വിശ്വമലയാള മഹോത്സവത്തിന് ചൊവ്വാഴ്ച തിരശ്ശീല ഉയരുകയാണ്. തലസ്ഥാന നഗരിയിൽ, കേരള സ൪വകലാശാല സെനറ്റ് ഹാളിൽ രാവിലെ 10.30ന്, കേരള സംസ്കാരത്തെയും മലയാള പ്രബുദ്ധതയെയും നമ്മുടെകാലത്ത് സാക്ഷാത്കരിച്ച മഹദ്വ്യക്തികളുടെ സാന്നിധ്യത്തിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജി, മൂന്നുദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് തിരിതെളിയിക്കും.
മലയാളഭാഷയെ ആഗോള പരിപ്രേക്ഷ്യത്തിൽ വിലയിരുത്താനും ആഘോഷിക്കാനുമുള്ള ശ്രമം ഇത് രണ്ടാംതവണയാണ്. 1977 ൽ, എ.കെ. ആൻറണി സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ആദ്യത്തെ ലോക മലയാള സമ്മേളനം നടന്നത്. സമ്മേളനത്തിന് ആതിഥ്യമരുളിയ കേരള സ൪വകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നു അന്ന് ഞാൻ. സംസ്ഥാന സാംസ്കാരികവകുപ്പും കേരളസാഹിത്യ അക്കാദമിയും ഒരുമിച്ച് ഇപ്പോൾ വിശ്വമലയാള മഹോത്സവ സമ്മേളനം സംഘടിപ്പിക്കുമ്പോൾ, മൂന്നര പതിറ്റാണ്ടുകൾക്കുമുമ്പ് സംഭവിച്ച മഹത്തായ തുടക്കത്തിൻെറ പിൻതുട൪ച്ചയാവാൻ കഴിഞ്ഞതിൽ ചാരിതാ൪ഥ്യമുണ്ട്.
ഒരു ജനതയെ ചരിത്രത്തിലും സംസ്കാരത്തിലും രേഖപ്പെടുത്തുന്നതിൽ സുപ്രധാന പങ്കാണ് ഭാഷ നി൪വഹിക്കുന്നത്. കേവലമായ ആശയവിനിമയ ഉപാധി എന്നതിലപ്പുറം ഭാഷ ജനതതന്നെയാണ്. ദേശീയവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന സമഗ്രതയാണ് അത്. മൂല്യവിചാരങ്ങളിലൂടെയും കാലാനുസൃതമായ നവീകരണത്തിലൂടെയുമാണ് ഭാഷയുടെ ജീവനും തനിമയും നിലനിൽക്കുന്നത്.
ഭാഷ, സംസ്കാരം തുടങ്ങിയ മേഖലകളിൽ പ്രവ൪ത്തിക്കുന്ന വിദഗ്ധരുടെ കൂട്ടായ ശ്രമം ഭാഷയുടെയും സംസ്കാരത്തിൻെറയും മുന്നോട്ടുള്ള ഗതിക്ക് അനിവാര്യമാണ്. അതിനുള്ള അവസരവും സാഹചര്യവും ഒരുക്കുക എന്നതാണ് ഭരണകൂടങ്ങൾക്ക് ചെയ്യാനുള്ളത്. വിശ്വമലയാള മഹോത്സവം സംഘടിപ്പിക്കുന്നതിലൂടെ സാംസ്കാരിക വകുപ്പും സാഹിത്യ അക്കാദമിയും ലക്ഷ്യമിടുന്നതും അതുതന്നെ. അതായത്, നമ്മുടെ എഴുത്തുകാ൪ക്കും പണ്ഡിത൪ക്കും സാംസ്കാരിക രംഗത്തും കലാരംഗത്തും വൈജ്ഞാനിക രംഗത്തും പ്രവ൪ത്തിക്കുന്നവ൪ക്കും ഒത്തുചേരാനും ആശയവിനിമയം നടത്താനും അവസരം സൃഷ്ടിക്കുക എന്നതിലൂടെ നമ്മുടെ ഭാഷയെയും സംസ്കാരത്തെയും കാലാനുസൃതമായി നവീകരിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുക.
മലയാളം പോലുള്ള ഭാഷകൾ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലമാണിത്. സ൪ഗാത്മക സാഹിത്യരംഗത്ത് നമ്മുടെ എഴുത്തുകാരുടെ സംഭാവനകൾ ലോകത്തിലെ മറ്റേതൊരു ഭാഷയോടും കിടപിടിക്കാൻ കഴിയുന്നതാണ്. അതേസമയം, വൈജ്ഞാനിക മേഖലയിലെ അറിവുകൾ പ്രകാശിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള ആധുനീകരണം ഭാഷയിൽ സംഭവിച്ചിട്ടില്ലെന്ന വസ്തുത അംഗീകരിച്ചേ പറ്റൂ.
സ൪ഗാത്മകതയും വൈജ്ഞാനികതയും ഒരുപോലെ വളരുമ്പോൾ മാത്രമേ ഭാഷ കാലാനുസൃതമായി നവീകരിക്കപ്പെടുന്നുള്ളൂ. അതുകൊണ്ടുതന്നെ ഏതൊരു പുതിയ അറിവും, അത് സാമൂഹികശാസ്ത്ര മേഖലയായാലും ശുദ്ധശാസ്ത്ര മേഖലയായാലും, ഉൾക്കൊള്ളാനും ആവിഷകരിക്കാനും കഴിയുന്ന രീതിയിൽ മലയാളത്തെ വള൪ത്തിയെടുക്കുക എന്നത് നമ്മുടെ ചുമതലയാണ്.
കല, സാഹിത്യം, ശാസ്ത്രം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രവ൪ത്തിക്കുന്നവ൪ പരസ്പരം ആശയവിനിമയം നടത്തിയും ഒരുമിച്ചു പ്രവ൪ത്തിച്ചും തെളിയിച്ചെടുക്കേണ്ട ഭാഷയുടെ വഴിയാണിത്.
തുല്യപ്രധാന്യമ൪ഹിക്കുന്നതാണ് പുതുതലമുറയിൽ ഭാഷാബോധവും ഭാഷാഭിമാനവും വള൪ത്തുകയെന്ന കാര്യം. മറ്റൊരു ഭാഷയെ അവഗണിച്ചും എതി൪ത്തും കൊണ്ടല്ല മാതൃഭാഷയുടെ മഹത്ത്വം ബോധ്യപ്പെടുത്തേണ്ടത്. ഭാഷയുടെയും സംസ്കാരത്തിൻെറയും ചരിത്രവും മഹത്ത്വവും ശാസ്ത്രീയമായും വസ്തുനിഷ്ഠമായും പഠിക്കാനും മനസ്സിലാക്കാനും കഴിയുന്ന അവസരങ്ങൾ പുതുതലമുറക്ക് ലഭിക്കണം. മലയാളത്തിൻെറ കാര്യത്തിലാകുമ്പോൾ, നമ്മുടെ ഭൂപ്രകൃതിയും കാലാവസ്ഥയും ചരിത്രവുമായി ബന്ധപ്പെട്ട് എങ്ങനെ ഭാഷ പരിണമിച്ചുവെന്നും, മതേതരമായ രീതിയിൽ, എല്ലാ ജാതി-മത വിഭാഗങ്ങളുടെയും ആശയവിനിമയ മാധ്യമമായി അത് വള൪ന്നുവെന്നുമുള്ളത് സവിശേഷമായ പഠനം അ൪ഹിക്കുന്ന വിഷയമാണ്. സാഹിത്യരംഗത്തും സാംസ്കാരിക രംഗത്തും, ലോകത്തിനുമുമ്പിൽ അഭിമാനിക്കാൻ മലയാളികളായ നമുക്ക് എത്രയോ മാതൃകകളുണ്ട്. കണ്ണശ്ശന്മാരിലും എഴുത്തച്ഛനിലും പൂന്താനത്തിലും തുടങ്ങി നവീന കവികളിൽ എത്തിനിൽക്കുന്ന കവിതാ പാരമ്പര്യം. ചന്തുമേനോനിലും അപ്പുനെടുങ്ങാടിയിലും സി.വി. രാമൻപിള്ളയിലും ആരംഭിച്ച് പുതിയ ഗദ്യകാരന്മാരിൽ പുഷ്കലമാകുന്ന ഗദ്യപാരമ്പര്യം. ശ്രീശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിൻെറയും വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും ആത്മീയവും തത്ത്വചിന്താപരവുമായ മഹാപാരമ്പര്യം. അയ്യങ്കാളിയുടെയും വി.ടി. ഭട്ടതിരിപ്പാടിൻെറയും മുഹമ്മദ് അബ്ദുറഹിമാൻെറയും ഇ.മൊയ്തുമൗലവിയുടെയും മന്നത്ത് പദ്മനാഭൻെറയും സാമൂഹിക നവോഥാന മുന്നേറ്റങ്ങൾ. തെയ്യം, തിറ തുടങ്ങിയ നാടൻകലാ സംസ്കൃതികൾ. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം തുടങ്ങിയ ക്ളാസിക് വിസ്മയങ്ങൾ.
സമ്പന്നമായ ഈ പാരമ്പര്യത്തെ പുതിയ കാലത്തിൻെറ സമഗ്രസന്ദ൪ഭത്തിൽ വിലയിരുത്താനും അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാനുമുള്ള അവസരം സൃഷ്ടിക്കുകയാണ് വിശ്വ മലയാള മഹോത്സവത്തിൻെറ ഉദ്ദേശ്യം. അത് സാക്ഷാത്കരിക്കുമെന്നാണ് പ്രതീക്ഷയും.
(സാംസ്കാരിക മന്ത്രിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.