തിരൂ൪: പൊൻമുണ്ടം ബൈപാസ് പദ്ധതിയുടെ റോഡ് കടന്നുപോകുന്നത് പൊറ്റിലത്തറയിലെ നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിന് മധ്യത്തിലൂടെ. ഗ്രൗണ്ടിലൂടെ റോഡ് അടയാളപ്പെടുത്തിയതിനെ തുട൪ന്ന് അലൈൻമെൻറിനെതിരെ നഗരസഭ രംഗത്തെത്തി. ട്രഞ്ചിങ് ഗ്രൗണ്ടിനകത്തെ പ്രവൃത്തി നി൪ത്തിവെക്കണമെന്നാവശ്യപ്പെട്ട് മരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന് കത്തു നൽകിയ നഗരസഭ പ്രശ്ന പരിഹാരത്തിന് എം.എൽ.എയെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
ഗ്രൗണ്ടിന് നടുവിലൂടെ 15 മീറ്റ൪ വീതിയിലാണ് റോഡ് കടന്നുപോകുക. റോഡിന് സ്ഥലം നൽകിയാൽ ഗ്രൗണ്ട് ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിലാകും. കൂടാതെ, അലൈൻമെൻറ് ഗ്രൗണ്ടിലെ മാലിന്യ സംസ്കരണ പ്ളാൻറിന് അരികിലൂടെയാണെന്നത് നഗരസഭയുടെ ആശങ്ക വ൪ധിപ്പിക്കുന്നു.
ട്രഞ്ചിങ് ഗ്രൗണ്ട് നവീകരണത്തിന് പദ്ധതികൾ തേടുന്നതിനിടെയാണ് നഗരസഭ പുതിയ പ്രതിസന്ധിയിൽ അകപ്പെട്ടത്. നഗരസഭയുടെ നോട്ടീസ് മാനിച്ച് മരാമത്ത് വകുപ്പ് അധികൃത൪ തുട൪ നടപടി തൽകാലത്തേക്ക് നി൪ത്തി വെച്ചിട്ടുണ്ട്.
അതേസമയം, സ്ഥലം നേരത്തെ നഗരസഭ വിട്ടു നൽകിയതാണെന്നും സ്ഥലത്തിൻെറ വില നഗരസഭ കൈപ്പറ്റിയതാണെന്നുമാണ് മരാമത്ത് വകുപ്പ് അധികൃതരുടെ നിലപാട്. അതിനാൽ അലൈൻമെൻറിൽ മാറ്റം വരുത്തുക സാധ്യമല്ലെന്ന് ഇവ൪ പറയുന്നു. ടെൻഡറടക്കം നടപടി പൂ൪ത്തിയായിരിക്കെ അലൈൻമെൻറ് മാറ്റം ദുഷ്കരമാണെന്ന് ഇവ൪ ചൂണ്ടിക്കാട്ടുന്നു.
സ്ഥലം വിട്ടുനൽകിയ ഭരണ സമിതിയുടെ വീഴ്ചയാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് ആക്ഷേപമുയ൪ന്നിട്ടുണ്ട്. മാലിന്യസംസ്കരണം നഗരസഭക്ക് കീറാമുട്ടിയായി നിൽക്കുന്നതിനിടെയാണ് ഗ്രൗണ്ടിന് നടുവിലൂടെ റോഡും വരുന്നത്. ട്രഞ്ചിങ് ഗ്രൗണ്ടിൻെറ 200 മീറ്റ൪ ചുറ്റളവ് നഗരസഭ ബഫ൪സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ഭൂമിയേറ്റെടുത്ത് ഗ്രൗണ്ട് വിപുലീകരിക്കാനും ചുറ്റുമതിൽ കെട്ടാനുമുൾപ്പെടെ നഗരസഭ പദ്ധതി ആവിഷ്കരിച്ചിരുന്നു. വ൪ഷങ്ങളോളം നോക്കുകുത്തിയായി കിടന്നിരുന്ന ബൈപാസ് പദ്ധതിക്ക് സി. മമ്മുട്ടിയുടെ ഇടപെടലിനെ തുട൪ന്നാണ് ജീവൻ വെച്ചത്. അതിനിടയിലാണ് അലൈൻമെൻറിനെതിരെ നഗരസഭ രംഗത്തെത്തിയത്. നേരത്തെ പൊലീസ് ലൈനിൽ പൊലീസ് വകുപ്പിൻെറ ഉടമസ്ഥതയിലെ സ്ഥലം വിട്ടുകിട്ടുന്നതിലെ കാലതാമസമായിരുന്നു പദ്ധതിയെ ഫയലിൽ കുരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.