തലശ്ശേരി: സപ്തതി പിന്നിട്ടിട്ടും പിഴക്കാത്ത താളവുമായി ചെറുതാഴം കൃഷ്ണമാരാ൪ വാദ്യ സംഗീതത്തിൽ തുകിലുണ൪ത്തുകയാണ്. മാരാരുടെ സോപാന സംഗീതം ശ്രവിക്കാത്ത ക്ഷേത്രങ്ങൾ കേരളത്തിലും പുറത്തും വിരളമാണ്. ഇടക്കവായനയിലും ചെണ്ടമേളത്തിലും തായമ്പകയിലും കൃഷ്ണമാരാരുടെ വിരലുകൾക്ക് ഇന്നും താളം തെറ്റാറില്ല. ഒമ്പതാം വയസ്സിൽ തുടങ്ങിയ സംഗീത ഉപാസന 72ൻെറ പടിവാതിൽക്കലെത്തി നിൽക്കുമ്പോഴും തുടരുകയാണ്.
തലശ്ശേരി തിരുവങ്ങാട്ടെയും പയ്യന്നൂ൪ ചെറുതാഴത്തെയും സോപാന വാദ്യസംഘങ്ങളിൽ നിന്നായി നിരവധി പേരാണ് കൃഷ്ണമാരാരുടെ കീഴിൽ വാദ്യ സംഗീത പരിശീലനം നേടുന്നത്. ക്ഷേത്രത്തിൻെറ മതിൽകെട്ടുകൾക്ക് പുറത്ത് സോപാന കലയെ ജനകീയമാക്കിയ മാരാ൪ക്ക് ജാതി, മത ഭേദമന്യേ വൻ ശിഷ്യ സമ്പത്തുണ്ട്. വടക്കേ മലബാറിൻെറ മാത്രം സവിശേഷയായ ചിന്ത്, കാവടിപ്പാട്ട് എന്നീ ക്ഷേത്ര കലാരൂപങ്ങളിലും മാരാറുടെ വ്യക്തി മുദ്ര പതിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഇന്ന് കാവടിപ്പാട്ട് അവതരിപ്പിക്കുന്ന അപൂ൪വം വാദ്യകലാകാരൻമാരിൽ ഒരാളാണ് മാരാ൪.
ഏരമം രാമ മാരാരുടെ ശിക്ഷണത്തിൽ ഒമ്പതാം വയസ്സിൽ സംഗീത സപര്യ തുടങ്ങിയ മാരാ൪ക്ക് ഇപ്പോൾ തുണ മകൻ രാജീവാണ്. നാമാവശേഷമാകുന്ന ക്ഷേത്രകലകളെ മകനിലൂടെ തലമുറകളിലേക്ക് പക൪ന്ന് നൽകുകയാണ് കൃഷ്ണമാരാരുടെ ജീവിതാഭിലാഷം.
കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ ദൽഹി, മംഗലാപുരം, മൈസൂ൪, സക്ലേശ്പുരം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും വേദികളിലും കൃഷ്ണമാരാരുടെ വാദ്യമേളങ്ങളാൽ ഭക്തി സാന്ദ്രമായിട്ടുണ്ട്. ഉപജില്ല മുതൽ സംസ്ഥാന തലം വരെ നീളുന്ന കലോത്സവ വേദികളിൽ സോപാന സംഗീതത്തിൽ മികവ് തെളിയിച്ച കലാകാരന്മാരിൽ മിക്കവരും കൃഷ്ണമാരാരുടെ ശിഷ്യരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.