മാതാപിതാക്കളെ അയല്‍വാസികള്‍ സംരക്ഷിക്കുന്നത് സ്വത്ത് തട്ടാനാണെന്ന പരാതി തള്ളി

മലപ്പുറം: കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമീഷൻ മെഗാഅദാലത്തിൽ ലഭിച്ച 60 കേസുകളിൽ 21 പരാതികൾ തീ൪പ്പാക്കി. ഒരു കേസ് ഫുൾ കമീഷൻെറ പരിഗണനക്ക് വിട്ടു. അഞ്ച് കേസുകളിൽ പൊലീസിൻേറയും ഒരു കേസിൽ ആ൪.ഡി.ഒയുടെയും റിപ്പോ൪ട്ട് തേടിയതായി കമീഷനംഗം അഡ്വ. നൂ൪ബിന റഷീദ് അറിയിച്ചു.
 ഒരു കേസ് കൗൺസലിങ്ങിനയച്ചു. 12 കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കാൻ മാറ്റി. 19 കേസുകളിൽ ഇരുകക്ഷികളും ഹാജരായില്ല. രണ്ട് കേസുകൾ സൗജന്യനിയമസഹായത്തിന് വിട്ടു. മൂന്ന് പരാതികൾ പുതുതായി ലഭിച്ചു.
ലൈംഗികപീഡനം, കുടുംബങ്ങൾക്കിടയിലെ സ്വത്തുത൪ക്കം, അയൽവാസികളുമായ പ്രശ്നങ്ങൾ, സൈബ൪ കുറ്റകൃത്യങ്ങൾ, സംരക്ഷിക്കാനാളില്ലാത്ത അവസ്ഥയുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണ് കമീഷൻ മുമ്പാകെ എത്തിയത്.
പിതൃസഹോദരൻ പീഡിപ്പിച്ചെന്ന യുവതികളുടെ പരാതിയിൽ എതി൪കക്ഷിക്ക് നോട്ടീസ് അയക്കാനും ഭ൪ത്താവിൻെറ മദ്യപാനത്തെക്കുറിച്ചുള്ള പരാതികളിൽ ദമ്പതികൾക്ക് കൗൺസലിങ് നൽകാനും തീരുമാനിച്ചു. ഇരുപതുകാരൻ പിതൃസഹോദരിക്ക് നിരന്തരം അശ്ളീല സന്ദേശങ്ങൾ അയച്ചെന്ന കേസിൽ മാതാപിതാക്കളെ കമീഷൻ താക്കീത് ചെയ്തു. ഇതുസംബന്ധിച്ച പരാതിയിൽ മഞ്ചേരി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഊമയും അവിവാഹിതയുമായ അനാഥ സഹോദരികളെ ബന്ധുവായ സ്ത്രീ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിക്കുന്നതായ പരാതി എതി൪കക്ഷിയെ വിളിപ്പിച്ച് തീ൪പ്പാക്കി. വയോവൃദ്ധരായ മാതാപിതാക്കളെ അയൽവാസികൾ സംരക്ഷിക്കുന്നത് സ്വത്ത് തട്ടിയെടുക്കാനാണെന്ന മകളുടെ പരാതി ശരിയല്ലെന്ന് കണ്ട് കമീഷൻ തള്ളി. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും പരാതിക്കാരി ഹാജരായിരുന്നില്ല. ഗാ൪ഹികപീഡന നിയമത്തെക്കുറിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണ നിയമത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാൻ ജാഗ്രാതാ സമിതികളുടെ പ്രവ൪ത്തനം ഊ൪ജിതമാക്കുമെന്ന് കമീഷൻ അറിയിച്ചു. സൈബ൪ കുറ്റകൃത്യങ്ങൾക്ക് വിധേയരാവുന്നവരിൽ ഭൂരിഭാഗവും കൗമാരപ്രായക്കാരാണ്. ഇതിനെ പ്രതിരോധിക്കാനും അവബോധമുണ്ടാക്കാനും സ്കൂൾ-കോളജ് വിദ്യാ൪ഥികൾക്കിടയിൽ ‘കലാലയ ജ്യോതി’ യുടെ പ്രവ൪ത്തനം വ്യാപിപ്പിക്കും.
എല്ലായിടത്തും പരാതി നൽകുന്നത് ഒഴിവാക്കണമെന്ന് അഡ്വ. നൂ൪ബിന റഷീദ് പറഞ്ഞു. കോടതിയിലും പൊലീസിലുമുള്ള കേസുകൾ കമീഷൻ പരിഗണിക്കുന്നത് സമയനഷ്ടവും സാങ്കേതിക, നിയമപ്രശ്നങ്ങളും സൃഷ്ടിക്കുന്നതിനാലാണിത്.  
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജാഗ്രതാ സമിതിയംഗം അഡ്വ. സുജാത വ൪മ, അഡ്വ. ഹാറൂൺ റഷീദ്, അഡ്വ. ബീന ജോസഫ്, വനിതാ സെൽ എസ്.ഐ. എം. ദേവി, സിവിൽ പൊലീസ് ഓഫിസ൪ കെ. സ്മിത എന്നിവരാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.