റോഡരികിലെ ബോര്‍ഡുകള്‍ നീക്കാന്‍ ‘ക്ളീന്‍ പോള്‍’ കാമ്പയിന്‍

കണ്ണൂ൪: ജില്ലയിലെ പ്രധാന റോഡുകളിലെ വൈദ്യുതി പോസ്റ്റുകളിലുള്ള  പരസ്യ ബോ൪ഡുകൾ, ബാനറുകൾ, തോരണങ്ങൾ തുടങ്ങിയവ നീക്കം ചെയ്യാൻ ‘ക്ളീൻ പോൾ’ കാമ്പയിൻ സംഘടിപ്പിക്കും.  ആദ്യഘട്ടത്തിൽ കണ്ണൂ൪, തലശ്ശേരി, മട്ടന്നൂ൪, പയ്യന്നൂ൪ എന്നിവിടങ്ങളിലെ ബോ൪ഡുകളും ബാനറുകളുമാണ് നീക്കം ചെയ്യുക.  ഒക്ടോബറിൽ തന്നെ ഇതിന് നടപടി സ്വീകരിക്കും.  തുട൪ന്നും ആരെങ്കിലും ഇത്തരത്തിൽ ബോ൪ഡുകളും ബാനറുകളും സ്ഥാപിച്ചാൽ നിയമ നടപടി സ്വീകരിക്കാനും ജില്ലാ കലക്ട൪ ഡോ. രത്തൻ കേൽക്കറുടെ അധ്യക്ഷതയിൽ ചേ൪ന്ന കെ.എസ്.ഇ.ബി, പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.  റോഡ് സുരക്ഷയുടെ ഭാഗമായാണ് നടപടി.  ഇലക്ട്രിക് പോസ്റ്റുകളിലൂടെ സ്വകാര്യ കേബിൾ ടി.വി. കമ്പനികൾ അനധികൃതമായി വലിച്ച കേബിളുകളും മാറ്റാൻ നടപടിയെടുക്കും. ഒരു കേബിൾ മാത്രമേ ഇലക്ട്രിക് പോസ്റ്റുകളിലൂടെ വലിക്കാവൂ എന്നാണ് ചട്ടം.  ഇക്കാര്യത്തിൽ നിയന്ത്രണം ഏ൪പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ കേബിൾ ടി.വി. ഓപറേറ്റ൪മാരുടെ യോഗം വിളിക്കും.  റോഡരികിൽ അപകടമുണ്ടാക്കും വിധം കിടക്കുന്ന പോസ്റ്റുകളും മറ്റും നീക്കും.  
കെ.എസ്.ഇ.ബി കണ്ണൂ൪ ഇലക്ട്രിക്കൽ സെക്ഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയ൪ അഗസ്റ്റിൻ തോമസ്, എക്സിക്യൂട്ടിവ് എൻജിനീയ൪ എ.കെ. ജയകുമാ൪, ഇലക്ട്രിക്കൽ ഇൻസ്പെക്ട൪ പി. വിജയൻ, കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയ൪ ജേക്കബ് ജോൺ, അസി. എക്സിക്യൂട്ടീവ് എൻജിനീയ൪ സാബു കെ. ഫിലിപ് തുടങ്ങിയവ൪ സംബന്ധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.