ചെങ്ങന്നൂ൪: കുട്ടമ്പേരൂ൪ ആറ്റിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിലെ അധികൃതരുടെ അനാസ്ഥക്കെതിരെ പമ്പാ പരിരക്ഷണ സമിതിയും ചെന്നിത്തല പള്ളിയോട കരയോഗവും സംയുക്തമായി ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചു. പമ്പാ-അച്ചൻകോവിൽ നദികളിലെ ജലവിതാനത്തെ നിയന്ത്രിക്കുന്ന 18 കിലോമീറ്റ൪ ദൈ൪ഘ്യമുള്ള കുട്ടമ്പേരൂ൪ ആറ് ഉളുന്തിയിൽ നിന്നാരംഭിച്ച് പമ്പയിലെ നാക്കടയിലും പരുമലയിലും രണ്ട് ശാഖകളായി പിരിഞ്ഞ് ചേരുന്നു. നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള ആംബുലൻസ് പാലങ്ങളും അപ്രോച്ച്റോഡുകളും നി൪മിച്ചതാണ് കുട്ടമ്പേരൂ൪ ആറിൻെറ ദുരവസ്ഥക്ക് കാരണമായത്. ഇളുന്തി, മഠത്തിൽക്കടവ്, കടമ്പൂ൪, തൂമ്പിനാൽകടവ് എന്നിവിടങ്ങളിൽ പാലങ്ങൾ വന്നതോടെ പുഴ നശിക്കാൻ തുടങ്ങി. മണലൂറ്റും ചളിയെടുപ്പും കൂടാതെ ചളിയും എക്കലും വന്നടിയുന്നതും ഒഴുക്കില്ലാതാക്കി. കോരുവല കുറുകെ കെട്ടി മത്സ്യബന്ധനം, ചളി അടിഞ്ഞ ഭാഗത്ത് വേഗത്തിൽ വളരുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിവയിലൂടെ കൈയേറ്റം പലരീതിയിലായി. ജലജന്യരോഗങ്ങൾ പടരുകയും പോളയും പായലും തിങ്ങി നീരൊഴുക്ക് പൂ൪ണമായി നിലക്കുകയും ചെയ്തു. കിണറുകളിലെ വെള്ളംപോലും മലിനമാണ്. കന്നുകാലികളെ കുളിപ്പിക്കുന്നതും കക്കൂസ് മാലിന്യം ,മറ്റ് അവശിഷ്ടം എന്നിവ തള്ളാനുള്ള ഇടമായി കുട്ടമ്പേരൂ൪ ആറ് മാറി.
ബുധനൂ൪ പഞ്ചായത്തിലെയും മാമ്പ്ര പാടശേഖരത്തിലെയും നെൽകൃഷി പൂ൪ണമായി ഇല്ലാതായത് ആറിൻെറ ദു$സ്ഥിതിയോടെയാണ്. എല്ലാവ൪ഷവും ചെന്നിത്തല പള്ളിയോടം തിരുവാറന്മുളയിൽ പോയിവരുന്നത് ഇതുവഴിയാണ്. വഴിച്ചാൽ നി൪മിക്കാൻ ഓരോതവണവും 2.70 ലക്ഷം രൂപവീതം സ൪ക്കാ൪ ചെലവഴിക്കുന്നു. ആറ് മാലിന്യമുക്തമാക്കാൻ മുഖ്യമന്ത്രി, റവന്യൂമന്ത്രി, കലക്ട൪, ചെങ്ങന്നൂ൪ സബ്കലക്ട൪, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവ൪ക്ക് പലതവണ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. 2011 മാ൪ച്ച് ആദ്യവാരം ചെങ്ങന്നൂ൪ സബ്കലക്ടറായിരുന്ന ഹരികിഷോ൪ കൈയേറ്റ സ്ഥലങ്ങൾ സന്ദ൪ശിച്ചിരുന്നു. ബുധനൂ൪ പഞ്ചായത്ത് കമ്മിറ്റി ചെന്നിത്തല പള്ളിയോട കരയോഗം പമ്പാ പരിരക്ഷണ സമിതി, ബുധനൂ൪ ക൪ഷക സമിതി എന്നിവ൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുട൪ന്ന് സബ്കലക്ടറുടെ ചേംബറിൽ ച൪ച്ചകൾ നടത്തി നദി അളന്നുതിരിച്ച് ജണ്ട ഇടാനും കൈയേറ്റം ഒഴിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ചെങ്ങന്നൂരിലെ റവന്യൂ അധികൃത൪ ഈ നീക്കത്തെ അട്ടിമറിച്ചു. നദിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയും വിധിച്ചിരുന്നു. പുറമ്പോക്ക് ഭൂമി കണ്ടെത്തണമെന്ന നി൪ദേശവും പാലിക്കപ്പെട്ടില്ല. ആറ്റുപുറമ്പോക്ക് ഭൂമിയുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും അത് പതിച്ചുനൽകി. ആറ്റുപുറമ്പോക്കുകളും നദിയുടെ വീതിയും തിട്ടപ്പെടുത്തണമെന്ന കലക്ടറുടെ ഉത്തരവും പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് നദിയെ കൈയേറ്റക്കാരിൽ നിന്ന് രക്ഷിക്കാനും പുഴയുടെ ഒഴുക്ക് സാധാരണ നിലയിലാക്കാനും ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
ഇതിൽ ബുധനൂ൪ പഞ്ചായത്ത് കക്ഷിചേരുമെന്ന് അറിയിച്ചതായി ഭാരവാഹികളായ എൻ.കെ. സുകുമാരൻ നായ൪, പി.എം. മാധവൻകുട്ടി നായ൪, കെ. ശശികുമാ൪, കെ.പി. മുകുന്ദൻ നായ൪ എന്നിവ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.