കോഴിക്കോട്: അജണ്ടയിൽ ച൪ച്ച നടത്താതെ വോട്ടിനിട്ടു തള്ളിയതു വഴി ഭരണപക്ഷം ഹൈകോടതിയെ വെല്ലുവിളിച്ചിരിക്കയാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. എം.ടി. പത്മ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. വിജിലൻസ് കേസ് നിലവിലുള്ളതിനാൽ ഡെപ്യൂട്ടി മേയ൪ പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ് തൽസ്ഥാനത്ത് തുടരുന്നതിലെ ധാ൪മികത ച൪ച്ച ചെയ്യുന്നതിന് കൗൺസിൽ യോഗം വിളിക്കാൻ അനുമതി ആവശ്യപ്പെട്ടാണ് തങ്ങൾ ഹൈകോടതിയെ സമീപിച്ചത്. ഭരണപക്ഷത്തിൻെറയും തങ്ങളുടെയും വാദം കേട്ടതിനുശേഷം ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ, വിഷയം ച൪ച്ച ചെയ്യണമെന്ന് നി൪ദേശിച്ചിട്ടുണ്ട്. എന്നാൽ കൗൺസിൽ യോഗം ആരംഭിച്ചയുടൻ താൻ നൽകിയ വിശദീകരണം കേട്ടതല്ലാതെ ച൪ച്ചക്ക് അനുമതി നൽകിയില്ല. ച൪ച്ചക്ക് അവസരം നൽകാതെ അജണ്ട വോട്ടിനിട്ട് തള്ളിയത് കോടതിയലക്ഷ്യമാണ് -അഡ്വ. പത്മ പറഞ്ഞു.
വിജിലൻസ് കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ച൪ച്ച പാടില്ലെന്നാണ് അധ്യക്ഷൻ കൗൺസിലിൽ പറഞ്ഞത്. ഡെപ്യൂട്ടി മേയ൪ക്കെതിരെ എഫ്.ഐ.ആ൪ ഇട്ടതല്ലാതെ കുറ്റപത്രം കോടതിയിൽ നൽകിയിട്ടില്ല. ആ സ്ഥിതിക്ക് വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതല്ല. അജണ്ട ച൪ച്ച ചെയ്യാൻ കൗൺസിൽ യോഗം വിളിക്കാൻ അനുമതി നൽകണമെന്നാണ് തങ്ങൾ ഹൈകോടതിയിൽ ആവശ്യപ്പെട്ടത്. കോടതി അനുവദിക്കുകയും ചെയ്തു. ഒരു അജണ്ടയെക്കുറിച്ച് മാത്രമേ ച൪ച്ച പാടുള്ളൂ എന്നാണ് പ്രത്യേക കൗൺസിൽ സംബന്ധിച്ച നിയമം. എന്നാൽ അജണ്ട ച൪ച്ച ചെയ്യാതെ ഭരണപക്ഷം കാട്ടിക്കൂട്ടൽ നടത്തിയിരിക്കയാണ്. ച൪ച്ചക്ക് ശേഷം അവ൪ക്ക് അജണ്ട വോട്ടിനിട്ടു തള്ളാം. ച൪ച്ച ഉണ്ടായാൽ എന്തൊക്കെയോ പുറത്താവുമെന്ന് അവ൪ ഭയപ്പെടുന്നു.
സ്ഥലത്തുണ്ടായിട്ടും മേയറും ഡെപ്യൂട്ടി മേയറും എന്തുകൊണ്ട് യോഗത്തിൽ ഹാജരായില്ലെന്ന് ഇരുവരും വ്യക്തമാക്കണം. ഓഫിസിൽ ഉണ്ടായിട്ടും സഭയിലെ മൂന്നാംസ്ഥാനക്കാരിയായ അനിത രാജൻ എന്തുകൊണ്ട് പങ്കെടുത്തില്ല. മേയ൪ അവധിയാണെങ്കിൽ അത് സഭയിൽ റിപ്പോ൪ട്ട് ചെയ്തിട്ടുമില്ല. ഡെപ്യൂട്ടി മേയ൪ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തുകൊണ്ട് സഭയിൽവന്ന് വിശദീകരിക്കാൻ തയാറായില്ല. ച൪ച്ച നടന്നാൽ ഭരണപക്ഷത്ത് നിന്നു തന്നെ ഭിന്നാഭിപ്രായം ഉണ്ടാവുമെന്ന് അവ൪ തിരിച്ചറിഞ്ഞതാണ് വോട്ടിനിട്ട് തള്ളാൻ കാരണം. മേയ൪ എ.കെ. പ്രേമജത്തെ മാറ്റാൻ ഭരണപക്ഷ അംഗങ്ങളിൽ നിന്നുതന്നെ ശ്രമം നടക്കുന്നുണ്ട്. ച൪ച്ച നടത്താതെ അജണ്ട വോട്ടിനിട്ടു തള്ളിയതിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകും-പത്മ വിശദീകരിച്ചു. കെ. മുഹമ്മദലി, അഡ്വ. എ.വി. അൻവ൪, പി. കിഷൻചന്ദ്, ശ്രീകുമാ൪, ഉഷാ കുമാരി ടീച്ച൪ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.