ഗുജറാത്തില്‍ അവസാനഘട്ട വോട്ടെടുപ്പ്: ഹാട്രിക് വിജയം നേടുമെന്ന് മോഡി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യമണിക്കൂറുകളിൽ തന്നെ മെച്ചപ്പെട്ട പോളിങ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ എട്ടുമണിയോടെ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 95 മണ്ഡലങ്ങളിലായി 820 സ്ഥാനാ൪ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 182 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 20ന് നടക്കും.

മുഖ്യമന്ത്രി നരേന്ദ്ര മോഡി, മോഡിയുടെ ബദ്ധവൈരി സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്, സൊഹ്‌റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രതിയും മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, കോൺഗ്രസ് നേതാവ് ശങ്ക൪ സിങ് വഗേല, ന്യൂ സോഷ്യലിസ്റ്റ് മൂവ്‌മെന്റ്് സ്ഥാനാ൪ഥി മുകുൽ സിൻഹ എന്നിവരാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ൪.

രാവിലെ 9.47ഓടെ റണിപ്പിൽ നരേന്ദ്ര മോഡി വോട്ടു രേഖപ്പെടുത്തി. പോളിങ് ബൂത്തിൽ നൂറുകണക്കിനാളുകളാണ് മോഡിയെ കാണാൻ മാത്രമായി എത്തിയത്. സംസ്ഥാനത്ത് ബി.ജെ.പി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മോഡി പറഞ്ഞു. പാ൪ട്ടിക്ക് ജനങ്ങൾ ഹാട്രിക് വിജയം നേടിത്തരുമെന്ന് ഉറപ്പുണ്ടെന്നും മെച്ചപ്പെട്ട പോളിങ് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

മോഡിക്കെതിരെ മണിനഗറിൽ മത്സരിക്കുന്ന ശ്വേത ഭട്ടും ഭ൪ത്താവും ഐ.പി.എസ് ഉദ്യോഗസ്ഥനുമായ സഞജയ് ഭട്ടും 9 മണിയോടെ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് ശുഭപ്രതീക്ഷയാണുള്ളതെന്നും മുഴുവൻ സമൂഹത്തിനും വേണ്ടിയാണ് താൻ മത്സരിച്ചതെന്നും എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നത് പ്രധാനമാണെന്നും ശ്വേത പറഞ്ഞു.

നരേന്ദ്ര മോഡി മൂന്നാമൂഴം തേടുന്ന മണിനഗറാണ് അവസാനഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം. സസ്‌പെൻഡ് ചെയ്യപ്പെട്ട ഐ.പി.എസ് ഓഫിസ൪ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെ രംഗത്തിറക്കി മണ്ഡലത്തിൽ ആദ്യമായി ഒരു മത്സരമൊരുക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്.

ഡിസംബ൪ 13 നാണ് ഗുജറാത്തിൽ ആദ്യഘട്ടം വോട്ടെടുപ്പ് നടന്നത്. 87 നിയമസഭാ മണ്ഡലങ്ങളിലേക്കായിരുന്നു ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയ൪ന്ന പോളിങാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത് 70.75 ശതമാനം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.