കുന്നംകുളം: മനോധൈര്യം കൈവിടാതെ കിണറ്റിലെ ഇരുളിൽ നിന്ന് വിബിൻഷാ പിടിച്ചുകയറിയത് ജീവിതത്തിലേക്ക്. കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഏഴാം വിദ്യാ൪ഥിയായ 12കാരൻ 20 മിനിറ്റ് നേരം കിണറ്റിൽ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് കഴിഞ്ഞത്.
സ്കൂൾ പരിസരത്തുള്ള പറമ്പുകളും അതിലെ ആൾമറയില്ലാത്ത കിണറുകളും സുപരിചിതരായ വിദ്യാ൪ഥികൾ വടക്കാഞ്ചേരി റോഡിലേക്ക് കടക്കാൻ ഇത്തരത്തിലുള്ള എളുപ്പവഴികളാണ് ഉപയോഗിക്കാറുള്ളത്. പതിവുപോലെ കൂട്ടുകാരോടൊപ്പം ഓടിപ്പോകുന്നതിനിടെ പുല്ല് വള൪ന്ന് നിൽക്കുന്നതിനാൽ കിണറാണെന്ന് മനസ്സിലാകാതെ അതിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവ൪ നിലവിളിച്ച് ഒടിയെത്തിയപ്പോഴാണ് സ്കൂൾ അധികൃത൪ അപകട വിവരമറിയുന്നത്. 25 അടി താഴ്ചയുള്ള കിണറ്റിൽ എട്ട് അടിയോളം വെള്ളം ഉണ്ടായിരുന്നു.
രണ്ടടി മാത്രം വ്യാസമുള്ള കിണറിലേക്ക് വീണയുടനെ പൂ൪ണമായി മുങ്ങി പൊങ്ങിയ വിബിൻഷാക്ക് വെപ്രാളത്തിൽ പിടികിട്ടിയത് ചെറിയ മൺതിട്ടായിരുന്നു. ഉടനെ കിണറിൻെറ പാമ്പിരിയിൽ ചവിട്ടി ഉറച്ചുനിന്നു. പിന്നീട് ഓടിയെത്തിയവ൪ ഇട്ടുകൊടുത്ത കയറിലായി പിടിത്തം.
തുട൪ന്ന് ഫയ൪ഫോഴ്സ് വലയിറക്കുമ്പോൾ ധൈര്യം ചോ൪ന്നുപോകാതെ അതിൽ കയറുകയായിരുന്നു. ആ സമയം വരെയും ജീവൻമരണ പോരാട്ടത്തിലായിരുന്നു.
ചുറ്റും കൂടിനിന്നിരുന്ന നൂറുകണക്കിന് വിദ്യാ൪ഥികളും അധ്യാപകരും ചേ൪ന്ന് ഫയ൪ഫോഴ്സ് പുറത്തേക്ക് വലിച്ച് കയറ്റിയ വിബിൻഷായെ കരങ്ങൾ അടിച്ച് സ്വീകരിച്ചു. ഇതിലൂടെ നേടാനായത് നവജീവിതത്തിലേക്കായിരുന്നു. സ്കൂളിന് പിറകിൽവേണ്ടത്ര സുരക്ഷിത മതിൽ ഇല്ലാത്തതിനാലാണ് വിദ്യാ൪ഥികൾ അപകടത്തിൽപെടുന്നത്.
ആളൊഴിഞ്ഞ ഇതേ പറമ്പിൽ മറ്റൊരു കിണറും അപകട ഭീഷണി ഉയ൪ത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.