കൽപറ്റ: പഴശ്ശി രാജാവിൻെറ കുറിച്യപടത്തലവനായിരുന്ന തലക്കൽ ചന്തുവിൻെറ സ്മരണക്കായി നി൪മിച്ച സ്മാരകം കേന്ദ്ര ഊ൪ജ സഹമന്ത്രി കെ.സി. വേണുഗോപാൽ നാടിന് സമ൪പ്പിച്ചു. പനമരത്ത് ഗവ. ഹൈസ്കൂളിന് സമീപം ചന്തു കൊല്ലപ്പെട്ടെന്ന് കരുതുന്ന കോളിമരച്ചുവട്ടിലാണ് സ്മാരകം.
പനമരത്തെ സ്മാരകം ഇന്ത്യയിലും വിദേശത്തുമുള്ളവ൪ക്ക് കേരളത്തെക്കുറിച്ച് അറിയാനുള്ള മുഖ്യകേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് മന്ത്രി വേണുഗോപാൽ പ്രത്യാശിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ത്യാഗോജ്ജ്വലമായ ഏടാണ് 1802ൽ ചന്തുവിൻെറ നേതൃത്വത്തിൽ നടന്ന പനമരത്തെ ബ്രിട്ടീഷ് കോട്ട ആക്രമണം. ഇന്ത്യാ സ൪ക്കാറിൻെറ പ്രതിനിധി എന്ന നിലയിൽ ആ ഓ൪മക്ക് സല്യൂട്ട് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
എം.ഐ. ഷാനവാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നനുവദിച്ച തുകകൊണ്ടാണ് സ്മാരകം പണിതത്. സ്മാരകം വിപുലീകരിക്കുന്നതിന് സംസ്ഥാന സ൪ക്കാ൪ 20 ലക്ഷം രൂപ അനുവദിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പട്ടിക വ൪ഗ-യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. സ്മാരകത്തിൻെറ തുട൪പരിപാലനത്തിൻെറ ചുമതല ഏറ്റെടുക്കുന്നതായി ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. ‘പഴശ്ശിരാജ’ സിനിമയിൽ തലക്കൽ ചന്തുവിനെ അവതരിപ്പിച്ച നടൻ മനോജ് കെ. ജയൻ മുഖ്യാതിഥിയായിരുന്നു.
പഴശ്ശി രാജാവിൻെറ കുറിച്യപടത്തലവനായിരുന്ന തലക്കൽ ചന്തു ജില്ലയിൽ ഇന്നത്തെ തൊണ്ട൪നാട് പഞ്ചായത്തിലെ കുഞ്ഞോത്ത് കാ൪ക്കോട്ടിൽ തറവാട്ടംഗമായിരുന്നു. 19ാം നൂറ്റാണ്ടിൻെറ ആദ്യപാദങ്ങളിൽ ബ്രിട്ടീഷ് പട്ടാളവുമായി നടത്തിയ ഏറ്റുമുട്ടലിലൂടെ ശ്രദ്ധേയനായി. 1802ൽ 175 പേരടങ്ങുന്ന കുറിച്യ പോരാളികളുമായി ബോംബെ ഇൻഫാൻറി യൂനിറ്റിന് കീഴിലുള്ള പനമരം കോട്ട ആക്രമിച്ച് പിടിച്ചെടുത്തു. 1805 നവംബ൪ 15ന് ബ്രിട്ടീഷ് പട്ടാളം ചന്തുവിനെ പിടികൂടി പനമരത്ത് കോളിമരച്ചുവട്ടിൽവെച്ച് തലവെട്ടി കൊല്ലുകയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. 2011 സെപ്റ്റംബറിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് തലക്കൽ ചന്തു സ്മാരകത്തിന് ശിലയിട്ടത്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ് എന്നിവ൪ പങ്കെടുത്തു. പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് വത്സ ചാക്കോ സ്വാഗതവും വാസു അമ്മാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.