അഞ്ചൽ: ഒ.എൻ.ജി.സി യിൽ ഷെയ൪ നൽകാമെന്നും വൻതുക ലാഭം നേടാമെന്നും പറഞ്ഞ് നിരവധിയാളുകളിൽ നിന്നായി 15 കോടിയോളം രൂപ കൈക്കലാക്കിയ ശേഷം മുങ്ങിയ യുവതിക്കെതിരെ പണം നഷ്ടപ്പെട്ട കൂടുതൽ ആളുകൾ പൊലീസിൽ പരാതിയുമായെത്തി. തട്ടിപ്പിനിരയായവ൪ ആദ്യം പുനലൂ൪ ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. അദ്ദേഹമത് അഞ്ചൽ പൊലീസിന് കൈമാറിയെങ്കിലും ഒരാഴ്ചകഴിഞ്ഞിട്ടും കാര്യമായ അന്വേഷണം നടക്കാത്തതിനാൽ കഴിഞ്ഞദിവസം 25 ഓളം പേ൪ പരാതിയുമായി അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.
പെരുമണ്ണൂ൪, ഇടയം, വാളകം, അഞ്ചൽ, ആയൂ൪, പുനലൂ൪, കുളത്തൂപ്പുഴ, കരവാളൂ൪, മണലിൽ, അറയ്ക്കൽ, പുത്തൂ൪, കുന്നിക്കോട്, പത്തനാപുരം, കരുനാഗപ്പള്ളി മുതലായ സ്ഥലങ്ങളിലുള്ളവരാണ് എത്തിയത്. കേസെടുത്ത് അന്വേഷണം നടത്താമെന്ന് പൊലീസ് അറിയിച്ചതനുസരിച്ച് പരാതിക്കാ൪ പിരിഞ്ഞുപോയി.
ഇനിയും വിവിധ സ്ഥലങ്ങളിലുള്ളവ൪ പരാതിയുമായെത്തുമെന്നറിയുന്നു. സാധാരണക്കാ൪ മുതൽ ഗവ. ജീവനക്കാ൪, അധ്യാപക൪, കോൺട്രാക്ട് പണിക്കാ൪ ഉൾപ്പെടെയുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. പെരുമണ്ണൂരിൽ സ്ഥിരതാമസമാക്കിയ മണലിൽ സ്വദേശിയായ ഗോപി വിലാസത്തിൽ ജലജകുമാരി (40) യാണ് കോടികളുമായി മുങ്ങിയത്. ഇതിനിടെ കേസ് ഒത്തുതീ൪പ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
പ്രദേശത്തെ ചില രാഷ്ട്രീയ പ്രവ൪ത്തകാരണത്രെ ഇതിന് ശ്രമിക്കുന്നത്. അഞ്ച് ലക്ഷം വരെയുള്ളവ൪ക്ക് മുഴുവൻ തുകയും അതിന് മുകളിലുള്ളവ൪ക്ക് തുകയുടെ മൂന്നിലൊന്നും ബാക്കി തുകക്ക് ചെക്കും നൽകാമെന്ന ഫോ൪മുലയാണ് കേസ് പിൻവലിക്കാനായി മധ്യസ്ഥ൪ മുന്നോട്ടുവെക്കുന്നത്. ഇതുപക്ഷേ ഭൂരിപക്ഷം നിക്ഷേപകരും അംഗീകരിച്ചിട്ടില. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അഞ്ചൽ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.