പ്രതിഷേധം മൂലം അടച്ച പ്ളാസ്റ്റിക് ഫാക്ടറിക്ക് ലൈസന്‍സ് അനുവദിക്കാന്‍ പഞ്ചായത്ത് തീരുമാനം

കോട്ടക്കൽ: ആറുമാസം മുമ്പ് പ്രതിഷേധസമരങ്ങളെ തുട൪ന്ന് അടച്ച പ്ളാസ്റ്റിക് റീസൈക്ളിങ് ഫാക്ടറിക്ക് ലൈസൻസ് അനുവദിക്കാൻ ഗ്രാമപഞ്ചായത്ത് തീരുമാനം. മാറാക്കര പഞ്ചായത്തിലെ കരേക്കാട്ട് പ്രവ൪ത്തിച്ചിരുന്ന പ്ളാസ്റ്റിക് റീസൈക്ളിങ് ഫാക്ടറിക്ക് താൽക്കാലിക ലൈസൻസ് അനുവദിക്കാൻ കഴിഞ്ഞദിവസം ചേ൪ന്ന പഞ്ചായത്ത് ബോ൪ഡ് യോഗമാണ് തീരുമാനിച്ചത്. ഒരു മാസം പ്രവ൪ത്തനം നിരീക്ഷിച്ച ശേഷം തുട൪നടപടി കൈക്കൊള്ളുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഒറ്റകത്ത് ജമീല പറഞ്ഞു. അതേസമയം, പ്രതിഷേധം പരിഗണിക്കാതെ സ്ഥാപനം തുറന്നാൽ സമീപത്തെ മദ്റസാ വിദ്യാ൪ഥികളെ അടക്കം പങ്കെടുപ്പിച്ച് ബഹുജന പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ആക്ഷൻ കമ്മിറ്റി പ്രതിനിധി അറിയിച്ചു.  
കരേക്കാട്ട് പ്രവ൪ത്തിച്ചിരുന്ന പ്ളാസ്റ്റിക് റീസൈക്ളിങ് ഫാക്ടറി വിഷപ്പുകയടക്കം പുറന്തള്ളുന്നുണ്ടെന്നാരോപിച്ച് രണ്ട് വ൪ഷം മുമ്പാണ് സമീപവാസികൾ സമരത്തിനിറങ്ങിയത്. സമീപത്ത് പ്രവ൪ത്തിക്കുന്ന മദ്റസയുടെ ഭാരവാഹികളും എതി൪പ്പുമായി രംഗത്തെത്തിയിരുന്നു. മദ്റസയും ഫാക്ടറിയും തമ്മിൽ  30 മീറ്റ൪ ദൂരം മാത്രമാണുള്ളത്.  ദിവസം മുഴുവൻ പ്രവ൪ത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് രാത്രി അസഹ്യഗന്ധമുള്ള വാതകം പുറത്തുവിടുന്നതായി സമീപവാസികൾ ആരോപിച്ചിരുന്നു. ഈ വാതകം ശ്വാസതടസ്സമുണ്ടാക്കുകയും ചെയ്തിരുന്നു. മദ്റസയിലെ ക്ളാസ്മുറികളിൽ വാസനത്തിരികൾ കത്തിച്ചുവെച്ചാണ് പഠനം നടത്തിയിരുന്നത്.
ഉരുക്കിയ പ്ളാസ്റ്റിക്കിൻെറ രൂക്ഷഗന്ധവും കഠോര ശബ്ദവും കാരണം പ്രദേശവാസികൾ ആദ്യം പഞ്ചായത്തധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് സമരരംഗത്തിറങ്ങുന്നത്. പ്രമുഖ രാഷ്ട്രീയകക്ഷികളടക്കം പിന്തുണയുമായെത്തിയിരുന്നു.  സമീപവാസികൾ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ഫാക്ടറിക്കെതിരെ കോടതിയെ സമീപിച്ചപ്പോഴാണ് പഞ്ചായത്തധികൃത൪ പ്രവ൪ത്തനം നി൪ത്താനാവശ്യപ്പെട്ടത്. പിന്നീട് ഫാക്ടറി ഉടമകൾ പഞ്ചായത്തിന് സമ൪പ്പിച്ച ലൈസൻസ് അപേക്ഷയിൽ പഞ്ചായത്തധികൃത൪ തീരുമാനമെടുത്തിരുന്നില്ല. ഇതുസംബന്ധിച്ച് പഞ്ചായത്ത് ബോ൪ഡിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ലൈസൻസ് നിഷേധിക്കാനോ അനുവദിക്കാനോ തയാറാകാതെ തീരുമാനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഫാക്ടറി അധികൃത൪ കോടതിയെ സമീപിച്ചതിൻെറ അടിസ്ഥാനത്തിൽ മൂന്നാഴ്ചക്കകം തീ൪പ്പ് കൽപിക്കണമെന്ന് പഞ്ചായത്തിനോടാവശ്യപ്പെട്ടു. സെപ്റ്റംബ൪ പത്തിനാണ് ഇതുസംബന്ധിച്ച് കോടതി നി൪ദേശം നൽകിയത്. വ്യാഴാഴ്ച ചേ൪ന്ന ബോ൪ഡ് യോഗം  കോടതി നി൪ദേശത്തിൻെറ  അടിസ്ഥാനത്തിൽ ഫാക്ടറിക്ക് താൽക്കാലിക ലൈസൻസ് നൽകാൻ തീരുമാനിക്കുകയായിരുന്നു.     

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.