സ്ഥാനാര്‍ഥികള്‍ക്കായി ഇസ്മു ഉസ്താദ് പാട്ടെഴുതുകയാണ്

വടുതല: അടിപൊളി പാട്ടുകളില്ലാതെ എന്ത് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുകളിലെല്ലാം ഒഴിച്ചുകൂടാത്ത വിഭവമാണ് പാരഡി ഗാനങ്ങള്‍. മത്സരകാലത്താണ് പാട്ടെഴുത്തുകാര്‍ക്ക് പ്രിയം കൂടുന്നത്. അതിന് പ്രായഭേദമില്ല. ഇവിടെ 64കാരനായ ഇസ്മു ഉസ്താദും പാട്ടെഴുത്തിന്‍െറ തിരക്കിലാണ്. കാഴ്ചക്കുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടെങ്കിലും ഇസ്മു ഉസ്താദിന്‍െറ സര്‍ഗപ്രതിഭ നന്നായി തിളങ്ങുന്ന സമയമാണിത്. ആര് ചോദിച്ചാലും പാട്ട് എഴുതിക്കൊടുക്കും. അവിടെ രാഷ്ട്രീയമോ മറ്റ് പക്ഷഭേദമോ ഇല്ല. രാവിലെ യു.ഡി.എഫിന് പാട്ടെഴുതിയാല്‍ വൈകുന്നേരം എല്‍.ഡി.എഫിനായിരിക്കും എഴുതുക. ഉസ്താദ് പണ്ട് കോണ്‍ഗ്രസുകാരനായിരുന്നു.

ഇപ്പോള്‍ പി.ഡി.പി പ്രവര്‍ത്തകന്‍. എങ്കിലും പാട്ടെഴുതാനുള്ള വൈഭവം അറിയാവുന്ന രാഷ്ട്രീയക്കാര്‍ സമീപിച്ചാല്‍ ആരോടും പറ്റില്ളെന്ന് പറയില്ല. മതപഠനവും എഴുത്തുമെല്ലാം ഒരുപോലെ കൊണ്ടുപോകുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വെച്ചാണ് പാട്ടെഴുതുന്നത്. 27 വര്‍ഷം മദ്റസ അധ്യാപകനായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥികളും പാട്ടെഴുത്തിനായി സമീപിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും വേണ്ടിയുള്ള പാട്ടുകളുടെ വരികള്‍ മനസ്സില്‍ വരുമ്പോള്‍ അപ്പോള്‍ തന്നെ അത് ഡയറിയില്‍ കുറിച്ചുവെക്കും. മാപ്പിളപ്പാട്ടിന്‍െറ ട്യൂണിലാണ് കൂടുതല്‍ പാട്ടുകളും എഴുതിയിട്ടുള്ളത്. ഇത്തവണ വ്യക്തികളെ നോക്കിയെ വോട്ടുചെയ്യൂവെന്നും ഉസ്താദ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.