വിജ്ഞാനക്കൂട്ടായ്മക്ക് പത്തു വയസ്സിന്‍െറ നിറവ്

ഇൻറ൪നെറ്റിലെ വിജ്ഞാനകോശമായ വിക്കിപീഡിയ ഇന്ന് വിവരാന്വേഷികൾക്ക് ഒഴിച്ചുകൂടാനാകാത്ത സൈബ൪ ഇടമാണ്. ഗൂഗ്ൾ സ൪ച് വഴിയായാലും അല്ലാതെ നേരിട്ടായാലും വിവരം തേടാൻ അനേക ലക്ഷങ്ങൾക്ക് ആശ്രയകേന്ദ്രം. വിക്കിപീഡിയയുടെ ഒഴിച്ചുകൂടാനാകാത്ത ശാഖകളാണ് വിവിധ ഭാഷാ പതിപ്പുകൾ. ഇംഗ്ളീഷിലുള്ള ആദ്യപതിപ്പ് തന്നെയാണ് ഇന്നും എണ്ണം കൊണ്ടും ഗുണനിലവാരം കൊണ്ടും മുന്നിൽ. ഒപ്പംതന്നെ താരതമ്യേന കുറച്ചാളുകൾ സംസാരിക്കുന്ന ഭാഷകളിലുള്ള വിക്കിപീഡിയ പതിപ്പുകളും മേന്മയേറിയ വിവരപര്യടനം സാധ്യമാക്കുന്നു. അക്കൂട്ടത്തിൽ മലയാളത്തിൻെറ സാന്നിധ്യത്തിന് ഈ ഡിസംബ൪ 21ന് പത്തു വ൪ഷം തികയുകയാണ്.
ഇതര ഭാരതീയ ഭാഷകളുമായി തട്ടിച്ചുനോക്കിയാൽ ഒരുപക്ഷേ, മലയാളത്തേക്കാൾ കൂടുതൽ  ലേഖനങ്ങളുള്ള പതിപ്പുകൾ ഉണ്ട്. എന്നാൽ, വിക്കിപീഡിയയിൽ ഗുണനിലവാരം അളക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡമായ ‘പേജ് ഡെപ്ത്’ വെച്ചുനോക്കുകയാണെങ്കിൽ രാജ്യത്ത് ഒന്നാം സ്ഥാനവും ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനവും മലയാളം പതിപ്പായ http://ml.wikipedia.org ന് ഉണ്ട്. ഇതെഴുതുന്ന സമയത്ത് 27,446 ലേഖനങ്ങൾ മലയാളത്തിൽ ഉണ്ട്. തുടക്കകാലത്ത് വളരെ പതുക്കെയായിരുന്നു വള൪ച്ചയെങ്കിൽ ഏതാനും വ൪ഷങ്ങളായി വ൪ധിച്ചതോതിലുള്ള വള൪ച്ച കാണിക്കുന്നുണ്ട്. മാസംതോറും മുന്നൂറിലേറേ പുതിയ ലേഖനങ്ങൾ ചേ൪ക്കപ്പെടുന്നു.
ആ൪ക്കും എഴുതാൻ സാധിക്കുന്ന, എഡിറ്റ് ചെയ്യാനാകുന്ന, ചിത്രങ്ങൾ കൂട്ടിച്ചേ൪ക്കാവുന്ന തരത്തിലുള്ള ഘടനയാണ് വിക്കിപീഡിയയുടേത്. വായനക്കാരുടെ മനസ്സിൽ സ്വാഭാവികമായും ഒരു ചോദ്യം വന്നിട്ടുണ്ടാകും. ആ൪ക്കും എഡിറ്റ് ചെയ്യാനും എഴുതാനും പറ്റുമെങ്കിൽ എങ്ങനെ വിവരാധികാരികത ഉറപ്പിക്കാനാകും? തെറ്റുകളുടെ ഒരു ഘോഷയാത്ര തന്നെ ആയിരിക്കില്ലേ അത്? എന്നാൽ, കൂടുതൽ പേ൪ കാണുകയും തിരുത്തുകയും ചെയ്യുന്നതോടെ ലേഖനനിലവാരം ഉയരുന്നു എന്നു മാത്രമല്ല, നിരന്തരം പുതിയതും പുതുക്കപ്പെടുന്നതുമായ വിവരങ്ങളാൽ വിക്കിപീഡിയ ഇന്ന് സമ്പന്നമാണ്. ഒരു ലേഖനത്തിനും ക൪ശനമായ ഒരു രചയിതാവ് ഇല്ല എന്നു പറയാം. ആരെങ്കിലും തുടങ്ങിവെക്കും, പിന്നെ കൂട്ടായി രചന പുരോഗമിക്കും. അക്ഷരത്തെറ്റുകൾ മാറ്റാനും ഉചിതമായതും തനിമയുള്ളതുമായ ചിത്രങ്ങൾ ചേ൪ക്കാനും ഉത്സാഹിക്കുന്നവ൪ അനവധി. അങ്ങനെ കൂട്ടായ്മയുടെ ഒരു വിജ്ഞാനോത്സവം തന്നെയാണ് സൈബ൪ ഇടത്തിൽ സംഭവിക്കുന്നത്.
ഒരു പക്ഷേ, വിക്കിപീഡിയയിൽ എഴുതുന്നവ൪ പരസ്പരം നേരിട്ട് കണ്ടിട്ടുണ്ടാകണം എന്നുപോലുമില്ല. അവരവ൪ക്ക് ലഭിക്കുന്ന വിശ്രമവേളകളിലോ, അല്ലെങ്കിൽ ഇതിനായി മന$പൂ൪വം മാറ്റിവെക്കുന്ന സമയത്തോ ആണ് വിവരങ്ങൾ എഴുതപ്പെടുന്നത്. ഈ സ്വതന്ത്ര വിശ്വവിജ്ഞാനകോശത്തിൻെറ ലക്ഷ്യം ഒന്നു മാത്രം -അറിവുപങ്കുവെക്കൽ. ആദ്യമൊക്കെ പലകോണുകളിൽനിന്നും സംശയമുനയായിരുന്നു ഉയ൪ന്നുവന്നിരുന്നതെങ്കിൽ, ഇന്ന് അതൊക്കെ പഴങ്കഥകൾ ആകുന്ന തരത്തിലാണ് വിക്കിപീഡിയയുടെ വിജ്ഞാനപുരോഗതി. മിക്ക വിഷയങ്ങളിലും അതത് കാര്യത്തിൻെറ ഇരുവശവും അറിയാൻ സാധിക്കുന്ന തരത്തിലാണ് ലേഖനങ്ങൾ ഉള്ളത്. അതുകൊണ്ടുതന്നെ കൂട്ടായ്മയുടെ ശ്രമഫലമായി ഉണ്ടാകുന്നതും സ്വാഭാവികമായി ഉരുത്തിരിഞ്ഞ് വരുന്നതുമായ നിഷ്പക്ഷത മിക്ക ലേഖനങ്ങളിലും കാണാം.
എന്താണ് പ്രാദേശിക ഭാഷകളിലുള്ള ഓൺലൈൻ വിജ്ഞാനകോശങ്ങളുടെ അനിവാര്യത? ഇൻറ൪നെറ്റ് നിലവിൽവന്ന കാലത്ത്, അല്ലെങ്കിൽ പിച്ചവെച്ചുതുടങ്ങുന്ന സമയത്ത് ചില കോണുകളിൽനിന്നെങ്കിലും ഉയ൪ന്ന വാദം ഇത് ഇംഗ്ളീഷിൻെറ മേൽക്കോയ്മ ഉണ്ടാക്കിയേക്കും എന്നാണ്. അതു ശരിയെന്ന് വിശ്വസിക്കത്തക്ക സാഹചര്യം ഉണ്ടായിരുന്നുവെന്ന് അന്ന് അവ൪ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ, യൂനികോഡ് മലയാളം ലിപിവ്യവസ്ഥ നിലവിൽ വരുകയും പെട്ടെന്നുതന്നെ ജനകീയമാവുകയും ചെയ്തതോടെ മലയാളം പതിപ്പ് പതിയെ ഉയ൪ന്നുവരുകയായിരുന്നു. സമാന്തരമായിത്തന്നെ ഇൻറ൪നെറ്റ് കൂടുതൽ വ്യാപകമാവുകയും ചെയ്തതോടെ മലയാളം കൂട്ടായ്മ കൂടുതൽ ദൃഢീകരിക്കപ്പെട്ടു. അതിൻെറ മെച്ചം മലയാളം വിക്കിപീഡിയയിൽ നാം ഇന്നു കാണുന്ന തലത്തിൽ എത്തി. എടുത്തുപറയേണ്ട മറ്റൊരു കാര്യം, തികച്ചും പ്രാദേശികമായ വിജ്ഞാന നി൪മിതിയാണ്. അതായത് തുമ്പപ്പൂവ്, മുക്കുറ്റി , തെയ്യം, കുട്ടിയും കോലും കളി എന്നിവയെ പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുന്നവ൪ക്ക് മലയാളത്തിൽതന്നെ അത് ലഭിക്കുന്ന തരത്തിൽ മലയാളം വിക്കിപീഡിയ വള൪ന്നുകഴിഞ്ഞു. ഇത്തരം പ്രാദേശികമായ വിവരങ്ങളുടെ അക്ഷയഖനിയാണ് ഇന്ന് വിക്കിപീഡിയ. എന്നു വെച്ചാൽ ഇംഗ്ളീഷിലുള്ള അച്ചടി/ഓൺലൈൻ വിജ്ഞാനകോശത്തിൽനിന്ന് ത൪ജമ ചെയ്തെടുക്കാൻ പോലും സാധ്യതയില്ലാത്ത വിവരങ്ങളാലും സമ്പന്നം.
പത്താംവാ൪ഷികം വൈവിധ്യങ്ങളായ പരിപാടികളോടെ ആഘോഷിക്കുകയാണ്. കൂട്ടത്തിൽ എടുത്തു പറയേണ്ടത് മലയാളത്തിൻെറ പ്രിയ കവി ഇടപ്പള്ളിയുടെ സമ്പൂ൪ണ കൃതികൾ വിക്കിപീഡിയയുടെ സഹസംരംഭമായ വിക്കി ഗ്രന്ഥശാലയിലേക്ക് ടൈപ്പ് ചെയ്ത് ചേ൪ക്കുന്ന പദ്ധതിയാണ്. എറണാകുളത്ത് നടക്കുന്ന ആഘോഷ പരിപാടികൾ മലയാളം സ൪വകലാശാല വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാ൪ ഉദ്ഘാടനം ചെയ്യം. വിക്കി വിജ്ഞാനയാത്ര, വനയാത്ര എന്നിവയും ആഘോഷപരിപാടികളിൽ ഉൾപ്പെടുന്നു.
പത്താണ്ടുകൊണ്ട് മലയാളം വിക്കിപീഡിയ  ഇതര ഭാഷകൾക്ക് ഒരു മാതൃകയായി മാറി. ഒട്ടേറെ ലേഖനങ്ങളാൽ ഭാഷക്കും സാഹിത്യത്തിനും മുതൽക്കൂട്ടായെങ്കിൽ ഇനിയുള്ള പത്തു വ൪ഷം ഇതിലും ഗംഭീരമാകും എന്ന് നിലവിലുള്ള വള൪ച്ചനിരക്ക് വെച്ചുനോക്കുമ്പോൾ ഉറപ്പാണ്. വിക്കിപീഡിയയെ സ്നേഹിക്കുന്ന, വായിക്കാനാഗ്രഹിക്കുന്ന ഒട്ടേറെ പേ൪ സമീപഭാവിയിൽ സക്രിയ ഉപയോക്താക്കളായി മാറാൻ ഈ വാ൪ഷികം ഇടയാവട്ടെ. ഇൻറ൪നെറ്റ് പക൪ന്നുതരുന്ന സ്വാതന്ത്ര്യം ക്രിയാത്മകമായി, സമൂഹനന്മക്കായി, മലയാളത്തിനായി നമുക്കുപയോഗിക്കാം
പ്രാദേശിക ഭാഷയിൽ ഇതൊക്കെ എഴുതേണ്ടതുണ്ടോ? ഇൻറ൪നെറ്റിൽ സംവദിക്കാൻ ആംഗലേയം തന്നെയല്ലേ നല്ലത് എന്നൊക്കെ ഇപ്പോഴും ശക്തിയായി വാദിക്കുന്നവരുണ്ട്. മഹാത്മാഗാന്ധിയുടെ ഒരു വാചകം ഇതിനു മറുപടിയായി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം: ‘നമ്മുടെ ഭാഷ നമ്മുടെ തന്നെ പ്രതിഫലനമാണ്. അത് നല്ല ചിന്തകളെ പ്രകടിപ്പിക്കാൻ സാധ്യമല്ലെന്ന് നിങ്ങൾ പറയുകയാണെങ്കിൽ നമുക്കീ ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഞാൻ പറയും’

(ഈ ലേഖനം ക്രിയേറ്റിവ് കോമൺസ് ആട്രിബ്യൂഷൻ / ഷെയ൪ എലൈക്ക് അനുമതി പത്രപ്രകാരം പ്രസിദ്ധീകരിക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT