കോഴിക്കോട്: അരയിടത്തുപാലം ജങ്ഷനിലെ രണ്ടാം പാലത്തിനുള്ള അപ്രോച്ച് റോഡിൻെറ സ്ഥലമെടുപ്പ് പൂ൪ത്തിയായി. ഇവിടെ പാലം നി൪മിച്ചിട്ട് 10 വ൪ഷത്തോളമായി. അപ്രോച്ച് റോഡിന് ഭൂമി എറ്റെടുക്കാൻ കഴിയാത്തതിനാൽ പാലം ഇത്രയും കാലം ഉപയോഗശൂന്യമായിക്കിടക്കുകയായിരുന്നു. ഭൂമിഎറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നേരത്തേ തന്നെ പൂ൪ത്തിയായിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് തുക കൈമാറാത്തതിനാൽ ലാൻഡ് അക്വിസിഷൻ വിഭാഗം രണ്ടു തവണ ഭൂമിയേറ്റെടുക്കൽ നി൪ത്തിവെക്കുകയായിരുന്നു. ഏഴുപേ൪ക്കായി 68 ലക്ഷത്തിലേറെ രൂപ നൽകിയാണ് ഭൂമി എറ്റെടുത്തത്. പൊതുമരാമത്ത് വകുപ്പിന് കൈമാറിയ ഭൂമിയിൽ റോഡ് നി൪മാണം ഉടൻ തുടങ്ങുമെന്നാണ് വിവരം.
മേൽപ്പാലത്തിനു സമാന്തരമായി ബേബി മെമ്മോറിയൽ ആശുപത്രിയുടെ ഭാഗത്ത് നേരത്തേ തന്നെ പാലം നി൪മിച്ചിട്ടുണ്ട്. എരഞ്ഞിപ്പാലം, മീഞ്ചന്ത തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴിയാണ് ഇപ്പോൾ മെഡിക്കൽ കോളജിലേക്കും തിരിച്ചും പോകുന്നത്. അടുത്ത റോഡുകൂടി യാഥാ൪ഥ്യമാകുന്നതോടെ ഈ റോഡ് വൺവേയാക്കാനും അതുവഴി ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് പൂ൪ണമായും ഒഴിവാക്കാനും കഴിയും. കുന്ദമംഗലം, മുക്കം, താമരശ്ശേരി, കൊടുവള്ളി തുടങ്ങിയ ഭാഗങ്ങളിൽ നിന്നും മെഡിക്കൽകോളജ് വഴി പാളയത്തേക്ക് വരുന്ന ബസുകൾ നിലവിൽ മേൽപ്പാലം കടന്ന് രാജാജി റോഡിലൂടെയാണ് കടന്നുപോകുന്നത്. ഇതുകാരണം മാവൂ൪ റോഡ് ജംങ്ഷനിലും മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരങ്ങളിലും എപ്പോഴും ഗതാഗതകുരുക്കാണ്. പുതിയ റോഡ് വരുന്നതോടെ ഈ ബസുകളെ മേൽപ്പാലത്തിലേക്ക് പ്രവേശിപ്പിക്കാതെ പുതിയറ റോഡുവഴി പാളയത്തേക്ക് കടത്തിവിടുകയും ചെയ്യാം.
ഡോ. എം.കെ. മുനീ൪ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് അരയിടത്തുപാലത്ത് രണ്ടുപാലങ്ങൾ നി൪മിച്ചത്. ഒരു വ൪ഷത്തിനകം പ്രവൃത്തി പൂ൪ത്തീകരിക്കാമെന്ന കരാറിലാണ് നി൪മാണം തുടങ്ങിയത്. എന്നാൽ, അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കാതെ പാലം നി൪മിക്കുന്നതിനെതിരെ വലിയ വിമ൪ശങ്ങളാണ് അന്ന് ഉയ൪ന്നത്. ഇതിനിഴടെ പല കാരണങ്ങളാൽ പാലത്തിൻെറ നി൪മാണം വിവിധ ഘട്ടങ്ങളിൽ മുടങ്ങി. ഇതേതുട൪ന്ന് കരാറുകാരൻെറ ബാധ്യതയിൽ ആദ്യകരാ൪ റദ്ദാക്കുകയും പിന്നീട് അദ്ദേഹത്തെതന്നെ പ്രവൃത്തി ഏൽപ്പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.