വഴങ്ങേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്

ന്യൂദൽഹി: യു.പി.എ സ൪ക്കാറിനുള്ള പിന്തുണ തൃണമൂൽ കോൺഗ്രസ് പിൻവലിച്ചതോടെ പ്രതിസന്ധി ച൪ച്ച ചെയ്യാൻ ചേ൪ന്ന കോൺഗ്രസ് കോ൪ കമ്മിറ്റി യോഗം സമാപിച്ചു. രണ്ടു മണിക്കൂ൪ നീണ്ട യോഗത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സൂചന. എന്നാൽ,മമതയുടെ ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചതായി കരുതുന്നു.  ഇക്കാര്യം മമതാ ബാന൪ജിയെ അറിയിച്ചതായും സൂചനയുണ്ട്.
മമത ഉന്നയിച്ച ആവശ്യങ്ങളിൽ പാചക വാതക സിലിണ്ടറിൻ മേലുള്ള നിയന്ത്രണം നീക്കം ചെയ്യുന്ന കാര്യം ച൪ച്ച ചെയ്തിരുന്നു. എന്നാൽ, ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിൽ ഇളവ് വേണ്ടെന്നതിൽ ഉറച്ചു നിൽക്കാനാണ് തീരുമാനമെന്ന് അറിയുന്നു.
വൈകുന്നേരം വീണ്ടും കോ൪ കമ്മിറ്റി ചേരും. മമതയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേ൪ന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിരോധ മന്ത്രി എ.കെ ആൻറണി തുടങ്ങിയവ൪ സംബന്ധിച്ചിരുന്നു.

ഡീസൽ വിലവ൪ധന, സബ്സിഡിയുള്ള പാചകവാതക സിലിണ്ട൪ പരിമിതപ്പെടുത്തിയത്, ബഹുബ്രാൻഡ് ചില്ലറ വ്യാപാരത്തിൽ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ച തീരുമാനം എന്നിവയിൽ പ്രതിഷേധിച്ചാണ്, കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ സഖ്യകക്ഷിയായ മമതാ ബാന൪ജി യു.പി.എ വിടുന്നത്.

ഒരു കാബിനറ്റ് മന്ത്രിയടക്കം തൃണമൂൽ കോൺഗ്രസിൻെറ ആറു കേന്ദ്രമന്ത്രിമാ൪ വെള്ളിയാഴ്ച രാജിവെക്കും. സഖ്യകക്ഷികളുമായി കൂടിയാലോചന നടത്താതെയും അവരെ അവമതിച്ചും തീരുമാനങ്ങൾ എടുക്കുന്ന കോൺഗ്രസുമായി ഒത്തുപോകാൻ കഴിയില്ലെന്ന് കൊൽക്കത്തയിൽ നടന്ന തൃണമൂൽ നേതൃയോഗത്തിനുശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂടിയായ മമതാ ബാന൪ജി വിശദീകരിച്ചു.


19 എം.പിമാരുള്ള തൃണമൂൽ കോൺഗ്രസിൻെറ പിന്തുണ നഷ്ടപ്പെടുന്നതോടെ യു.പി.എ സ൪ക്കാ൪ ലോക്സഭയിൽ തികച്ചും ന്യൂനപക്ഷമായി. എന്നാൽ സമാജ്വാദി പാ൪ട്ടി, ബി.എസ്.പി, ലാലുപ്രസാദിൻെറ ആ൪.ജെ.ഡി എന്നിവ പുറംപിന്തുണ നൽകുന്നതു കൊണ്ട് സ൪ക്കാറിൻെറ നിലനിൽപിന് തൽക്കാലം ഭീഷണിയില്ല.  545 അംഗ ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് 273 എം.പിമാരുടെ പിന്തുണ വേണം. 268 പേരാണ് യു.പി.എ പക്ഷത്ത് ഉണ്ടായിരുന്നത്. മമത പിന്തുണ പിൻവലിക്കുന്നതോടെ യു.പി.എയുടെ അംഗബലം 254 ആയി ചുരുങ്ങും.


സമാജ്വാദി പാ൪ട്ടി (22 എം.പിമാ൪), ബി.എസ്.പി (21), ആ൪.ജെ.ഡി (4) എന്നിവ൪ പുറത്തുനിന്ന് പിന്തുണക്കുന്നതുകൊണ്ട് സ൪ക്കാറിന് ഫലത്തിൽ 301 പേരുടെ പിന്തുണയുണ്ട്. എന്നാൽ, ഇനിയങ്ങോട്ട് മുലായംസിങ്ങും മറ്റും കളംമാറ്റിച്ചവിട്ടിയാൽ സ൪ക്കാറിൻെറ നിലനിൽപ് അവതാളത്തിലാകും. യു.പി.എ സ൪ക്കാ൪ ആറു മാസത്തിനകം ഇല്ലാതാകുമെന്നാണ് മമതാ ബാന൪ജി ചൊവ്വാഴ്ച നൽകിയ മുന്നറിയിപ്പ്.
 മമത പരിധിവിട്ട് പോവില്ലെന്നും, ഏറിയാൽ മന്ത്രിമാരെ പിൻവലിച്ച് സ൪ക്കാറിനെ പുറത്തുനിന്ന് പിന്തുണക്കാൻ തീരുമാനിക്കുമെന്നുമുള്ള കോൺഗ്രസിൻെറ കണക്കുകൂട്ടൽ തെറ്റിച്ചാണ് തൃണമൂൽ കോൺഗ്രസ് യു.പി.എ ബന്ധം അവസാനിപ്പിക്കുന്നത്. അതേസമയം, മന്ത്രിമാ൪ രാജിവെക്കുന്നതിന് മൂന്നു ദിവസത്തെ സാവകാശമെടുക്കുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന വിലയിരുത്തലുകളുണ്ട്.
സ൪ക്കാ൪ വിട്ടുവീഴ്ചകൾക്ക് തയാറായാൽ തീരുമാനം തിരുത്താൻ പഴുതിടുന്നതാണ് ഈ സാവകാശം. മമതയുമായി സംസാരിക്കാൻ തയാറാവുമെന്ന്, തൃണമൂൽ തീരുമാനം പ്രഖ്യാപിച്ചശേഷം കോൺഗ്രസ് ജനറൽ സെക്രട്ടറി ജനാ൪ദൻ ദ്വിവേദി മാധ്യമപ്രവ൪ത്തകരെ അറിയിച്ചു.
 ഒരു കാബിനറ്റ് മന്ത്രിയും അഞ്ചു സഹമന്ത്രിമാരുമാണ് തൃണമൂൽ കോൺഗ്രസിനുള്ളത്. റെയിൽവേ വകുപ്പ് കൈകാര്യം ചെയ്യുന്ന മുകുൾറോയിയാണ് കാബിനറ്റ് മന്ത്രി. സുഗത റോയ് (നഗരവികസനം), സുദീപ് ബന്ദോപാധ്യായ (ആരോഗ്യം), മോഹൻ ജാതുവ (വാ൪ത്താവിതരണം), സുൽത്താൻ അഹ്മദ് (ടൂറിസം), ശിശി൪കുമാ൪ അധികാരി (ഗ്രാമവികസനം) എന്നിവരാണ് സഹമന്ത്രിമാ൪. രണ്ടാം യു.പി.എ സ൪ക്കാ൪ മുതലാണ് കോൺഗ്രസ്-തൃണമൂൽ ബന്ധം രൂപപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.