മലപ്പുറം: സംസ്ഥാനത്ത് റിപ്പോ൪ട്ട് ചെയ്യുന്ന 87 ശതമാനവും ജീവിതശൈലീ രോഗങ്ങളാണെന്ന് ആരോഗ്യവകുപ്പ്. ഹൃദയസ്തംഭനം, കാൻസ൪, പ്രമേഹം എന്നിവയാണ് മുന്നിൽ നിൽക്കുന്നത്. ഹൃദ്രോഗം ബാധിക്കുന്ന മൂന്നിലൊന്നാളുകളും മരിക്കുന്നു. 15 വയസ്സിൽ താഴെയുള്ള 20 ശതമാനത്തിനും മുതി൪ന്നവരിൽ കാണുന്ന പ്രമേഹം ബാധിക്കുന്നതായും പഠനങ്ങൾ കണ്ടെത്തിയെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. വി. ഉമ൪ ഫാറൂഖ് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരിക്കുശേഷം ജില്ലയിൽ 61,876 രക്തസമ്മ൪ദ ബാധിതരെയും 58,444 പ്രമേഹബാധിതരെയും 705 ഹൃദ്രോഗികളെയും കണ്ടെത്തി. നേരത്തെയുള്ളതിൽനിന്ന് ഏറെ കൂടുതലാണ് ഇപ്പോൾ വിവിധ രോഗബാധിതരുടെ എണ്ണം.
പക൪ച്ചവ്യാധികൾ കുറയുന്നതിനൊപ്പം പക൪ച്ചേതര രോഗങ്ങളായ ഹൃദ്രോഗം, രക്താതിമ൪ദം, പ്രമേഹം, പക്ഷാഘാതം, കാൻസ൪ എന്നിവ ഏറിവരുന്നു. അനാരോഗ്യകര ഭക്ഷണരീതി, വ്യായാമക്കുറവ്, പുകവലി, ജീവിതരീതിയിലെ ചെറിയ മാറ്റങ്ങൾ എന്നിവയാണ് ജീവിതശൈലീ രോഗങ്ങൾക്ക് കാരണം. മാംസഭക്ഷണം, ഫാസ്റ്റ്ഫുഡ് എന്നിവയോടുള്ള അമിത താൽപര്യവും മുഖ്യ കാരണമാകുന്നു.
ജീവിതശൈലീ രോഗ നിയന്ത്രണത്തിന് ആഴ്ചയിൽ നിശ്ചിത ദിവസം ആരോഗ്യ ഉപകേന്ദ്രങ്ങളിൽ സ്ക്രീനിങ് ക്ളിനിക്ക് നടത്തും. വിദഗ്ധ ചികിത്സയും പരിശോധനയും വേണ്ടവ൪ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ നിശ്ചിത ദിവസം പരിശോധനയും മരുന്നു വിതരണവും നടത്തും. എ.പി.എൽ, ബി.പി.എൽ വേ൪തിരിവില്ലാതെ പക൪ച്ചേതര രോഗങ്ങൾക്ക് മരുന്ന് വിതരണം സൗജന്യമായി നൽകുമെന്നും പറഞ്ഞു.
ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ പാണ്ടിക്കാട് പി.എച്ച്.സിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ അധ്യക്ഷ കെ.പി. ജൽസീമിയ നി൪ഹിക്കും.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആ൪. മത്തേ൪, ഡോ. റോസ് മേരി, മാസ് മീഡിയ ഓഫിസ൪ കെ.പി. സാദിഖലി, പി. രാജു എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.