കോട്ടയം:വിദ്യാഭ്യാസ ലോൺ പ്രശ്നത്തിൽ പ്രധാനപ്രതി ഏജൻറുമാരാണെന്ന് കലക്ട൪ മിനി ആൻറണി. നിലവാരമില്ലാത്തതും അംഗീകാരമില്ലാത്തതുമായ സ്ഥാപനങ്ങളിൽ പ്രവേശം നേടിക്കൊടുക്കുകയും നിശ്ചിത യോഗ്യതയില്ലാത്ത വിദ്യാ൪ഥികൾക്ക് പ്രവേശം നേടിക്കൊടുക്കുകയും ചെയ്യുന്ന ഏജൻസികളും ഏജൻറുമാരുമാണ് ലോൺ പ്രശ്നത്തിൽ യഥാ൪ഥ പ്രതികൾ.
റവന്യൂ റിക്കവറി ബാങ്ക് വായ്പ ഒത്തുതീ൪പ്പ്മേള സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കലക്ട൪. ഏത് വായ്പയുടെയും മുതൽ തിരിച്ചടക്കണം. വായ്പ എഴുതിത്തള്ളുന്ന നിലപാട് സ൪ക്കാ൪ ഒരിക്കലും സ്വീകരിച്ചിട്ടില്ല. പലിശയിളവ് നൽകാനാണ് ശ്രമിക്കുന്നതെന്നും കലക്ട൪ പറഞ്ഞു.കാ൪ഷികാവശ്യത്തിനെടുത്ത 10 ലക്ഷം രൂപവരെയുള്ള ലോൺ കേസുകളിൽ റവന്യൂ റിക്കവറി നടപടിയായ സമയത്തെ തുകയുടെ 85 ശതമാനം അടച്ചാൽ ആ൪.ആ൪ നടപടികൾ തീ൪പ്പാക്കും. കൂടാതെ 10 ലക്ഷം രൂപവരെയുള്ള കേസുകളിൽ ആ൪.ആ൪ ആയതിന്ശേഷമുള്ള മുഴുവൻ പലിശയും ഒഴിവാക്കിയശേഷമുള്ള തുക അടച്ചാൽ മതിയാകും.ബാങ്ക് ലോൺ കുടിശ്ശികയിനത്തിൽ റവന്യൂ റിക്കവറി നേരിടുന്ന കേസുകൾ ജില്ലയിൽ നിരവധിയാണ് . ഈയിനത്തിൽ 10.50 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. കുടിശ്ശിക പെരുകിയാണ് തിരിച്ചടവ് അസാധ്യമായത്. ഇതിന് പരിഹാരമായി പലിശഇളവ് നൽകി വായ്പ തിരിച്ചടവിന് അവസരമൊരുക്കുകയാണ് ജില്ലാ ഭരണകൂടം.
വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്നവരിൽ പത്തുശതമാനത്തിലേറെപ്പേ൪ ജോലി ലഭിച്ചശേഷവും വായ്പാതുക തിരിച്ചടക്കാറില്ലെന്ന് ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജ൪ അനു മാമ്മൻ പറഞ്ഞു.
തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിച്ച് വായ്പാ തിരിച്ചടവിനെ ലാഘവത്തോടെ കാണുന്നവരാണ് പലപ്പോഴും റവന്യൂ റിക്കവറി നേരിടേണ്ടിവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റവന്യൂ റിക്കവറി ആരംഭിച്ചതും അല്ലാത്തതുമായ ലോണുകൾക്ക് പലിശയിളവ് നൽകി ഒറ്റത്തവണ തീ൪പ്പാക്കലും ഗഡുക്കളായി അടച്ചുതീ൪ക്കുന്നതിനും ബാങ്ക്വായ്പ ഒത്തുതീ൪പ്പ് മേളയിലൂടെ അവസരം നൽകും. റവന്യൂ റിക്കവറി ബാങ്ക് വായ്പ ജില്ലാ ഒത്തുതീ൪പ്പ് മേളയുടെ ജില്ലാതല ഉദ്ഘാടനവും പള്ളം ബ്ളോക്കിൻെറ മേളയും 16 ന് രാവിലെ 10 ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കലക്ട൪ അധ്യക്ഷത വഹിക്കും.
ജില്ലയിലെ വിവിധ ബ്ളോക്കുകളിലെ റവന്യൂ റിക്കവറി ഒത്തുതീ൪പ്പ് മേളകളുടെ തീയതിയും സ്ഥലവും ചുവടെ:
ഏറ്റുമാനൂ൪ -17 (വ്യാപാരഭവൻ, ഏറ്റുമാനൂ൪), പാമ്പാടി - 18 (പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ പള്ളിക്കത്തോട്), കടുത്തുരുത്തി - 19 (കടപ്പൂരാൻ ഓഡിറ്റോറിയം, കടുത്തുരുത്തി), ളാലം -30 (വ്യാപാരഭവൻ, പാലാ), ഉഴവൂ൪-നവംബ൪ 11 (തെരുവത്ത് ഹാൾ, ഉഴവൂ൪), ഈരാറ്റുപേട്ട നവംബ൪ എട്ട് (പി.ടി.എം.എസ്. ഓഡിറ്റോറിയം ഈരാറ്റുപേട്ട), വൈക്കം നവംബ൪ ഒമ്പത് (നീലകണ്ഠ ഹാൾ, വൈക്കം), വാഴൂ൪ നവംബ൪ 15 (എസ്.ബി.ടി ഓഡിറ്റോറിയം, കറുകച്ചാൽ), മാടപ്പള്ളി നവംബ൪ 16 ( ടൗൺഹാൾ ചങ്ങനാശേരി), കാഞ്ഞിരപ്പള്ളി നവംബ൪ 20 (പഴയ പാരിഷ് ഹാൾ, പുത്തനങ്ങാടി, കാഞ്ഞിരപ്പള്ളി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.