ആഗോള സസ്യശാസ്ത്ര സമ്മേളനത്തിന് സമാപനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലാ ബൊട്ടാണിക്കൽ ഗാ൪ഡനിലെ ഹരിതസമൃദ്ധിയും ജൈവവൈവിധ്യവും ലോകത്തിൻെറ നാനാഭാഗത്തുനിന്നെത്തിയ സസ്യശാസ്ത്രജ്ഞരെ അതിശയിപ്പിച്ചു.  മഞ്ഞുപാളികൾ നിറയുകയും ഇലകൾ പൊഴിയുകയും ചെയ്യുന്ന കാലാവസ്ഥയുടെ നാട്ടിൽനിന്നെത്തിയവ൪,  കേരളത്തിലെ ഏറ്റവും അനുകൂലമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ ശ്രദ്ധാപൂ൪വം വള൪ത്തിയെടുക്കുന്ന സസ്യജാലങ്ങളെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ബൊട്ടാണിക്കൽ ഗാ൪ഡൻ പരിപാലിക്കുന്ന ഗാ൪ഡന൪മാരെ സമ്മേളന പ്രതിനിധികൾ അഭിനന്ദിച്ചു.
ഗാ൪ഡനിലെ ഇഞ്ചിവ൪ഗ വിഭാഗത്തിൽ പ്രവ൪ത്തിക്കുന്ന വാസുദേവന് സമാപനചടങ്ങിൽ പുരസ്കാരം നൽകി.
    സമ്മേളനത്തിൽ ബുധനാഴ്ച വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേരളത്തിൻെറ സ്വന്തം വിളയായ തെങ്ങിന് ഇടവിളയായി വള൪ത്തിയെടുക്കാവുന്ന  ഇഞ്ചിവ൪ഗങ്ങളെക്കുറിച്ച് തമിഴ്നാട് അഗ്രിക്കൾച൪ സ൪വകലാശാല ഗവേഷണ വിഭാഗം  ശാസ്ത്രജ്ഞൻ എസ്. സുബ്രഹ്മണ്യൻ  വിവരിച്ചു. വരദ, കേരള, മലയിഞ്ചി, മാറാൻ, ഇടുക്കി-1, ഇടുക്കി-2, ഇടുക്കി-3 തുടങ്ങിയ ഇനങ്ങൾ ഉപയോഗിച്ചായിരുന്നു ഗവേഷണം. ഇതിൽ ഇടുക്കി-2 എന്ന ഇനം ക൪ഷക൪ക്ക് കൂടുതൽ ഗുണകരമാകുമെന്നാണ് ഗവേഷണ ഫലം.
ഐ.ഐ.എസ്.ആ൪ ആലപ്പി  എന്ന ഇനം മഞ്ഞൾചെടി  മികച്ച വിളവ് തരുന്നതായി  തമിഴ്നാട് കാ൪ഷിക സ൪വകലാശാലയിലെ ഡോ. ഷാരോൺ അരവിന്ദും മറ്റ് മൂന്ന് ശാസ്ത്രകാരന്മാരും നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇഞ്ചി വ൪ഗച്ചെടികളിൽ വാട്ടരോഗത്തിന് കാരണമാകുന്ന റാൻസ്റ്റോണിയൻ എന്ന ബാക്ടീരിയയെ  പ്രതിരോധിക്കാൻ ശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുക്കേണ്ടതിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു കാലിക്കറ്റ് സ൪വകലാശാലയിലെ ബയോടെക്നോളജി ഡിവിഷനിൽ എൻസൈം ടെക്നോളജി ലബോറട്ടറിയിൽ ഡോ. എസ്. ശ്രീദേവി നടത്തിയ ഗവേഷണം.
സമാപന ചടങ്ങിൽ അമേരിക്കൻ സസ്യശാസ്ത്രകാരൻ ഡോ. ജോൺ ക്രസ് അധ്യക്ഷനായിരുന്നു.  മികച്ച പോസ്റ്ററിനുള്ള പുരസ്കാരങ്ങൾ ജാനലിയോണൻ സപോ൪ണിക്കോവ സമ്മാനിച്ചു. പ്രഫ. കെ.എം. ജയറാം സ്വാഗതവും ബോട്ടണി വകുപ്പ് മേധാവി ഡോ. എം സാബു നന്ദിയും പറഞ്ഞു.  സമ്മേളന പ്രതിനിധികൾ വ്യാഴാഴ്ച വയനാട്ടിലെ വിവിധ ജൈവവൈവിധ്യ കേന്ദ്രങ്ങളിലേക്ക് പഠന പര്യടനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.