ഒച്ചവെക്കുന്ന ‘ഉച്ചനീചന്മാര്‍’

‘‘നാമറിയാത്ത നമ്മെ അറിയാത്ത നമ്മുടെ പ്രിയപ്പെട്ട സാരഥിയിതാ ഈ വാഹനത്തിന്‍െറ തൊട്ടുപിന്നിലായി നടന്നുവരുന്നു, ആശീര്‍വദിക്കുക, അനുമോദിക്കുക, ഒരായിരം പുഷ്പങ്ങള്‍ വാരിയെറിയുക...’’ ഉറക്കെയുറക്കെ പറയാന്‍ വരട്ടെ. എല്ലാത്തിനും കണ്‍ട്രോള്‍ വേണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശം. പാലിച്ചില്ളെങ്കില്‍ കുരവള്ളിക്ക് പിടിക്കും. പൊലീസ് ഏമാന്മാരില്‍നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങിയാലേ ഉച്ചഭാഷിണി ഉപയോഗിക്കാനാവൂ. അതും രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും പരിസരത്തേക്ക് അടുക്കാനും പാടില്ല.

പള്ളിയിലോ ക്ഷേത്രത്തിലോ വെച്ച് ആരെങ്കിലും ‘കോണി’യില്‍ ചാരുകയോ അരിവാളോ താമരയോ ‘കൈ’ കൊണ്ട് തൊടുകയോ ചെയ്താല്‍ വിവരമറിയും. അവിടത്തെ മൈക്കും ഭജനക്കോ ബാങ്ക് വിളിക്കോ ഒക്കെയുള്ളതാണ്. വോട്ട് ചോദിച്ചാല്‍ പണി പാളും. പോസ്റ്ററും ഫ്ളക്സും ചുവരെഴുത്തും റോഡെഴുത്തും സൈബര്‍ പ്രചാരണവും കൊടുമ്പിരിക്കൊണ്ടാലും അനൗണ്‍സ്മെന്‍റിന്‍െറ സുഖം ഒന്നു വേറെ തന്നെയാണ്. പുട്ടില്‍ തേങ്ങയിടുന്ന പോലെ സ്ഥാനാര്‍ഥികളുടെ ഗുണഗണങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പാട്ടുകൂടി ചേര്‍ന്നാല്‍ ജോറായി.

കോളാമ്പി കളമൊഴിഞ്ഞത് ചെലവ് കൂട്ടിയിട്ടുണ്ടെന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്. ബോക്സിന് വാടക കോളാമ്പിയുടെ രണ്ടിരട്ടിയാണ്. ഓപറേറ്റര്‍ ബാറ്റ വേറെയും. കണ്ടമാനം കാശുണ്ടായിട്ടും  കാര്യമില്ല, ‘ചെലവ് ചെയ്യുന്നതിന്’ വരെ കമീഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചെലവ് നിരീക്ഷകര്‍ കണ്ണും കാതും തുറന്നിരിപ്പാണ്. പിടിക്കപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പ് കാലത്ത് പോലും ഈ മുഖം നാട്ടുകാര്‍ക്ക് കാണാന്‍കിട്ടില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.