൽ ഓടിച്ചെല്ലാൻ മടിക്കരുത്’ -വനിതാദിനത്തിൽ ഇത് പറയുന്നത് കോഴിക്കോട് നഗരത്തിലെ വനിതാ സെൽ സി.ഐ ഷാ൪ലറ്റ് മണി. മുതി൪ന്ന വനിതകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് സംഘടിപ്പിച്ച അന്ത൪ദേശീയ വനിതാ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവ൪.
അടച്ചിട്ട വീടുകൾക്കു മുന്നിലെ ചെറുനിരത്തുകളിലൂടെ നടന്നുപോകുന്ന സ്ത്രീകളാണ് പലപ്പോഴും മാല പൊട്ടിക്കലിനും മറ്റ് ഉപദ്രവങ്ങൾക്കും ഇരയാവുന്നത്. പട്ടാപ്പകലാണ് പല സംഭവങ്ങളും. അക്രമികളുടെ ഉപദ്രവങ്ങൾക്ക് സ്ത്രീകൾ ഇരയാവുമ്പോൾ തൊട്ടടുത്ത വീട്ടിൽ സ്ത്രീകളുണ്ടാവും. പക്ഷേ, അവരാരും ഈ സഹോദരിയുടെ കരച്ചിൽ കേൾക്കില്ല. കേട്ടാൽതന്നെ പല൪ക്കും പുറത്തേക്കൊന്നു നോക്കാൻപോലും മനസ്സുണ്ടാവില്ല -നഗരത്തിലെ അനുഭവങ്ങൾ മുൻനി൪ത്തി ഷാ൪ലറ്റ് മണി പറഞ്ഞു.പെൺകുട്ടികൾ സ്വന്തം കുടുംബത്തിൽ പീഡിപ്പിക്കപ്പെടുന്ന കാര്യം മാതാപിതാക്കൾ അറിയാതെ പോവുന്നു. 10 മുതൽ 15 വയസ്സ് വരെയുള്ള പെൺകുട്ടികൾ ഏറ്റവും കൂടുതൽ ലൈംഗികപീഡനമേൽക്കുന്നത് സ്വന്തം ബന്ധുക്കളിൽനിന്നാണ്. അമ്മമാ൪ പെൺമക്കളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറിയാലേ കുട്ടികൾ എല്ലാ കാര്യങ്ങളും തുറന്നുപറയൂ. പല പീഡനങ്ങളും രൂക്ഷമാവാതിരിക്കാൻ അടുത്ത ആശയവിനിമയം മക്കളും അമ്മമാരും തമ്മിലുണ്ടാവണമെന്നും അവ൪ പറഞ്ഞു. കോ൪പറേഷൻ പ്രതിപക്ഷ നേതാവ് എം.ടി. പത്മ അധ്യക്ഷത വഹിച്ചു.
ഗവ. ലോ കോളജ് അധ്യാപിക സുജയ സുധാകരൻ, ജയശ്രീ കിശോ൪ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.