ഓട്ടിസം: പരിഹാരം മരുന്നല്ല, വേണ്ടത് സ്നേഹവും സൗഹൃദവും

കൊല്ലം: ഓട്ടിസം ബാധിച്ച കുട്ടികളെ ചികിത്സയെന്ന പേരിൽ മരുന്നുകൊടുത്ത് തള൪ത്തുന്ന പ്രവണത തെറ്റാണെന്ന് ഡോ. അബൂബക്ക൪. എസ്.എസ്.എയുടെ ആഭിമുഖ്യത്തിൽ ഓട്ടിസം ബാധിച്ച കുട്ടികളുമായി ഇടപഴകേണ്ട  രീതികളെ സംബന്ധിച്ച് രക്ഷാക൪ത്താക്കൾക്കായി ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന  പരിശീലനപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യാഗിക ചടങ്ങുകളൊന്നുമില്ലാതെ വളരെ ലളിതമായാണ് സംഘടിപ്പിച്ചത്. ഓട്ടിസത്തെക്കുറിച്ച്   തെറ്റായ ധാരണകളാണ് സമൂഹത്തിനുള്ളതെന്ന് ഡോ. അബൂബക്ക൪ പറഞ്ഞു. ഓട്ടിസം മാനസിക തകരാറാണെ ന്ന തരത്തിലുള്ള വിലയിരുത്തൽ ശരിയല്ല.  അത് തലച്ചോറിൻെറ ചില വ്യത്യസ്തകൾ മൂലമുണ്ടാകുന്നതാണ്. ‘ഓട്ടിസം സ്പെക്ട്രം ഡിസോഡ൪’  എന്നാണ് ഈ അവസ്ഥ നേരത്തെ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇത് മാനസിക തകരാറല്ലെന്ന വൈദ്യശാസ്ത്ര വിലയിരുത്തലിൻെറ അടിസ്ഥാനത്തിൽ  ‘ഓട്ടിസം സ്പെക്ട്രം കണ്ടീഷൻ എന്നാണ് ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കി ആരോഗ്യകരമായ സാഹചര്യത്തിൽ അവരെ വള൪ത്തിയെടുക്കുകയുമാണ് വേണ്ടത്. ദൗ൪ഭാഗ്യവശാൽ ഇന്ന് നടക്കുന്നത് നേരെ തിരിച്ചാണ്. കുട്ടി സംസാരിച്ചില്ലെങ്കിൽ നേരെ സ്പീച് തെറാപ്പിസ്റ്റിനെ സമീപിക്കും. വികൃതിയോ ബഹളമോ കാട്ടുകയാണെങ്കിൽ ഡോക്ടറെ കാണിക്കും. കുട്ടികൾ അടങ്ങിക്കിടക്കുന്നതിനും ബഹളമുണ്ടാക്കാതിരിക്കുന്നതിനും  ഗുളിക നൽകുന്ന ഡോക്ട൪മാ൪ വരെയുണ്ട്. ഇത്തരം മരുന്നുകൾ കുട്ടികളുടെ തലച്ചോറിൻെറ പ്രവ൪ത്തനത്തെയാണ് ബാധിക്കുന്നത്. ആഹാര നിയന്ത്രണമൊന്നും ഇതിനൊരു പരിഹാരമല്ല. ഓട്ടിസം ബാധിച്ച കുട്ടികളിൽ അധികവും എന്തെങ്കിലും തരത്തിലുള്ള അസാധാരണ കഴിവുകളുള്ളവരാണ്. വരയ്ക്കുന്നവ൪, അപാരമായ ഓ൪മശക്തിയുള്ളവ൪, ഗണിതവിദ്യകളിൽ അഗ്രഗണ്യ൪ തുടങ്ങി നിരവധി കഴിവുകൾ ഇവ൪ക്കുണ്ടാകാം. ഇവയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും കഴിയണം.
 രക്ഷാക൪ത്താക്കളെ ബോധവത്കരിക്കാനായാൽ ഇത്തരം കുട്ടികളുടെ അമ്പത് ശതമാനം പ്രശ്നവും പരിഹരിക്കാം.ഓട്ടിസം ബാധിച്ച കുട്ടികൾ ജനറൽ സ്കൂളുകളിൽ വന്ന് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ  ജനറൽ അധ്യാപക൪ക്കും  മതിയായ പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളും രക്ഷാക൪ത്താക്കളുമുൾപ്പെടെ നൂറോളം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. ശനി, ഞായ൪ ദിവസങ്ങളിലായി പത്ത് ദിവസമാണ് ക്യാമ്പ് നടക്കുന്നത്.  സെപ്റ്റംബ൪ എട്ടിന് ആരംഭിച്ച ക്യാമ്പ്  ഒക്ടോബ൪ ഏഴിന് സമാപിക്കും. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസ൪ ശോഭിത, ദീപ്തി എസ്.ആനന്ദ്, ആനി  എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.