പാവറട്ടി: പാവറട്ടി മേഖലയിൽ വട്ടിപ്പലിശക്കാ൪ പിടിമുറുക്കുന്നു. ആവശ്യക്കാരന് പണം നൽകുന്ന ഇവ൪ പിന്നീട് ജനങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്ന പ്രവ൪ത്തനങ്ങളാണ് നടത്തുന്നത്. 1000 രൂപക്ക് നൂറുരൂപയും 150 രൂപയുമാണ് 30 ദിവസത്തിന് ഇവ൪ ഈടാക്കുന്നത്. ‘നൂറ്റിക്ക് പത്ത്’, ‘നൂറ്റിക്ക് പതിനഞ്ച്’ എന്നീ വിഭാഗം പലിശക്കാരാണുള്ളത്.
ചില൪ നൂറുരൂപക്ക് പത്തു രൂപയാണ് പലിശ ഈടാക്കുന്നതെങ്കിൽ മറ്റു ചില സംഘങ്ങൾ 15 രൂപയാണ് ഈടാക്കുന്നത്. 30 ദിവസത്തേക്കാണ് പലിശകാലാവധി. 31ാംപക്കം പലിശയിൽ മാറ്റം വരും.
ഒന്നോ രണ്ടോ മാസത്തെ പലിശ കുടിശ്ശികയായാൽ മുതലും കുടിശ്ശികയായ പലിശയും ചേ൪ത്ത സംഖ്യക്കാണ് പിന്നീട് പലിശ കണക്കാക്കുക. ഇതോടെ കടം വാങ്ങിയവൻ വൻ കടക്കെണിയിൽ അകപ്പെടും. 5000 മുതൽ ഒരുലക്ഷം രൂപ വരെ കൊടുക്കുന്നവരും ഒരുലക്ഷത്തിന് മുകളിൽ കടം കൊടുക്കുന്ന സംഘങ്ങളുമാണുള്ളത്. സാധാരണക്കാരും ചെറുകിട കച്ചവടക്കാരുമാണ് ഇവരുടെ ഇരകൾ. ആശുപത്രി, വിവാഹം, വീടുപടി,വാഹനം തുടങ്ങിയ ആവശ്യങ്ങൾക്ക് പലരും ഇത്തരം വട്ടിപ്പലിശക്കാരെയാണ് ആശ്രയിക്കുന്നത്.
പണം കൊടുക്കുമ്പോൾ തന്നെ ആദ്യത്തെ മാസത്തെ പലിശ കിഴിച്ചാണ് ഇവ൪ കൊടുക്കുക. തുട൪ന്ന് യഥാസമയം പലിശ വാങ്ങാൻ പലിശക്കാരുടെ ഗുണ്ടകളോ മറ്റോ വീട്ടിലെത്തും.
പലരും വാങ്ങിയ തുകയുടെ ഇരട്ടിത്തുക പലിശയിനത്തിൽ തന്നെ കൊടുത്തിട്ടുണ്ട്. എന്നാൽ, മുതലിലേക്ക് ഒന്നും കൊടുക്കാൻ കഴിയാറില്ല. 30,000 രൂപ എടുത്ത പാവറട്ടി കണ്ണൻതൃക്കോവിൽ ക്ഷേത്രത്തിനു സമീപത്തെ ഒരു യുവാവ് കഴിഞ്ഞ നാലുവ൪ഷമായി മുടങ്ങാതെ പലിശ അടച്ചുവരുന്നതായി ‘മാധ്യമ’ത്തോട് പറഞ്ഞു.പാവറട്ടി സംസ്കൃത കോളജിനടുത്ത് പുതുതായി പണിത കെട്ടിടത്തിൽ ബേക്കറി കച്ചവടം ആരംഭിച്ച പുതുമനശേരി സ്വദേശി വട്ടിപ്പലിശക്കാരുടെ ഭീഷണിയെത്തുട൪ന്ന് കച്ചവടം അവസാനിപ്പിച്ച് പീടികമുറി വിറ്റു. രണ്ടു തവണയായി ഒന്നരലക്ഷം രൂപ എടുത്ത ഇദ്ദേഹം അഞ്ചുലക്ഷം രൂപയോളം മുതലും പലിശയുമായി നൽകിയതായി പറയുന്നു. ഒടുവിൽ ‘കണക്ക്’ അവസാനിപ്പിച്ചപ്പോൾ ബാക്കിയുണ്ടായിരുന്ന 13 ദിവസത്തെ പലിശക്ക് വട്ടിപ്പലിശക്കാരും ഗുണ്ടകളും നിരവധി തവണയാണ് ഇദ്ദേഹത്തിൻെറ വീട്ടിൽ കയറിയിറങ്ങിയത്. ഗത്യന്തരമില്ലാതെ നാട്ടുകാരെ ഇടപെടുവിച്ചാണ് ഇദ്ദേഹം കൊള്ളപ്പലിശക്കാരിൽനിന്ന് രക്ഷനേടിയത്.മുദ്രപ്പത്രത്തിൻെറയും ചെക്കിൻെറയും ഈടിന്മേലാണ് ഭൂരിഭാഗം കച്ചവടവും നടക്കുന്നത്. ആധാരം, വാഹനത്തിൻെറ ആ൪.സി ബുക്ക്, കടയുടെ വാടകക്കരാ൪ തുടങ്ങിയ ഈടിന്മേലും പണം കൊടുക്കുന്നുണ്ട്.
വ൪ഷങ്ങളായി മുടങ്ങാതെ പലിശ അടക്കുന്നവരും പലിശ തെറ്റിയതിൻെറ പേരിൽ ഭീഷണി നേരിടുന്നവരും നിരവധിയാണ്. എന്നാൽ, ഇവരാരും പൊലീസിൽ പരാതിപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.