തൃശൂ൪: കാലിക്കറ്റ് സ൪വകലാശാലയുടെ തൃശൂ൪ പ്രാദേശിക കേന്ദ്രമായ അരണാട്ടുകര ഡോ.ജോൺ മത്തായി സെൻററിലെ വനിതാഹോസ്റ്റൽവാസികളുടെ ദുരിതം തീരുന്നില്ല. മുഴുവൻ പണിയും തീരാതെ രണ്ട് വ൪ഷത്തിലേറെയായി വെറുതെയിട്ടിരുന്ന പുതിയ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിദ്യാ൪ഥിനികളെ തിരക്കിട്ട് മാറ്റാനുള്ള നടപടി അവസാനഘട്ടത്തിലാണ്. വൈസ് ചാൻസലറുടെയോ പ്രോവൈസ്ചാൻസലറുടെയോ സൗകര്യം നോക്കി മിക്കവാറും ഇന്നോ നാളെയോ ആയി ഉദ്ഘാടനം നടത്താനാണ് നീക്കം. പെൺകുട്ടികളെ പുതിയ ഹോസ്റ്റലിലേക്ക് മാറ്റുന്നതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായെന്നാണ് അധികൃതരുടെ നിലപാട്.
നിരവധിപേ൪ താമസസൗകര്യമില്ലാതെ പുറത്ത് നിൽക്കുമ്പോൾ നി൪മിച്ച പുതിയ കെട്ടിടത്തിൽ പരമാവധി 40 പേ൪ക്കേ താമസിക്കാൻ കഴിയുകയുള്ളൂ.അടിസ്ഥാന സൗകര്യം പൂ൪ത്തിയാക്കിയിട്ടില്ല.പത്ത് മുറികളോടനുബന്ധിച്ച് ടോയ്ലറ്റ് സൗകര്യമുണ്ടെന്നുള്ളത് മാത്രമാണ് ഏകആശ്വാസം. അശാസ്ത്രീയമായി പണിത മുറികളിലൊന്നിലും ഫ൪ണിച്ചറുകളില്ല.നിലം പണി പൂ൪ത്തിയായിട്ടില്ല. പുസ്തകങ്ങളോ വസ്ത്രങ്ങളോ സൂക്ഷിക്കാനാവശ്യമായ ഷെൽഫുകളില്ല. ഒരു മുറിയിൽ അഞ്ചുപേരെ താമസിപ്പിക്കാനാണ് നി൪ദേശം. ഫ൪ണിച്ചറുകൾ കൂടി വന്നാൽ നിന്ന് തിരിയാൻ പോലും പറ്റാത്ത സ്ഥിതിയായിരിക്കും. പുതിയ ഹോസ്റ്റലിലെ അപര്യാപ്തത സംബന്ധിച്ച് നേരത്തെ അധികൃത൪ക്ക് പരാതികൾ നൽകിയിരുന്നു. വസ്ത്രങ്ങൾ അലക്കാനും ഉണക്കാനിടാനും സൗകര്യമില്ല.പുതിയ കെട്ടിടത്തിൻെറ ചുമരിൽ ആണിയടിക്കാൻ പാടില്ലെന്ന ക൪ശന നി൪ദേശവുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എത്രയും പെട്ടെന്ന് പുതിയ കെട്ടിടത്തിലേക്ക് മാറാൻ വിദ്യാ൪ഥിനികൾക്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ് അധികൃത൪. സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളില്ലായ്മയും ശ്രദ്ധയിൽപെടുത്തിയപ്പോൾ വിദ്യ൪ഥികൾക്ക് ലഭിച്ച മറുപടി ഇപ്രകാരം-‘63 രൂപയല്ലേ കൊടുക്കുന്നുള്ളൂ.അതിന് ഇത്രയൊക്കെ ധാരാളം’.
എം.എ എക്കണോമിക്സ്, എം.എ മ്യൂസിക്,ബി.ടി.എ തുടങ്ങിയ വിവിധ കോഴ്സുകളിൽ പഠിക്കുന്നവരാണ് വനിതാ ഹോസ്റ്റലിലെ അന്തേവാസികളിലധികവും.ഇതിൽ നാടകമൊഴിച്ച കോഴ്സുകളിലധികവും വിദ്യാ൪ഥിനികളാണ്.ആൺകുട്ടികളുടെ നിലവിലെ ഹോസ്റ്റൽ നാടക വിദ്യാ൪ഥികൾക്ക് മാത്രമായി നൽകുകയും പെൺകുട്ടികൾ ഉപയോഗിച്ച ഹോസ്റ്റൽ മെൻസ് ഹോസ്റ്റലാക്കി മാറ്റുകയുമാണ് അധികൃതരുടെ ലക്ഷ്യം.ആൺകുട്ടികളുടെ ഹോസ്റ്റൽ സൗകര്യം സംബന്ധിച്ച് അടുത്തിടെ എല്ലാ വിദ്യാ൪ഥികളും സമരം ചെയ്തതിനെത്തുട൪ന്ന്് അധികൃത൪ തിരക്കിട്ട് ആരംഭിച്ച നടപടി പെൺകുട്ടികൾക്ക് വിനയാകുകയായിരുന്നു.കാമ്പസ് സ്ഥിതി ചെയ്യുന്ന സ്ഥലവും കോഴ്സുകളുടെ പ്രത്യേകതയും കണക്കിലെടുത്ത് വിദ്യാ൪ഥികൾക്ക് ഹോസ്റ്റൽ സംവിധാനം കൂടിയേ തീരൂ.മിക്കവാറും വിദ്യാ൪ഥികൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്.
പുതുതായി എം.എ എക്കണോമിക്സ്, എം.എ മ്യൂസിക് കോഴ്സുകളിലേക്ക് പ്രവേശനം തേടി എത്തുന്നവരോട് അധികൃത൪ ഹോസ്റ്റൽ സൗകര്യമില്ലെന്ന് പറഞ്ഞ് മടക്കി അയക്കുക പതിവാണ്.എം.എ എക്കണോമിക്സ് കോഴ്സിൻെറ പ്രവേശനം തുടരുകയാണ്.അത് പൂ൪ത്തിയാകുമ്പോഴേക്കും നിലവിലെ ഹോസ്റ്റൽ സൗകര്യം മതിയാകില്ല. ഇപ്പോൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടം ലേഡീസ് ഹോസ്റ്റലായി തന്നെ തുടരാൻ അനുവദിക്കണമെന്നാണ് വിദ്യാ൪ഥിനികളുടെ ആവശ്യം.ഇതിനിടെ റഗുല൪ പി.എച്ച്.ഡി വിദ്യാ൪ഥികൾ പുറമെ താമസിക്കുന്നതിൻെറ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സ൪വകലാശാലയെ സമീപിച്ചിരുന്നു. അവ൪ക്ക് കൂടി ഹോസ്റ്റലിൽ പ്രവേശനം നൽകാനും തീരുമാനമായിട്ടുണ്ട്. എം.ഫിൽ വിദ്യാ൪ഥികൾ ഇപ്പോൾ പുറത്താണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.