കൊച്ചി: അവസരങ്ങളും പുരസ്കാരങ്ങളും കൈപ്പറ്റി മറുനാട്ടിലേക്ക് ചേക്കേറുന്ന കായിക താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനാണ് ശ്രീജേഷ്. ഒളിമ്പിക്സ് ഉള്‍പ്പെടെ മേളകളില്‍ ഇന്ത്യന്‍ ഗോള്‍വല കാത്തതിന്‍െറ പേരില്‍ ആദരിക്കാന്‍ കേരളം ഓടിയത്തെിയപ്പോള്‍ ശ്രീജേഷിന് ആവശ്യപ്പെടാനുണ്ടായിരുന്നത് ഒന്നു മാത്രം, കേരളത്തിലൊരു ജോലി. മലയാളിയായിട്ടും കേരള ഹോക്കി ടീമിനുവേണ്ടി കളിക്കാന്‍ കഴിയാത്തതിന്‍െറയും കേരള ഹോക്കിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിന്‍െറയും സങ്കടമായിരുന്നു ശ്രീജേഷിന്‍െറ വാക്കുകളില്‍ എന്നും നിറഞ്ഞിരുന്നത്.
തമിഴ്നാട്ടില്‍ ഓവര്‍സീസ് ബാങ്കിലായിരുന്നു ജോലി. ഗ്ളാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടീം വെള്ളിയണിയുമ്പോള്‍ ഗോള്‍ കീപ്പറായും വൈസ് ക്യാപ്ടനായും തിളങ്ങിയ ശ്രീജേഷിന് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയത് 30 ലക്ഷം രൂപ. കേരളത്തില്‍ കളി പഠിച്ചുവളര്‍ന്ന ശ്രീജേഷിനെ കേരള സര്‍ക്കാര്‍ അവഗണിച്ചു. ഒടുവില്‍ വിദ്യാഭ്യാസ വകുപ്പില്‍ ചീഫ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ പദവി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍, നിയമനം ലഭിക്കാന്‍ ഏഷ്യന്‍ ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണമണിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.
എറണാകുളം ജില്ലയില്‍ കിഴക്കമ്പലം കുമാരപുരം എരുവേലി പറാട്ട് വീട്ടില്‍ പി.വി. രവീന്ദ്രന്‍െറയും ഉഷയുടെയും മകനായി ജനനം. ചെറുപ്പത്തില്‍ ഓട്ടത്തോടായിരുന്നു കമ്പം. പിന്നീട് ലോങ് ജമ്പിലേക്കും വോളിബാളിലേക്കും മാറി. 12ാമത്തെ വയസ്സില്‍ തിരുവനന്തപുരം ജി.വി രാജാ സ്പോര്‍ട്സ് സ്കൂളിലത്തെിയതോടെയാണ് ഹോക്കിയിലേക്കും ഗോള്‍ കീപ്പിങ്ങിലേക്കും തിരിയുന്നത്. കോച്ചുമാരായ ജയകുമാറും രമേഷ് കോലപ്പയുമാണ് പ്രഫഷനല്‍ രംഗത്തേക്ക് ശ്രീജേഷിന് വഴികാട്ടുന്നത്. 2004ല്‍ പെര്‍ത്തില്‍ ആസ്ട്രേലിയക്കെതിരെ ജൂനിയര്‍ ടീമിലൂടെയായിരുന്നു ശ്രീജേഷ് ദേശീയ കുപ്പായമണിയുന്നത്. 2006ല്‍ കൊളംബോയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസിലൂടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം. 2008ല്‍ ജൂനിയര്‍ ഏഷ്യ കപ്പിലെ മികച്ച പ്രകടനം ടൂര്‍ണമെന്‍റിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരത്തിനൊപ്പം ദേശീയ ടീമില്‍ അവസരവും നേടിക്കൊടുത്തു. മുന്‍ ലോങ്ജമ്പ് താരവും ആയുര്‍വേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ. മകള്‍ അനുശ്രീ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.