കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കൂട്ട വെട്ടിനിരത്തലില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പഴയ ജോസഫ് വിഭാഗക്കാരില്‍ പ്രതിഷേധം പുകയുന്നു. തര്‍ക്കമുള്ള സ്ഥലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച ഹൈപവര്‍ കമ്മിറ്റി തീരുമാനംപോലും തള്ളി പലയിടങ്ങളിലും ജോസഫുകാരെ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. ജില്ലാ-സംസ്ഥാന നേതൃനിരയില്‍ മാണിക്കൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്കാണ് മുന്‍തൂക്കമെന്നതിനാല്‍ താഴത്തേട്ടില്‍ ജോസഫുകാരെ വ്യാപകമായി തഴയുകയായിരുന്നത്രെ. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കാഞ്ഞിരപ്പള്ളിയില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വൈക്കം ഡിവിഷനില്‍ പി.ജെ. ജോസഫിന്‍െറ സഹോദരിയുടെ മകനായ പോള്‍സണ്‍ ജോസഫ് എന്നിവരാണ് പഴയ ജോസഫ് വിഭാഗക്കാരായി രംഗത്തുള്ളത്. ഇതില്‍ വൈക്കം ഇടതു ശക്തികേന്ദ്രമാണ്.
എല്‍.ഡി.എഫിനൊപ്പം ഉണ്ടായിരുന്നപ്പോള്‍ നാല് സീറ്റുകളിലായിരുന്നു ജില്ലാ പഞ്ചായത്തിലേക്ക് ജോസഫ് ഗ്രൂപ് മത്സരിച്ചിരുന്നത്.
അതിരമ്പുഴയില്‍ മെക്കിള്‍ ജയിംസിന് സീറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അവസാനനിമിഷം തന്ത്രപരമായി തഴഞ്ഞതായി ജോസഫിനോടടുത്തുനില്‍ക്കുന്നവര്‍ പറയുന്നു. മൈക്കിള്‍ ജയിംസ് വിമതനായി മത്സരിക്കാന്‍ രംഗത്തത്തെിയെങ്കിലും നേതൃത്വം ഇടപ്പെട്ട് പിന്‍മാറ്റുകയായിരുന്നു.
തൃക്കൊടിത്താനത്ത് വിനു ജോബ് ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും ഇയാളെയും തഴഞ്ഞു. ഇതിനുപുറമേ, അയ്മനം, കടുത്തുരുത്തി, ആര്‍പ്പൂക്കര, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, ഏറ്റുമാനൂര്‍, അതിരമ്പുഴ മേഖലകളിലെ പഞ്ചായത്തുകളിലും ബ്ളോക്കുകളിലും സീറ്റ് അവകാശവാദവുമായി രംഗത്തുണ്ടായിരുന്ന ജോസഫ് വിഭാഗക്കാരില്‍ ഭൂരിഭാഗത്തെയും വെട്ടിമാറ്റിയതായും ഇവര്‍ പരാതിപ്പെടുന്നു. മന്ത്രി പി.ജെ. ജോസഫും ഫ്രാന്‍സിസ് ജോര്‍ജും പലതവണ ഇടപെട്ടെങ്കിലും പ്രാദേശിക എതിര്‍പ്പുണ്ടെന്ന പേരില്‍ തഴയുകയായിരുന്നുവെന്നും ഈ വിഭാഗം നേതാക്കള്‍ പറയുന്നു.
അതിനിടെ, ചില പഴയ ജോസഫ് ഗ്രൂപ്പുകാര്‍ക്ക് എല്‍.ഡി.എഫ് സീറ്റ് വാഗ്ദാനം നല്‍കിയെങ്കിലും പി.ജെ. ജോസഫ് ഇടപെട്ട് തടയുകയായിരുന്നത്രെ. ചിലര്‍ വിമതവേഷം കെട്ടാന്‍ തയാറായെങ്കിലും ഇവരെയും തടഞ്ഞത്രെ. ജോസഫ് വിഭാഗം ലയിക്കുമ്പോള്‍ ഏറ്റുമാനൂരില്‍ അഞ്ച് പഞ്ചായത്ത് അംഗങ്ങളായിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നത്. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം അടക്കം രണ്ട് മെംബര്‍മാരുമുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഇവിടെ ഒരാള്‍ക്ക് മാത്രമാണ് മത്സരിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി-ജോസഫ് ലയനത്തിന് തൊട്ടുപിന്നാലെയത്തെിയ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് പേരിന് മാത്രമായിരുന്നു സീറ്റുകള്‍. എല്‍.ഡി.എഫിലായിരുന്നപ്പോള്‍ വിജയിച്ച സീറ്റുകള്‍ പോലും ഇവര്‍ക്ക് കൈവിടേണ്ടിവന്നു. ഇത് വ്യാപക അമര്‍ഷത്തിനിടയാക്കിയെങ്കിലും തുടക്കമെന്ന നിലയില്‍ അതൃപ്തി പലരും ഉള്ളിലൊതുക്കി.
ഇത്തവണയും സമാന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടതോടെ ഇടപെടല്‍ ആവശ്യപ്പെട്ട് ജോസഫ് വിഭാഗം നേതാക്കള്‍ പി.ജെ. ജോസഫിനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജിനെയും കണ്ടിരുന്നു. ചര്‍ച്ചകള്‍ സജീവമാകുന്നതോടെ ഇടപെടാമെന്ന് പ്രാദേശിക നേതാക്കള്‍ക്ക് ഇവര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇവരുടെ ആവശ്യവും തള്ളി പ്രാദേശിക തലത്തില്‍ മറ്റ് പലരെയും നിയോഗിക്കുകയായിരുന്നു. പല നേതാക്കളുടെയും അറിവോടെയാണ് ഇത്തരം നീക്കമുണ്ടായതെന്നും ഇവര്‍ പറയുന്നു.
ജോസഫ് വിഭാഗത്തിന്‍െറ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കോട്ടയത്ത് നേതാവില്ലാത്തതാണ് തിരിച്ചടിയാവുന്നതെന്നും ഇവര്‍ പരിതപിക്കുന്നു. എല്‍.ഡി.എഫിനൊപ്പമായിരുന്നപ്പോള്‍ ജോസഫ് വിഭാഗത്തെ ജില്ലയില്‍ നയിച്ചിരുന്ന കടുത്തുരുത്തി എം.എല്‍.എ കൂടിയായ മോന്‍സ് ജോസഫിന് ഇപ്പോള്‍ കെ.എം. മാണിയോടാണത്രെ കൂടുതല്‍ താല്‍പര്യം. ചിലര്‍ക്കുവേണ്ടി ഇടപെട്ടെങ്കിലും മോന്‍സ് ജോസഫിന് കടുംപിടിത്തം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, ഞീഴൂര്‍ പഞ്ചായത്ത് 14ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് ബോബന്‍ മഞ്ഞളാമല വിമതനായി രംഗത്തുണ്ട്. അതേസമയം, അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സീറ്റ് നല്‍കിയിട്ടുണ്ടെന്നാണ് മാണിയോടടുത്തുനില്‍ക്കുന്നവരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.