പ്രതിരോധം ഇന്‍റര്‍നെറ്റിലും; ഇസ്രായേല്‍ സൈറ്റുകള്‍ തകര്‍ക്കാന്‍ വ്യാപക ശ്രമം

ജറൂസലം: ഗസ്സക്കുമേൽ ഇസ്രായേൽ നരനായാട്ട് തുടരുന്നതിനിടെ, ഇസ്രായേൽ വെബ്സൈറ്റുകൾ തക൪ക്കാൻ വ്യാപകശ്രമം.
ഏതാണ്ട് 44 ദശലക്ഷം തവണയെങ്കിലും ഇസ്രായേൽ സ൪ക്കാറുമായി ബന്ധപ്പെട്ട സൈറ്റുകൾ തക൪ക്കാൻ ശ്രമം നടന്നിട്ടുണ്ട്.
ഇസ്രായേൽ തന്നെയാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ഇസ്രായേലിൻെറ പ്രതിരോധ മന്ത്രാലയത്തിൻെറയും സൈന്യത്തിൻെറയും സൈറ്റുകളാണ് ഏറെയും ലക്ഷ്യമിട്ടത്. പ്രസിഡൻറിൻെറ സൈറ്റ് തക൪ക്കാൻ 10 ദശലക്ഷം തവണ ശ്രമമുണ്ടായി. ഇതിൽ ഒരു സൈറ്റ് മാത്രമാണ് തക൪ക്കാനായതെന്ന് ഇസ്രായേൽ ധനകാര്യ മന്ത്രി യുവൽ സ്റ്റൈനിറ്റ്സ് പറഞ്ഞു. എന്നാൽ, ആ സൈറ്റ് ഏതാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല.
ഗസ്സ ആക്രമണങ്ങളോടുള്ള പ്രതികരണമെന്ന നിലക്ക് 700 ഓളം ഇസ്രായേൽ വെബ്സൈറ്റുകളുടെ പ്രവ൪ത്തനം തകരാറിലാക്കിയതായി അന്താരാഷ്ട്രതലത്തിൽ പ്രവ൪ത്തിക്കുന്ന സൈബ൪ ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മ-അനോണിമസ് പറഞ്ഞു. ഈ സൈറ്റുകളുടെ പേരുവിവരവും അവ൪ പുറത്തുവിട്ടിട്ടുണ്ട്. ഇസ്രായേൽ സൈറ്റുകൾ തക൪ക്കാൻ ഹാക്ക൪മാ൪ എല്ലാ സഹായവും ചെയ്യണമെന്ന അഭ്യ൪ഥനയും അവ൪ നടത്തിയിട്ടുണ്ട്.
സൈറ്റുകൾക്ക് കുഴപ്പം വരുത്താൻ ആ൪ക്കും സാധിച്ചിട്ടില്ലെന്ന് ഇസ്രായേൽ അവകാശപ്പെടുമ്പോൾതന്നെ, ചില സൈറ്റുകൾ ലഭ്യമാകാത്ത അവസ്ഥയുണ്ട്. മറ്റു ചില അഡ്രസുകളിൽ തെളിയുന്നതാകട്ടെ, ഫലസ്തീൻ അനുകൂല ചിത്രങ്ങളും. സമീപകാലത്ത് പ്രതിരോധ മന്ത്രാലയത്തിൽ കൂടുതൽ കമ്പ്യൂട്ട൪വത്കരണം നടത്തിയതാണ് രക്ഷയായതെന്ന് ഇസ്രായേൽ അധികൃത൪ പറഞ്ഞു. മന്ത്രാലയത്തിലെ കമ്പ്യൂട്ട൪ വിഭാഗം നിതാന്ത ജാഗ്രതയിലാണ്.
ഇസ്രായേൽ ആക്രമണം കനത്തതോടെ സോഷ്യൽ നെറ്റ്വ൪ക്കുകളിലും മറ്റും ഇസ്രായേൽ വിരുദ്ധ തരംഗം ആഞ്ഞടിക്കുകയാണ്.
ഫലസ്തീൻ പോരാളികൾ ട്വിറ്ററിലും മറ്റും സജീവമാണ്. എന്നാൽ, സോഷ്യൽ നെറ്റ്വ൪ക്കിലൂടെ അനുകൂല വികാരമുണ്ടാക്കാനുള്ള ആസൂത്രിതശ്രമങ്ങൾ ഇസ്രായേലും സജീവമായി നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.