കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം നിരവധി വാഹനാപകടങ്ങൾക്ക് സാക്ഷിയായ പൂളാടിക്കുന്ന്-മലാപ്പറമ്പ് ബൈപാസിൽ വീണ്ടും അപകട മരണം. ഞായറാഴ്ച രാവിലെ 10.30 ഓടെ അമ്പലപ്പടി ജങ്ഷനിൽ സ്കൂട്ടറപകടത്തിൽ 76കാരി മരിച്ചു. ഇവരുടെ മരണാനന്തര ചടങ്ങുകൾക്കുശേഷം തിരിച്ചുപോകുന്നവ൪ സഞ്ചരിച്ച ഓട്ടോ ഇതേ ജങ്ഷനിൽ അപകടത്തിൽപെട്ടു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊട്ടടുത്ത മൊകവൂ൪ ജങ്ഷനിലും ഞായറാഴ്ച അപകടമുണ്ടായി. എരഞ്ഞിക്കൽ ‘ഉദസി’ൽ ഉണ്ണി മാധവൻ നായ൪ (73) ആണ് ഈ അപകടത്തിൽ മരിച്ചത്. രണ്ടോ മൂന്നോ അപകടം ഇല്ലാത്ത ദിവസം ബൈപാസിൽ ഇല്ലെന്ന് നാട്ടുകാ൪ പറയുന്നു. ആവശ്യത്തിന് റോഡരികില്ലാത്തതും സുരക്ഷാ സംവിധാനം ഒരുക്കാത്തതും പ്രശ്നമുണ്ടാക്കുന്നു. വേഗത നിയന്ത്രിക്കാൻ സംവിധാനം ഒരുക്കിയിട്ടില്ല. നിരന്തര അപകടത്തെ തുട൪ന്ന് പകൽ അമ്പലപ്പടി ജങ്ഷനിൽ ട്രാഫിക് പൊലീസിനെ നിയമിച്ചെങ്കിലും ഞായറാഴ്ച പൊലീസ് എത്താത്ത സമയത്തായിരുന്നു അപകടം.
ചെറുകുളം-കക്കോടി, എരഞ്ഞിക്കൽ-അത്തോളി സംസ്ഥാന പാത എന്നിവയെ ബന്ധിപ്പിക്കുന്ന റോഡും ബൈപാസും സന്ധിക്കുന്ന ഭാഗമാണിത്. തൊട്ടടുത്ത് ആയു൪വേദ ഡിസ്പെൻസറി റോഡും ഇതേ ജങ്ഷനിലാണ് എത്തുന്നത്. കുത്തനെ കയറ്റം കയറി എത്തുന്ന വാഹനങ്ങൾ ബൈപാസിൽ എത്തിയാലേ ശ്രദ്ധയിൽപെടു. തെരുവുവിളക്ക് സ്ഥാപിക്കാത്തതിനാൽ രാത്രി കൂരിരുട്ടാണ് ബൈപാസിൽ.
അമ്പലപ്പടി, മൊകവൂ൪, മാവിളിക്കടവ് ജങ്ഷനിൽ പോലും വെളിച്ചമില്ല. ഞായറാഴ്ച മരിച്ച മക്കടോൽ ഇമ്പിച്ചിപ്പാത്തുവിൻെറ മൃതദേഹം രാത്രി ഏഴോടെ ചെറുകുളം ജുമുഅത്ത് പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിനുശേഷം ചെലപ്രം ഖബ൪സ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.