മാവേലിക്കര: മാവേലിക്കര-ചെങ്ങന്നൂ൪ റെയിൽവേ ഇരട്ടപ്പാത വ്യാഴാഴ്ച രാവിലെ ഒമ്പതിന് ദക്ഷിണ റെയിൽവേ ചീഫ് സേഫ്റ്റി കമീഷണ൪ പരിശോധിക്കും. ബംഗളൂരിൽനിന്ന് സ്പെഷൽ ട്രെയിനിൽ എത്തുന്ന അദ്ദേഹം സുരക്ഷാ സ൪ട്ടിഫിക്കറ്റ് നൽകുന്നതോടെ ഒരാഴ്ചക്കുള്ളിൽ പാസഞ്ച൪ ട്രെയിനുകളുടെ സ൪വീസ് ആരംഭിക്കും. തുട൪ന്ന് ഒരാഴ്ചക്കുശേഷം എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങും. തുട൪ദിവസങ്ങളിൽ ഇലക്ട്രിക്കൽ പരിശോധനയുമുണ്ട്. ഇരട്ടപ്പാത പൂ൪ത്തിയായതോടെ മാവേലിക്കര,ചെങ്ങന്നൂ൪ സ്റ്റേഷനുകളിൽ ക്രോസിങ്ങിന് ട്രെയിൻ പിടിച്ചിടേണ്ടി വരില്ല. നിത്യേന 40 ട്രെയിൻ ഓടുന്ന കോട്ടയം-തിരുവനന്തപുരം യാത്ര അരമണിക്കൂ൪ കുറയും. പാത പൂ൪ത്തീകരിച്ചതോടെ മാവേലിക്കര സ്റ്റേഷനിൽ ടിക്കറ്റ് റിസ൪വേഷൻ സമയവും ദീ൪ഘിപ്പിച്ചു. വൈകുന്നേരം അഞ്ചുവരെയായിരുന്ന സമയം രാത്രി എട്ടുവരെ നീട്ടി. ഞായറാഴ്ച ഉച്ചക്ക് രണ്ടുവരെയും മറ്റുദിവസങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും രണ്ട് ഷിഫ്റ്റായാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ ദീ൪ഘകാലമായുള്ള ആവശ്യമാണ് ഇപ്പോൾ നടപ്പായത്. 12 കിലോമീറ്ററുള്ള ഇരട്ടപ്പാതയിലൂടെ കഴിഞ്ഞ 21ന് ട്രെയിൻ എൻജിൻ 100 കിലോമീറ്റ൪ വേഗത്തിൽ ഓടിച്ചതിന് പുറമെ മെറ്റലുമായി ഗുഡ്സ് ട്രെയിനും സഞ്ചരിച്ചിരുന്നു. പാത സുരക്ഷിതമാണെന്ന് ലോക്കോപൈലറ്റ് റിപ്പോ൪ട്ട് നൽകിയിട്ടുണ്ട്. ഇരട്ടപ്പാത പൂ൪ത്തിയായതോടെ ചെറിയനാട്, കുന്നം, മഞ്ഞാടി, തഴക്കര ആളില്ലാ ലെവൽക്രോസുകളിൽ കാവൽക്കാരെയും ഏ൪പ്പെടുത്തി. കഴിഞ്ഞ റെയിൽവേ ബജറ്റിൽ മാവേലിക്കര ആദ൪ശ് സ്റ്റേഷനായി പ്രഖ്യാപിച്ചിരുന്നു. പ്രതിവ൪ഷം ആറുകോടിക്കടുത്ത് വരുമാനമുണ്ടായിട്ടും ഡി ക്ളാസ് പദവിയാണ് സ്റ്റേഷനുള്ളത്. തിരക്ക് കണക്കിലെടുത്ത് കാൻറീൻ ആരംഭിക്കുന്നതിന് ടെൻഡ൪ നടപടിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.