എന്‍ഡോസള്‍ഫാന്‍ പട്ടിക: വിജിലന്‍സ് അന്വേഷണ ആവശ്യം രാഷ്ട്രീയം -പി. കരുണാകരന്‍

കാസ൪കോട്: എൻഡോസൾഫാൻ ഇരകളുടെ പട്ടികയിൽ അന൪ഹ൪ ഉള്ളത് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം രാഷ്ട്രീയമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരൻ എം.പി പറഞ്ഞു. എൻഡോസൾഫാൻ പട്ടിക അട്ടിമറിക്കുന്നതിനെതിരെ എൽ.ഡി.എഫ് നടത്തിയ കലക്ടറേറ്റ് മാ൪ച്ചിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പട്ടിക ഉണ്ടാക്കിയത് ജില്ലാ പഞ്ചായത്തോ എൻഡോസൾഫാൻ സെല്ലോ അല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗബാധിതമായി പ്രഖ്യാപിച്ച 11 പഞ്ചായത്തുകളിൽ ഭൂരിഭാഗവും യു.ഡി.എഫും ബി.ജെ.പിയുമാണ് ഭരിക്കുന്നത്. വിദഗ്ധ ഡോക്ട൪ തയാറാക്കിയ പട്ടിക അനുസരിച്ച് കാര്യങ്ങൾ ഏകോപിക്കുക മാത്രമാണ് ജില്ലാ പഞ്ചായത്ത് ചെയ്യുന്നത്. പട്ടികയിൽ അന൪ഹരുണ്ടെന്ന് പറയുമ്പോൾ സ്വന്തം പഞ്ചായത്തിലെ ഇരകളെ അവഗണിക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്.
ഇരകൾക്കുള്ള ധനസഹായം അഞ്ച് വ൪ഷത്തിനുശേഷം അവസാനിപ്പിക്കാൻ തീരുമാനമെടുത്തത് ഈ സ൪ക്കാറാണ്. ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് നടത്തിയ കോൺകോ൪ഡ് സെമിനാറിനെതിരെ വിമ൪ശമുന്നയിച്ചതും എം.പി പരാമ൪ശിച്ചു.
സുനിതാ നാരായൻ വിമാന ടിക്കറ്റോ യാത്രാചെലവോ വാങ്ങാതെയാണ് കാസ൪കോട് വന്ന് സെമിനാറിൽ പങ്കെടുത്തത്. അവ൪ ഇവിടെ വന്ന് പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചതെന്ന് പറയുന്നവ൪ക്ക് എൻഡോസൾഫാൻ ലോബിയുടെ ശബ്ദമാണ്. സെമിനാറിനെ ഭയപ്പെട്ടത് എൻഡോസൾഫാൻ ഉൽപാദന കമ്പനികളാണ്. ദൽഹിയിൽ കേന്ദ്രമന്ത്രിമാരായ ശരദ്പവാറും കെ.വി. തോമസും പങ്കെടുത്ത സെമിനാ൪ മുഴുവൻ സ്പോൺസ൪ ചെയ്തത് കമ്പനികളായിരുന്നെന്നും പി. കരുണാകരൻ ആരോപിച്ചു.
ധ൪ണഎൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂ൪ എം.എൽ.എ കെ. കുഞ്ഞിരാമൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗം എം. രാജഗോപാൽ, എ.കെ. നാരായണൻ, ഇ. കൃഷ്ണൻ, എം. അനന്തൻ നമ്പ്യാ൪, ഹാജി എ.എം മൊഗ്രാൽ, പി.എ. നായ൪, കരിവെള്ളൂ൪ വിജയൻ, എം.വി കോമൻ നമ്പ്യാ൪, അഡ്വ. പി.അപ്പുകുട്ടൻ എന്നിവ൪ സംസാരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.