അസമയങ്ങളില്‍ പേരൂര്‍ക്കട-വഴയില-തുരുത്തുംമൂല വേറ്റിക്കോണം ഭാഗങ്ങളില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്... ഇരുളിന്‍െറ മറവില്‍നിന്ന് ഒരു ഗാനം ഒഴുകിവന്നാല്‍ പേടിച്ച് നിലവിളിക്കുകയോ ഭയന്ന് ഓടുകയോ ചെയ്യരുത്. അത് ഭൂതപ്രേതാദികളല്ല, തദ്ദേശതെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെട്ട ഒരു പാവം നേതാവ് ദു$ഖം സഹിക്കവയ്യാതെ പാടിപ്പോകുന്ന ശോകഗാനമാണ്. സീറ്റുകിട്ടാതെ പോയ അസംഖ്യം നിര്‍ഭാഗ്യര്‍ക്കിടയില്‍ ഒരു വേറിട്ട കഥയാണ് ഈ നേതാവിന് പറയാനുള്ളത്.
ലീഡറുടെ കടുത്ത ഭക്തനായിരുന്നു കഥാനായകന്‍. ലീഡര്‍ ജീവിച്ചിരുന്നകാലത്ത് എന്തുപറഞ്ഞാലും വള്ളിപുള്ളി വിടാതെ അക്ഷരംപ്രതി പാലിച്ചുകളയുന്ന പ്രകൃതം. മുരളീധരനെ കാണണമെന്ന് ലീഡര്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ മുരളീധരനെമാത്രമല്ല, പുള്ളിയുടെ ഓടക്കുഴലുവരെ മുന്നിലത്തെിക്കുന്ന വിശ്വസ്തവിധേയന്‍. അതുകൊണ്ടുതന്നെ ലീഡര്‍ എന്‍.സി.പിയില്‍ പോയപ്പോള്‍ കൂടെപ്പോയി. പിന്നീട് ഡി.ഐ.സിയിലേക്കും ചേക്കേറി. ആ പേരില്‍ വട്ടിയൂര്‍ക്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒപ്പിച്ചെടുത്ത സീറ്റില്‍ ജയിച്ചുകയറുകകൂടി ചെയ്തപ്പോള്‍ ഇനി ഊര്‍ധ്വന്‍ വലിക്കുംവരെ ജനപ്രതിനിധിയായി കഴിയാം എന്ന് ആശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെയാണ് പെരുമ്പാമ്പിന്‍െറ രൂപത്തിലത്തെിയ നഗരസഭ വട്ടിയൂര്‍ക്കാവ് പഞ്ചായത്തിനെ വിഴുങ്ങിയത്. അതോടെ ഒരിക്കല്‍ പടിയിറങ്ങിയ കോണ്‍ഗ്രസ് കുടുംബത്തില്‍ വീണ്ടും തിരിച്ചത്തെി.
എന്നാല്‍ പിന്നീടും സമാനഹൃദയരുമായി നിരന്തര ചര്‍ച്ചകളും വാദപ്രതിവാദങ്ങളിലും രഹസ്യമായി തുടര്‍ന്നു. ഇങ്ങനെ ചര്‍ച്ചകള്‍ കൊടുമ്പിരി ക്കൊണ്ട അവസരത്തിലാണ് തെരഞ്ഞെടുപ്പുവന്നത്. പാര്‍ട്ടിക്കാരുടെയും തന്നോടൊപ്പമുള്ള അണികളുടെയും പിന്‍ബലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിതനായ കഥാനായകന്‍ വരണാധികാരിക്കുമുന്നില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് വാര്‍ഡില്‍ പണിതുടങ്ങി. സ്ഥലത്തെ പ്രമാണിമാരെ സ്വാധീനിച്ച് പത്തുമുപ്പത് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളും അടിച്ചു. പ്രചാരണതയാറെടുപ്പുകള്‍ ഇങ്ങനെ സജീവമായതിനിടെയാണ് കുട്ടൂസന്‍ മായാവിയെ കുപ്പിയിലാക്കുന്നപോലെ കുബുദ്ധികളായ ചിലകോണ്‍ഗ്രസ് ദുര്‍മന്ത്രവാദികള്‍ സ്ഥാനാര്‍ഥിയെ ബന്ധനസ്ഥനാക്കിയത്.
അടുത്തിടെ സ്ഥാനാര്‍ഥി അജ്ഞാതകേന്ദ്രത്തില്‍ പാതിരാത്രി കഴിഞ്ഞും നീണ്ട ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന്‍െറയും ഘോരഘോരം വിഷയാവതരണം നടത്തുന്നതിന്‍െറയും മൊബൈല്‍ കാമറ ദൃശ്യങ്ങള്‍ കെ.പി.സി.സിയിലെ പെരുന്തച്ചന്‍െറ വാട്സ്ആപ്പിലേക്ക് എതിരാളികള്‍ അയച്ചുകൊടുത്തതാണ് പാരയായത്. പ്രസ്തുത ദൃശ്യങ്ങള്‍ കണ്ടതോടെ കഥാനായനെ ഇക്കുറി മത്സരിപ്പിക്കേണ്ടെന്ന് സുധീരമായ നിലപാട് എടുത്തു. ഇപ്പോള്‍ വീടിനു ചുറ്റും സൂക്ഷിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകളില്‍ തന്നത്തെന്നെ ചൂഴ്ന്നുനോക്കുന്ന സ്വന്തം ചിത്രങ്ങളെ സാക്ഷിയാക്കി അസമയങ്ങളില്‍ മോഹങ്ങള്‍ മരവിച്ചു,മോതിരക്കൈ മുരടിച്ചു തുടങ്ങി വിലാപഗാനങ്ങളും പാടിക്കഴിയുകയാണ് പാവം നേതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.