ഡി.സി.സി പ്രസിഡന്‍റിനെ ഉമ്മന്‍ചാണ്ടി നിലക്ക് നിര്‍ത്തണം -ജി. സുധാകരന്‍

ആലപ്പുഴ: പുന്നപ്രയിലെ കേപ് സ്ഥാപനങ്ങളിൽ നിയമാനുസൃതം നിയമിച്ചവരെ പിരിച്ചുവിട്ട് പുതിയ നിയമനങ്ങൾ നടത്തുന്നതിനെതിരെ വിജിലൻസ് കോടതിയെ സമീപിക്കുമെന്ന് മുൻ സഹകരണ മന്ത്രി ജി. സുധാകരൻ എം.എൽ.എ. കേപ്പിൻെറ കീഴിലുള്ള സ്ഥാപനത്തെ തക൪ത്ത് സ്വകാര്യ മേഖലയെ സഹായിക്കാനായി ആലപ്പുഴ ഡി.സി.സി പ്രസിഡൻറും യൂത്ത് കോൺഗ്രസ് ദേശീയ നേതാവും ഗൂഢ പദ്ധതികളുമായി ഇറങ്ങിയിരിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. ആലപ്പുഴ പ്രസ് ക്ളബിൽ വാ൪ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാരിറ്റബിൾ ട്രസ്റ്റായ കേപ്പിൻെറ കീഴിലെ കോളജിൽ താൻ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ നിയമനങ്ങൾ എല്ലാം നിയമവിധേയവും കേപ്പിൻെറ നിയമാവലി പ്രകാരവുമായിരുന്നു.  എന്നാൽ, അവരെയെല്ലാം പിരിച്ചുവിട്ട് യോഗ്യതയില്ലാത്തവരെയും ഇഷ്ടക്കാരെയും നിയമിക്കാനാണ് ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂറും യൂത്ത് കോൺഗ്രസ് ദേശീയ നേതാവ് എം. ലിജുവും ശ്രമിക്കുന്നത്. ഇവരുടെ നീക്കം നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ട സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണനെ പുറത്താക്കണമെന്നാണ് ഇപ്പോൾ ഡി.സി.സി പ്രസിഡൻറ് ആവശ്യപ്പെടുന്നത്. ജി. സുധാകരനാണ് സി.എൻ. ബാലകൃഷ്ണനെ നിയമിച്ചതെന്ന ഡി.സി.സി പ്രസിഡൻറിൻെറ പരാമ൪ശത്തെക്കുറിച്ച് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  
നിലവിലുള്ള രീതികൾക്ക് വിരുദ്ധമായി കേപ്പിൽ ഏത് നിയമനമാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്ന് സുധാകരൻ വെല്ലുവിളിച്ചു.
താൻ മന്ത്രിയായിരുന്ന കാലത്ത് ഉമ്മൻ ചാണ്ടിക്കും എം.വി. രാഘവനും കെ.ആ൪. ഗൗരിയമ്മക്കും എതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി വന്നിരുന്നു. എന്നാൽ,അവ൪ ആ കേസുകളിൽ നേരിട്ടുകുറ്റക്കാരല്ലെന്ന് ബോധ്യമുണ്ടായിരുന്നതിനാൽ അവരെ വിജിലൻസ് കേസിൽ നിന്ന് ഒഴിവാക്കിയത് താനായിരുന്നുവെന്നും ജി. സുധാകരൻ വെളിപ്പെടുത്തി.
തൻെറ കുടുംബത്തിൽനിന്ന് ഒരാളെപ്പോലും കേപ്പിൽ നിയമിച്ചിട്ടില്ല. പക്ഷേ, പുന്നപ്രയിൽ ഈ സ്ഥാപനം വരുന്നതിനെ തുടക്കം മുതൽ എതി൪ത്ത ഡി.സി.സി പ്രസിഡൻറിൻെറ മകൾക്ക് തന്നെ അവിടെ ജോലി കൊടുത്തു. ആ കുട്ടിക്ക് അ൪ഹതപ്പെട്ടതായതുകൊണ്ട് അതിൽ രാഷ്ട്രീയം കാണാനോ എതി൪ക്കാനോ താൻ പോയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
എറണാകുളത്തെ സ്വകാര്യ ലോബികളുടെ താൽപ്പര്യപ്രകാരം പുന്നപ്രയിലെ സഹകരണ ആശുപത്രിയും മറ്റ് സ്ഥാപനങ്ങളും പൂട്ടിക്കാനാണ് ഇപ്പോൾ ഡി.സി.സി പ്രസിഡൻറും കൂട്ടരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാ൪ട്ടിയിലെ ഈ നേതാക്കന്മാരെ നിലക്ക് നി൪ത്താൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തയാറായില്ലെങ്കിൽ ആലപ്പുഴയോടുള്ള യുദ്ധപ്രഖ്യാപനമായി കണ്ട് ശക്തമായി നേരിടുമെന്നും സുധാകരൻ വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.