കുഞ്ഞുങ്ങളുടെ പനി ഗുരുതര രോഗമല്ല

ശിശുരോഗ വിദഗ്ദൻ ‘മിംസ്’ഹോസ്പിറ്റൽ, കോഴിക്കോട്

 
പനി കുട്ടികൾക്കും വലയവ൪ക്കും ഒരുപോലെ  വരുന്ന ഒരു സാധാരണ രോഗമാണ്. ചെറിയ കുഞ്ഞുങ്ങൾക്ക് വരുന്ന ഓരോ പനിയും വൈറസ്, ബാക്ടിരിയ തുടങ്ങിയ രോഗാണുക്കളോട് പ്രതിരോധശേഷി കൈവരിക്കാനുള്ള അവസരങ്ങളുമാണ്. ഇത്തരം പനികളിലൂടെ പ്രതിരോധശേഷി നേടിയാണ് ഓരോ കുഞ്ഞും വളരേണ്ടത്. അതുകൊണ്ടുതന്നെ ആവശ്യത്തിൽ കൂടുതൽ ശ്രദ്ധയോ ഒരു ഗുരുതര രോഗത്തോടെന്നപോലുള്ള സമീപനമോ പനിയോട് വേണ്ടതില്ല.
മുമ്പ് നിസാര ഗൃഹവൈദ്യം കൊണ്ട് നാം നേരിട്ടിരുന്ന പനി ഇന്ന് പല പേരുകളിലായെത്തി സമൂഹത്തെ ഭയപ്പെടുത്തുകയാണ്്. സാധാരണയായി ശരീരത്തിൻെറ ഏതെങ്കിലും ഭാഗത്ത് രോഗാണുബാധ ഉണ്ടാവുമ്പോൾ മാത്രമാണ് പനി പ്രത്യക്ഷപ്പെടുക. അപൂ൪വമായി ഭക്ഷ്യവിഷബാധയുണ്ടാകുമ്പോഴും ശരീരം പനിയിലൂടെ പ്രതികരിക്കാറുണ്ട്. 
കുഞ്ഞുങ്ങൾക്ക് വല്ലപ്പോഴും വരുന്ന പനി  എല്ലായിപ്പോഴും ഭയപ്പെടേണ്ട ഒന്നല്ല. മിക്കവാറും ഒന്നോ രണ്ടോ നേരം  സാധരണ നൽകാറുള്ള പാരസെറ്റമോൾ എന്ന മരുന്ന് കൃത്യമായ അളവിൽ നൽകിയാൽ ഇത്തരം പനികൾ മാറിയേക്കും. എന്നാൽ രോഗം നീണ്ടുനിൽക്കുന്ന പക്ഷം നി൪ബന്ധമായും വൈദ്യസഹായം തേടേണ്ടതാണ്. ചെറിയ കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ പനിക്കുള്ള മരുന്ന് എപ്പോഴും കരുതേണ്ടതാണ്. രാത്രികാലങ്ങളിലോ പെട്ടെന്ന് ചികിൽസ ലഭ്യമാക്കാൻ പ്രയാസമുള്ള ഘട്ടങ്ങളിലോ പനിവരുന്ന പക്ഷം നൽകാനാണിത്. എന്നാൽ ഇങ്ങിനെ മരുന്ന് നൽകുമ്പോൾ അളവ് കൂടിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗിയുടെ പ്രായത്തിനും തൂക്കത്തിനും അനുസൃതമായി നി൪ദ്ദേശിച്ച അളവിൽ മാത്രമേ  മരുന്നു നൽകാവു. അല്ലാത്തപക്ഷം അത് മാരകമായി തീരാനിടയുണ്ട്. അതുപോലെത്തന്നെ ഇത്തരം മരുന്നുകൾക്ക് റിയാക്ഷൻ ഉള്ള കുട്ടികൾക്കും ഇവ നൽകരുത്. പുതിയതായി കാണിക്കുന്ന ഡോക്ടറോടും മരുന്നിൻെറ റിയാക്ഷനെ കുറിച്ച് പറയേണ്ടതാണ്. 
കുഞ്ഞുങ്ങൾക്കുള്ള പാസെറ്റമോൾ സിറപ്പുകളും മറ്റും അവ൪ക്കിഷ്ടമുള്ള സ്വാദിലാണ് മരുന്നു കമ്പനികൾ പുറത്തിറക്കുന്നത്. ചോക്കലൈറ്റ്, ഐസ്ക്രീം, ഓറഞ്ച് തുടങ്ങിയ രുചികളിൽ ഇറക്കുന്ന ഇവ കുഞ്ഞുങ്ങൾ സ്വയം കഴിക്കാതിരിക്കാൻ അവ൪ക്ക് ലഭിക്കാത്തിടങ്ങളിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്. 
അഞ്ചുവയസുവരെയുള്ള പ്രായത്തിനിടെ പനിയോടൊപ്പം ചില കുട്ടികൾക്ക് അപസ്മാരവും കണ്ടുവരാറുണ്ട് . അതുകൊണ്ടാണ് ഡോക്ടറെ കാണാൻ താമസമുള്ള പക്ഷം പനികൂടും മുമ്പ് കുഞ്ഞുങ്ങൾക്ക് വീട്ടിൽവെച്ചുതന്നെ മരുന്ന് നൽകാൻ പറയുന്നത്. 
യഥാ൪ഥത്തിൽ ഒരു വ്യക്തിയുടെ ശരീരത്തിൽ രോഗണുബാധയുണ്ടായ ഉടൻ പനി പ്രത്യക്ഷപ്പെടുകയില്ല. വൈദ്യശാസ്ത്രം ‘ഇൻകുബേഷൻ പിരിയഡ്’ എന്നുവിളിക്കുന്ന ചെറിയ കാലയളവിന് ശേഷം മത്രമായിരിക്കും പനിയുടെ വരവ്. രോഗണുക്കൾ ശരീരത്തിനകത്ത് പെറ്റുപെരുകി ശക്തിയാ൪ജിക്കാൻ എടുക്കുന്ന സമയമാണിത്. പല രോഗങ്ങൾക്കും ഈ കാലയളവ് വ്യത്യസ്തമായിരിക്കും. മലേരിയ, ചികുൻഗുനിയ തുടങ്ങിയവക്ക് രണ്ടാഴ്ചയാണ് ഇൻകുബേഷൻ പിരിയഡെങ്കിൽ മുണ്ടിനീരിനിത് മൂന്നാഴ്ചയാണ്. പക്ഷെ ഭക്ഷ്യവിഷബാധയുണ്ടാകുമ്പോൾ ആറുമണിക്കൂ൪ കഴിയും മുമ്പുതന്നെ പനി ഉണ്ടായേക്കാം.
വൃത്തിഹീനമായ ചുറ്റുപാടുകളും സമ്പ൪ക്കങ്ങളും ഭക്ഷണവും  വെള്ളവുമാണ് പലപ്പോഴും രോഗാണുബാധക്കും തുട൪ന്ന് പനിക്കും കാരണമാകുന്നത്. കുഞ്ഞുങ്ങളെ ശുചിത്വമുള്ള ചുറ്റുപാടുകളിൽ മാത്രം കളിക്കാൻ അനുവദിക്കുക, ഭക്ഷണത്തിന് മുമ്പ് കൈകൾ ശരിയായ രീതിയിൽ വൃത്തിയക്കാൻ പരിശിലിപ്പിക്കുക, മലമൂത്ര വിസ൪ജനത്തിനു ശേഷം ശരീരഭാഗങ്ങൾ വേണ്ടത്ര ശുചിയായി സൂക്ഷിക്കാൻ ബോധവത്കരിക്കുക, രോഗബാധയുള്ള ഇടങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രതിരോധത്തിൻെറ ഭാഗമായി മാതാപിതാക്കൾ ചെയ്യേണ്ടത്. 
ആശുപത്രികളിൽ രോഗികളെ സന്ദ൪ശിക്കാൻ പോകുമ്പോൾ കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത് നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന തെറ്റായ ഒരു പ്രവണതയാണ്. ഈ പ്രവണത നി൪ബന്ധമായും ഒഴിവാക്കേണ്ടതാണ്. പലപ്പോഴും രോഗികളും രോഗാണുക്കളും നിറഞ്ഞയിടങ്ങളിലേക്കുള്ള ഇത്തരം സന്ദ൪ശനങ്ങളിലൂടെയാണ് കുഞ്ഞുങ്ങൾ രോഗികളായി മാറുന്നത്. 
ഉൽസവപറമ്പുകൾ, തിരക്കേറിയ നഗരഭാഗങ്ങൾ, തിരക്കുള്ള വാഹനങ്ങൾ എന്നിവിടങ്ങളിലേക്ക് കുട്ടികളെ കഴിവതും കൊണ്ടുപോകാതിരിക്കുക തുടങ്ങിയവക്കു പുറമെ ബൈക്കിൽ കുട്ടികളെ മുന്നിലിരുത്തി യാത്ര ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്. 
പനി വന്നുകഴിഞ്ഞാൽ അസുഖം മാറുന്നതുവരെ കുട്ടികളെ സ്കൂളിൽ വിടരുത്. ഇത് രോഗം വ൪ധിക്കാനിടയാക്കും എന്നതിന് പുറമെ രോഗം മറ്റുകുട്ടികളിലേക്ക് പകരുവാനും ഇടയാവും.
വൈറൽപനി സാധാരണ നിലക്ക് അപകടകാരിയല്ല.  കൂടെ ച൪ദ്ദിയും ചിലരിൽ വയറിക്കവും കണ്ടുവരുന്നതാണ് ചില വൈറൽപനിപനിയുടെ പ്രത്യേകത. ശരിയായ വിശ്രമവും ചികിൽസയും കൊണ്ടുതന്നെ ഒരാഴ്ചക്കിടെ നിയന്ത്രിക്കാനാവുമിത്. വയറിളക്കവും ച൪ദ്ദിയും ഉള്ളപക്ഷം ഉടൻ ആശുപത്രിയിൽ ചികിൽസ തേടണം. അല്ലാത്ത പക്ഷം ശരീരത്തിലെ ജലാംശം നഷ്ടമായി സ്ഥിതി ഗുരുതരമായേക്കാം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.