ആനക്കര: കപ്പൂ൪ഗ്രാമപഞ്ചായത്ത് അംഗം രാജി വെച്ചതോടെ രാഷ്ട്രീയ വിവാദം മറനീക്കി പുറത്ത്. നാലാം വാ൪ഡ് മാവറയെ പ്രതിനിധീകരിക്കുന്ന എൽ.ഡി.എഫ് സ്വതന്ത്രൻ ഇ.പി. റസാഖാണ് രാജിവെച്ചത്.
രജിസ്ട്രേഡ് തപാലിൽ ലഭിച്ച രാജി സെക്രട്ടറി വെള്ളിയാഴ്ച വൈകീട്ടോടെ തെരഞ്ഞെടുപ്പ് കമീഷന് ഫാക്സിലൂടെ കൈമാറി.നീണ്ടകാലത്തെ ഇടതുഭരണത്തിൽനിന്ന് വിജയിച്ചെത്തിയ യു.ഡി.എഫ് സഖ്യമാണ് പഞ്ചായത്ത് ഭരിക്കുന്നത്. നാല് ലീഗ്, നാല് കോൺഗ്രസ്, രണ്ട് സ്വതന്ത്ര൪ എന്നിങ്ങനെ പത്തുപേരാണ് ഭരണസമിതിയിൽ. ലീഗ് അംഗമാണ് പ്രസിഡൻറ് സ്ഥാനം വഹിക്കുന്നത്. സി.പി.ഐ ഒന്നും ,സി.പി.എം ആറ്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെ എട്ട് അംഗങ്ങളാണ് പ്രതിപക്ഷത്തിന്. ഇതിൽ മാവറയെ പ്രതിനിധീകരിക്കുന്ന സ്വതന്ത്രനാണ് രാജിവെച്ചത്.
സി.പി.എം സ്വതന്ത്രനോട് 20 വോട്ടുകൾക്ക് പരാജയപ്പെട്ട കോൺഗ്രസ് നേതാവും മുൻപഞ്ചായത്ത് പ്രസിഡൻറുമായ സി.എച്ച്. ഷൗക്കത്തലി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ലീഗിൻെറ പ്രസിഡൻറ് സ്ഥാനം നഷ്ടമാവുന്ന സ്ഥിതിയാണുള്ളത്. യു.ഡി.എഫ് ഭരണഘടനപ്രകാരം സ്വന്തം ചിഹ്നത്തിൽ മത്സരിച്ച് വിജയിക്കുകയും സീറ്റ് മുൻതൂക്കവും കൂടിയായാൽ അദ്ദേഹത്തെ പ്രസിഡൻറാക്കണം എന്നതാണ് ചട്ടം.
കോൺഗ്രസിൻെറ അംഗസംഖ്യ ഉയരുന്നതാണ് സ്ഥാനമാറ്റത്തിന് കാരണമാകുക. എന്നാൽ സി.പി.എം നേതാക്കളെ കൂട്ടുപിടിച്ചാണെങ്കിൽപോലും കോൺഗ്രസിന് സ്ഥാനം നൽകാതിരിക്കാനാണ് ലീഗിൻെറ അണിയറ നീക്കം. നേരത്തെ പലതവണ കോൺഗ്രസ് അംഗങ്ങൾ രാജിക്കൊരുങ്ങിയിരുന്നുവത്രെ. പിന്നീട് മുകളിൽനിന്നുള്ള നി൪ദേശ പ്രകാരം പിൻമാറുകയായിരുന്നു. കോൺഗ്രസ് അംഗങ്ങളോട് ഭരണകാര്യങ്ങൾ പങ്കുവക്കുന്നില്ലെന്നതാണ് ഇവരുടെ പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.