അടൂ൪: ശബരിമല മണ്ഡല-മകരവിളക്ക് പ്രമാണിച്ച് പ്രധാന പാതകളുടെ അറ്റകുറ്റപ്പണിയും ടാറിങ്ങും പുരോഗമിക്കുന്നു. മണ്ഡലകാല ദ൪ശനത്തിനായി നടതുറക്കുന്നതിനു മുമ്പ് പണി പൂ൪ത്തീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പൊതുമരാമത്ത് (നിരത്ത് വിഭാഗം) അടൂ൪ ഓഫിസ് പരിധിയിൽ വിവിധ പാതകളുടെ പണിക്കായി 11 പ്ളാൻറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഹൈകോടതി ഉത്തരവ് പ്രകാരം ശബരിമല പാതകളായ പുനലൂ൪-മൂവാറ്റുപുഴ, അടൂ൪-തട്ട-കൈപ്പട്ടൂ൪, പന്തളം-പത്തനംതിട്ട പാതകൾ സഞ്ചാരയോഗ്യമാക്കി. ശബരിമല അനുബന്ധ പാതകളുടെ അറ്റകുറ്റപ്പണി നടക്കുകയാണ്. ഏഴംകുളം-കൈപ്പട്ടൂ൪ പാതയുടെ പണി പൂ൪ത്തിയായി. കെ.പി റോഡിൽ 33 ലക്ഷം രൂപ ചെലവാക്കി കുഴികൾ അടക്കുന്ന പണിയാണ് നടക്കുന്നത്. ഇത് മൂന്നുദിവസത്തിനകം പൂ൪ത്തിയാക്കുമെന്ന് പൊതുമരാമത്ത് അധികൃത൪ പറഞ്ഞു. അടൂ൪-ശാസ്താംകോട്ട സംസ്ഥാനപാതയുടെ ഉപരിതലം മുഴുവൻ ടാ൪ ചെയ്യുന്നത് പുരോഗമിക്കുന്നു. അടൂ൪-തുമ്പമൺ പാതയിൽ ഒരു കിലോമീറ്റ൪ ദൂരം ഉപരിതലം മുഴുവനായും ബാക്കി ദൂരം കുഴികൾ അടക്കുകയുമാണ് ചെയ്യുന്നത്. ആലുംമൂട്-പാറക്കൂട്ടം, ഏഴംകുളം-പട്ടാഴി, മൂന്നാളം സീഡ്ഫാം പാതകളുടെ പണി ഉടൻ ആരംഭിക്കും. പുനലൂ൪-മൂവാറ്റുപുഴ സംസ്ഥാന പാതയുടെയും കായംകുളം-പത്തനാപുരം സംസ്ഥാന പാതയുടെയും വികസനപ്രവ൪ത്തനങ്ങൾക്ക് തുടക്കം കുറിച്ചതിനാലും താമസിയാതെ ടാറിങ് ഉപരിതലം വീതികൂട്ടി ആധുനികരീതിയിൽ സഞ്ചാരയോഗ്യമാക്കുമെന്നതിനാലുമാണ് കുഴിയടക്കുന്നതിൽ ഒതുക്കിയത്. ഈ രണ്ടു പാതകളിലൂടെയുമാണ് തമിഴ്നാട്ടിൽനിന്നുള്ള തീ൪ഥാടക൪ ശബരിമലയിൽ എത്തുന്നത്. കെ.പി റോഡിൻെറ വികസന പ്രവ൪ത്തനങ്ങളുടെ ഭാഗമായി പത്തനാപുരം കല്ലുംകടവ് മുതൽ ഇരുവശത്തും അളന്നുതിരിച്ച് കല്ലിട്ടതിനു ശേഷം ഓടനി൪മാണം പുരോഗമിക്കുകയാണ്. 20 കോടി രൂപക്കാണ് കരാ൪ നൽകിയിരിക്കുന്നത്. കേരള കൺസ്ട്രക്ഷൻ കോ൪പറേഷനാണ് കരാ൪ ഏറ്റെടുത്തിരിക്കുന്നത്. പ്രധാന പാതകളുടെ പണി ശബരിമല നട തുറക്കുന്നതിനു മുമ്പ് തീ൪ക്കുമെന്നും വില്ലേജ് പാതകളുടെ നി൪മാണം ഉടൻ തുടങ്ങുമെന്നും പൊതുമരാമത്ത് (നിരത്ത് വിഭാഗം) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയ൪ ജെ. അനിൽകുമാ൪ ‘മാധ്യമ’ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.