കണ്ണൂ൪: ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കൾക്ക് വേണ്ടിയുള്ള മത്സര പരീക്ഷ പരിശീലന കേന്ദ്രത്തിൻെറ ഉപകേന്ദ്രം കണ്ണൂരിൽ തുടങ്ങുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി കണ്ണൂ൪ ഇസ്ലാമിക് സെൻററിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയാൽ സാമ്പത്തിക കാര്യങ്ങൾ സ൪ക്കാ൪ വഹിക്കും. പയ്യന്നൂരിലാണ് പരിശീലന കേന്ദ്രം പ്രവ൪ത്തിക്കുന്നത്. ഇതടക്കം അഞ്ചു കേന്ദ്രങ്ങളാണ് കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാ൪ ആരംഭിച്ചത്. യു.ഡി.എഫ് സ൪ക്കാ൪ വന്നതോടെ ഇത് എല്ലാ ജില്ലകളിലും സ്ഥാപിച്ചു. പരിശീലനത്തിന് കുട്ടികളുണ്ടെങ്കിൽ സൗകര്യപ്രദമായ എവിടെയും കേന്ദ്രം തുടങ്ങാൻ തയാറാണെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് വേണ്ടി കേന്ദ്ര സ൪ക്കാ൪ മുതൽ പഞ്ചായത്തുകൾ വരെ നടപ്പാക്കുന്ന പദ്ധതികൾ സമൂഹത്തിലെത്തിക്കാൻ ആയിരം പ്രൊമോട്ട൪മാരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്ക് വേണ്ടി രണ്ട് ലക്ഷം രൂപ ചെലവിൽ വീടുകൾ നി൪മിച്ച് നൽകും. ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകൾ നടത്തുന്ന സ്വയംസഹായ സംഘങ്ങൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ മൂന്ന് ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിനുള്ള കമീഷൻ മൂന്നുമാസം കൂടുമ്പോൾ ജില്ലാ കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്യും. സ്ഥാപനങ്ങൾക്ക് നേരിട്ട് കമീഷനെ സമീപിക്കാനും ഇടനിലക്കാരെയും കമീഷൻ സംവിധാനവും ഇല്ലാതാക്കാനും ഇതുമൂലം കഴിയും. കേന്ദ്ര സ൪ക്കാറിൻെറ ന്യൂനപക്ഷ വിദ്യാ൪ഥികൾക്കുള്ള സ്കോള൪ഷിപ് ജനസംഖ്യക്ക് ആനുപാതികമായി നൽകുന്നതിന് പകരം അപേക്ഷകളുടെ എണ്ണത്തിനനുസരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്റസ അധ്യാപക൪ക്കുള്ള ക്ഷേമനിധി പെൻഷൻ ഭാവിയിൽ വ൪ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസിലും സൈന്യത്തിലും ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ അവസരമൊരുക്കുന്നതിനായി പ്രീ റിക്രൂട്ട്മെൻറ് ട്രെയിനിങ് സെൻററുകൾ തുടങ്ങിയിട്ടുണ്ട്. മറ്റു സമുദായങ്ങളുടെ ഒരവകാശവും വേണ്ടെന്നും എന്നാൽ, അ൪ഹതപ്പെട്ട അവകാശങ്ങൾ കവ൪ന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അസ്ലം തങ്ങൾ അൽമശ്ഊ൪ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ പ്രസിഡൻറ് കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡൻറ് വി.കെ. അബ്ദുൽഖാദ൪ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ലാ പ്രസിഡൻറ് പി.കെ.പി. അബ്ദുസലാം മുസ്ലിയാ൪, പി.ടി. മുഹമ്മദ് മാസ്റ്റ൪ എന്നിവ൪ സംസാരിച്ചു. സി.എച്ച്. അബൂബക്ക൪ ഹാജി ഉപഹാരം നൽകി. ഹാശിം കുഞ്ഞി തങ്ങൾ പ്രാ൪ഥന നി൪വഹിച്ചു. അശ്റഫ് ബംഗാളി മുഹല്ല സ്വാഗതവും ആ൪. അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.